by Midhun HP News | Apr 11, 2023 | Latest News, ജില്ലാ വാർത്ത
തൃശ്ശൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അന്ത്യം സംഭവിച്ചത്. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അദ്ഭുതവാനരന്മാര്‍, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കല്‍ക്കൂടി, കമാന്‍ഡര്‍ ഗോപി, മാന്ത്രികപ്പൂച്ച തുടങ്ങി ഇരുപതോളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ്.
ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളില്‍ 36 വര്‍ഷം അധ്യാപകനായിരുന്നു. 1949-ല്‍ ദീനബന്ധു പത്രത്തില്‍ കഥയെഴുതിയാണ് അദ്ദേഹം സാഹിത്യരംഗത്തേക്കെത്തുന്നത്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ ഓണററി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
by Midhun HP News | Apr 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് എടുത്തത് കേഴിക്കോട്ടേക്ക്. സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ട്രെയിനില്‍ എത്തിയ ഷാറൂഖ് എന്നാല്‍ ഷൊര്‍ണൂരാണ് ഇറങ്ങിയത്. എന്നാല്‍ ഇറങ്ങിയ സ്ഥലം അറിയില്ലെന്നാണ് ഷാറൂഖ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഷാറൂഖിന്റെ നീക്കമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഷൊര്‍ണൂര്‍ പുലര്‍ച്ചെ 4.45 നാണ് ഷൊര്‍ണൂരില്‍ ഇറങ്ങുന്നത്. തീവെപ്പുണ്ടായ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത് വൈകീട്ട് 7. 19 നാണ്.
ഇതിനിടെയുള്ള സമയങ്ങളില്‍ ഷാറൂഖ് എവിടെയായിരുന്നു, ആരൊക്കെയായി കൂടിക്കാഴ്ച നടത്തി, എവിടെയെല്ലാം പോയി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഷൊര്‍ണൂരിന്റെ സമീപപ്രദേശത്ത് ചില സ്ഥലങ്ങളില്‍ ഷാറൂഖ് സെയ്ഫി പോയിട്ടുണ്ടെന്നും, ചിലരെ കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രെയിനിലെ തീവെപ്പിന് പ്രതിക്ക് പുറത്തു നിന്നും സഹായം ലഭിച്ചു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഷാറൂഖിന്റെ ബാഗില്‍ കണ്ടെത്തിയ ടിഫിന്‍ ബോക്‌സിലെ ഭക്ഷണം ഡല്‍ഹിയില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഭക്ഷണം അത്രയ്ക്ക് പഴകിയതല്ലെന്ന് പൊലീസ് കണ്ടെത്തി. അതുപോലെ, ട്രെയിനില്‍ തീവെച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളല്ല, പിടിയിലാകുമ്പോള്‍ ഷാറൂഖ് ധരിച്ചിരുന്നത്.
ആക്രമണം നടന്ന രാത്രി പ്രതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് പാളത്തില്‍ നഷ്ടപ്പെട്ട ശേഷവും കണ്ണൂരിലെത്തിയപ്പോള്‍ മാറിധരിക്കാന്‍ ഷര്‍ട്ട് ലഭിച്ചത് എങ്ങനെയെന്നും അന്വേഷിക്കുന്നു. ചോദ്യം ചെയ്യലില്‍ തീവെപ്പ് താന്‍ ഒറ്റയ്ക്ക് നടത്തിയതാണെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഷാറൂഖ് ചെയ്യുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതി ഷാറുഖ് സെയ്ഫി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.
ട്രെയിനിലെ ഡി1 കോച്ചില്‍ തീവെപ്പ് ഉണ്ടായ സമയത്ത് സമീപത്തെ 5 കോച്ചുകളിലെ അപായച്ചങ്ങല വലിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റ് എത്തി 5 കോച്ചുകളിലെയും അപായച്ചങ്ങല ശരിയാക്കിയ ശേഷമാണു യാത്ര പുനരാരംഭിച്ചത്. തീവെപ്പുണ്ടായപ്പോള്‍ ഭയന്ന യാത്രക്കാര്‍ മറ്റു കോച്ചുകളിലേക്ക് ഓടിയിരുന്നു. ഇവരാകാം അപായച്ചങ്ങല വലിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം രക്ഷപ്പെടാന്‍ ഷാറൂഖിന്റെ കൂട്ടാളികളാണോ ഇതു ചെയ്തതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഡി1 കോച്ച് കോരപ്പുഴ പാലത്തിനു മുകളിലായിരുന്നു.
by Midhun HP News | Apr 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എന്ന് പേരിട്ട് ഉത്തരവിറക്കി. വിഴിഞ്ഞം തുറമുഖത്തിന് ലോഗോ തയ്യാറാക്കാനും അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ജനുവരിയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരും അദാനി ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ വിഴിഞ്ഞം തുറമുഖം ബ്രാന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തുറമുഖത്തിന് പേരിട്ടത്.

തുറമുഖം ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി വിവിധ ഫോറങ്ങളില്‍ പുതിയ പേരായിരിക്കും ഉപയോഗിക്കുക. ഇതിന് പുറമേ വിഴിഞ്ഞം തുറമുഖത്തിന് ലോഗോ തയ്യാറാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. അദാനി ഗ്രൂപ്പിന്റെ കൂടി താത്പര്യം പരിഗണിച്ചായിരിക്കും ലോഗോ നിശ്ചയിക്കുക. പദ്ധതി പ്രദേശത്തും ലെറ്റര്‍ ഹെഡിലും പ്രദര്‍ശിപ്പിക്കുന്ന വിധമായിരിക്കും ലോഗോ.
by Midhun HP News | Apr 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചിക്ത്‌സയിലുള്ളവരുടെ എണ്ണം 35,199 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമാണ് മോക്ഡ്രില്‍. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവിഡ് തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം.

കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകളും ജനിതകശ്രേണീകരണവും വര്‍ധിപ്പിക്കണം. സംസ്ഥാനങ്ങളില്‍ ഏതുവകഭേദമാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ ഗര്‍ഭിണികള്‍, അറുപത് വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഹരിയാനയിലും പുതുച്ചേരിയിലും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഉത്തര്‍പ്രദേശില്‍ വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സ്‌ക്രീനിങ് ആരംഭിച്ചു.
by Midhun HP News | Apr 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
യുഎഇയുടെ 1000 ദിർഹത്തിന്റെ പുതിയ നോട്ട് ഇന്ന് മുതൽ നിലവിൽ വരും. ശാസ്ത്രരംഗത്ത് അടക്കം യുഎഇ കൈവരിച്ച നേട്ടങ്ങൾ സൂചിപ്പിക്കുന്ന ചിത്രങ്ങളോടെയാണ് നോട്ടുകൾ പുറത്തിറക്കിയത്. പോളിമർ മെറ്റീരിയലുകൊണ്ടാണ് പുതിയ നോട്ട് നിർമിച്ചിരിക്കുന്നത്. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിനൊപ്പം ആണവോർജ നിലയവും ബഹിരാകാശ ഗവേഷണവും ഉൾപ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങളാണ് ഇത്തരത്തിൽ നോട്ടിൽ ഇടം പിടിച്ചിരിക്കുന്നത്.
അന്തരിച്ച സുൽത്താൻ അൽ നഹ്യാന്റെ ചിത്രവും പുതിയ ആയിരം ദിർഹത്തിന്റെ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്. കാഴ്ച്ച പരിമിതർക്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന വിധം ബ്രെയിൻ ലിപി നോട്ടിൽ ചേർത്തിട്ടുണ്ട്. ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും പുതിയ നോട്ടുകൾ നാളെ മുതൽ ലഭ്യമായി തുടങ്ങും. യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് പുതിയ നോട്ടുകൾ രാജ്യം പുറത്തിറക്കിയത്.
by Midhun HP News | Apr 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ പിടിയിൽ. തഴുത്തല സ്വദേശി ഷിജാസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് എട്ടംഗ സംഘം കശുവണ്ടി ഫാക്ടറിയിൽ ആക്രമണം നടത്തിയത്.
അയത്തിൽ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്എൻ കാഷ്യു ഫാക്ടറിയിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
മദ്യപിച്ചെത്തിയ എട്ടുപേർ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടിപ്പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മേശകളും ജനാലകളും സിസിടിവി ക്യാമറകളും അടിച്ചു തകർത്തു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഫാക്ടറിയിലുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസും പ്രതികളുമായും തര്‍ക്കമുണ്ടായി.
പ്രദേശത്തുള്ള ചിലർ ഏറെനാളായി കശുവണ്ടി ഫാക്ടറി തൊഴിലാളികളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതു പതിവാണെന്നാണ് സ്ഥാപന ഉടമ പറയുന്നത്. സംഭവത്തിന് പിന്നാലെ അക്രമികൾ പൊലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. എട്ടംഗ സംഘത്തിൽപ്പെട്ട തഴുത്തല സ്വദേശി ഷിജാസിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുളളവര്‍ക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Recent Comments