by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ കുറവ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2994 പോസിറ്റീവ് കേസുകളാണ്. 16354 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 1840 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി ആശുപത്രി വിട്ടു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.09 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.


by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിലെ സ്കൂൾ തല പഠനോത്സവം 2023 നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠനനേട്ടങ്ങളുടെ പ്രദർശനം, പഠന മികവുകൾ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച പ്രാദേശിക ഭാഷാ നിഘണ്ടുവിന്റെ പ്രകാശനവും നടന്നു. പി.റ്റി.എ. അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷണവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ നല്‍കിയ സാവകാശം ഇന്നലെത്തോടെ തീരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു.
കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ കര്‍ശന പരിശോധന തുടരും. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.
പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരുന്നു. പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും. ഈ പോര്‍ട്ടല്‍ വഴി ഇതു വരെ 108 പരാതികളാണ് ലഭ്യമായത്. ഇതില്‍ 30 പരാതികളില്‍ നടപടിയെടുത്തിട്ടുണ്ട്.


by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻറെ വില കുറച്ചു. 90 രൂപയാണ് കുറച്ചത്. ഇതോടെ ഒരു വാണിജ്യ സിലിണ്ടറിൻറെ വില 2034 രൂപ 50 പൈസ ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടർ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 2023-24 സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ വില കുറച്ചിരിക്കുന്നത്. എല്ലാം മാസവും ഒന്നാം തിയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികൾ പുനഃപരിശോധിക്കാറുണ്ട്.


by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈക്ക് തോൽവിയോടെ തുടക്കം. ചെന്നൈയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് നേടിയത്. നാല് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയ 178 റണ്ണുകൾ ഗുജറാത്ത് ടൈറ്റൻസ് മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ചു രാഹുൽ തെവാട്ടിയായും റാഷിദ് ഖാനുമാണ് ഗുജറാത്തിനെ വിജയതീരത്ത് എത്തിച്ചത്. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും വൃദ്ധിമാൻ സാഹയും തിളങ്ങിയതാണ് ഗുജറാത്തിനെ സഹായിച്ചത്.

ഐപിഎല്ലിൽ ഇതുവരെ ചെസ് ചെയ്ത പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയം ഗുജറാത്ത് നേടിയിട്ടുണ്ട്. നിർണായക വിക്കറ്റുകൾ എടുക്കുകയും രണ്ട് ബൗണ്ടറികൾ നേടി ടീമിന്റെ വിജയത്തിന് നിർണായക പങ്കു വഹിച്ച റാഷിദ് ഖാനാണ് മത്സരത്തിലെ മികച്ച താരം. അവസാന ഓവറുകളിൽ വമ്പനടികൾക്ക് പേരുകേട്ട റാഷിദ് ഖാനും രാഹുൽ തെവാട്ടിയായും കൂറ്റനടികളുമായി മുന്നേറി. അവസാന രണ്ടു ഓവറുകളിൽ ഇരുവരും ചേർന്ന് അടിച്ചെടുത്ത 26 റണ്ണുകൾ. അവസാന ഓവറിൽ രണ്ടു പന്തുകൾ തുടർച്ചയായി ബൗണ്ടറി കടത്തിയാണ് തെവാട്ടിയ നിലവിലെ ജേതാക്കളെ വിജയത്തിൽ എത്തിച്ചത്.

36 പന്തുകളിൽ നിന്ന് 63 റണ്ണുകൾ നേടിയ ശുഭ്മൻ ഗിൽ ടീമിന്റെ റൺ നിരക്ക് ഉയർത്തുന്നതിന് വലിയ സംഭാവനയാണ് നൽകിയത്. എന്നാൽ, കൂറ്റനടികൾക്ക് പേരെടുത്ത ഹർദിക് പാണ്ട്യ എട്ടു റണ്ണുകൾക്കപ്പുറം വീണത് ഗുജറാത്തിനെ തലവേദയാക്കിയിരുന്നു.കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാരാണ് ചെന്നൈ സ്‌കോര്‍ 178ല്‍ ഒതുക്കിയത്. കൃത്യമായി പ്രതിരോധിച്ചിരുന്നെകിൽ വിജയിക്കാൻ സാധിക്കുമായിരുന്ന മത്സരമാണ് ചെന്നൈ കൈവിട്ടു കളഞ്ഞത്. മൂന്ന് വിക്കറ്റുകൾ എടുത്ത് രാജ്വർദ്ധൻ ഹൻഗർഗേക്കർ ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റുള്ള ബോളർമാർ തിളങ്ങാതിരുന്നത് ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി. ശക്തമായ ബാറ്റിംഗ് നിരയുണ്ടായിട്ടും പ്രതിരോധിക്കാൻ സാധിക്കാതെ ബോളിങ് ടീം പ്രതിസന്ധിയിലായത് ചെന്നൈ ടീം പരിശോധിക്കേണ്ടി വരും.
by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വർക്കലയിൽ വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന് പണയം വച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വർക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് വർക്കല പോലീസിന്റെ പിടിയിലായത്. 80000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോൾഡ് ഫാഷനിലുള്ള 14.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വർണ്ണ മോതിരവും 16 ഗ്രാമ തൂക്കം വരുന്ന 2 വളകളുമാണ് മോഷ്ടിച്ചത്
പല തവണകളായി വീട്ടുകാർക്ക് സംശയം തോന്നാത്ത തരത്തിലാണ് ആണ് മോഷണം നടത്തിയത്. 11 വർഷമായി സുനിൽകുമാറിന്റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്ഥയായിരുന്നു. സുനിൽകുമാറിന്റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന വള കുളിക്കാൻ പോകുമ്പോഴും ഉറങ്ങുമ്പോഴും ഊരി വയ്ക്കുക പതിവായിരുന്നു. താനുപയോഗിക്കുന്ന വള മുക്കുപണ്ടം ആണെന്ന് സംശയം തോന്നിയ വീട്ടുകാരി, സരിതയെ വിളിച്ചു വരുത്തി ഇതേപ്പറ്റി ചോദിച്ചു.

എന്നാൽ പരസ്പര വിരുദ്ധമായാണ് സരിത മറുപടി നൽകിയത്. ഇതിൽ സംശയം തോന്നിയ സുനിൽകുമാർ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. സുനിൽകുമാറിന്റെ ഭാര്യയും മകളും ധരിക്കുന്ന സ്വർണ്ണത്തിന്റെ അതേ മോഡലിൽ ഉള്ള മുക്കുപണ്ടങ്ങൾ സംഘടിപ്പിച്ച ശേഷം യഥാർത്ഥ സ്വർണ്ണം മോഷ്ടിക്കുകയാണ് സരിത ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വള മാത്രമാണ് മോഷണം നടത്തിയത് എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബാങ്കിൽ അന്വേഷിക്കുമ്പോഴാണ് ലക്ഷങ്ങൾ വിലമതിപ്പുള്ള സ്വർണ്ണം പണയം വച്ചിരിക്കുന്നത് പോലീസ് കണ്ടെത്തുന്നത്. മോഷ്ടിച്ച സ്വർണ്ണം സ്വകാര്യ ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു. സരിതയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.30 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Recent Comments