‘നവകേരളത്തിന്റെ സൃഷ്ടിയിൽ സിവിൽ സർവ്വീസ് വഹിച്ച പങ്ക് മാതൃകാപരം’; അഡ്വ. ജി.ആർ. അനിൽ

‘നവകേരളത്തിന്റെ സൃഷ്ടിയിൽ സിവിൽ സർവ്വീസ് വഹിച്ച പങ്ക് മാതൃകാപരം’; അഡ്വ. ജി.ആർ. അനിൽ

“നവകേരളത്തിന്റെ സൃഷ്ടിയിൽ സിവിൽ സർവ്വീസ് വഹിച്ച പങ്ക് മാതൃകാപരം” — അഡ്വ. ജി.ആർ. അനിൽ. രാജ്യത്തിന് തന്നെ മാതൃകയായി വികസന രംഗത്ത് കേരളത്തിന് മുന്നോട്ടുപോകാൻ കഴിഞ്ഞത് ശക്തമായ സിവിൽ സർവ്വീസിന്റെ പിൻബലത്തിലാണന്നും നവകേരളത്തിന്റെ സൃഷ്ടിയിൽ സിവിൽ സർവ്വീസ് വഹിച്ച പങ്ക് മാതൃകാപരമാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ അഭിപ്രായപ്പെട്ടു.

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആറ്റിങ്ങൽ ജി.എൽ സുമേഷ് നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളികൾ നേരിടുന്ന ഈ സന്ദർഭത്തിൽ ജനാധിപത്യ അവകാശങ്ങളും, പണിമുടക്കാനും പ്രതിഷേധിക്കാനും ഉള്ള അവകാശങ്ങളും സംരക്ഷിക്കാൻ കൂടുതൽ കരുത്താർന്ന പോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി. സന്തോഷ് സ്വാഗതം പറഞ്ഞു.

ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. എസ് സന്തോഷ് കുമാർ, ട്രഷറർ കെ.പി ഗോപകുമാർ, സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ മധു, വി.ബാലകൃഷ്ണൻ, യു.സിന്ധു, ടി.വേണു, ബീനാഭദ്രൻ, നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആർ.സരിത, ആർ. എസ്.സജീവ് എന്നിവർ സംസാരിച്ചു. നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ റ്റി.അജികുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്ക്കാരം നേടിയ ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ഭാമിദത്തിനെയും, ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയിയായ മനോജിനെയും ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ജോയിന്റ് കൗൺസിലിന്റെ “വിശക്കരുതാർക്കും സാന്ത്വന സ്പർശം” പരിപാടിയുടെ ഭാഗമായുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണത്തിനായി നോർത്ത് ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ. പി ഗോപകുമാറിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രനാഥ് കൈമാറി. മേഖലാ സെക്രട്ടറി ദീപക് നായർ നന്ദി പറഞ്ഞു.

നാളത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

നാളത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചർച്ചയെത്തുടർന്നാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പിൻവലിച്ചത്. കേന്ദ്ര റീജണൽ ലേബർ കമ്മിഷണർ വിളിച്ചുചേർത്ത ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ അറിയിച്ചു.

കലക്ടറുടെ കാറിനു വട്ടം വച്ചു; കാർ ഡ്രൈവർക്ക് ലൈസൻസ് വിലക്ക്

കലക്ടറുടെ കാറിനു വട്ടം വച്ചു; കാർ ഡ്രൈവർക്ക് ലൈസൻസ് വിലക്ക്

കൊച്ചി: കലക്ടർ എൻ എസ് കെ ഉമേഷിന്റെ ഔദ്യോ​ഗിക കാറിനു വട്ടം വച്ച് വഴി മുടക്കിയ സ്വകാര്യ കാറിന്റെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പടമുകൾ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസൻസ് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റ് സി​ഗ്നൽ ജം​​ഗ്ഷന് സമീപമാണ് കലക്ടറുടെ കാറിന് റമീസ് മനഃപൂർവം തടസ്സം സൃഷ്ടിച്ചത്. റമീസ് അമിത വേ​ഗത്തിലും തെറ്റായ ദിശയിലും ആയിരുന്നെന്നും കണ്ടെത്തി. കലക്ടറേറ്റിൽ നിന്ന് അറിയിച്ചതനുസരിച്ച് ആർടിഒ ജി. അനന്തകൃഷ്ണൻ നോട്ടീസ് നൽകി റമീസിനെ വിളിച്ചുവരുത്തി. കുറ്റം സമ്മതിച്ച് മാപ്പപേക്ഷ നൽകിയതിനാൽ ലൈസൻസിന്റെ സ്പെൻഷൻ കാലാവധി കുറച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നച്ഛന് വിട ചൊല്ലി കലാകേരളം

മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നച്ഛന് വിട ചൊല്ലി കലാകേരളം

മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നസെന്റിന് വിട ചൊല്ലി കലാകേരളം. സംസ്കാരം വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കല്ലറയിലേക്ക് കൊണ്ട് പോയത്. സിനിമാ, രാഷ്ട്രീയ സാംസ്കാരിക ലോകത്തെ പ്രമുഖരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും വീട്ടിലുമെത്തി ആയിരക്കണക്കിനാളുകളാണ് പ്രിയപ്പെട്ട ഇന്നച്ഛന് അന്ത്യാഞ്ജലി നേർന്നത്. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാൻ പ്രിയപ്പെട്ടവ‍ർക്ക് സാധിച്ചിട്ടില്ല. പലരും കണ്ണീർ വാർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ലാൽ തുടങ്ങി സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ഇന്നസെന്റിനെ അവസാനമായി ഒരു നോക്കു കാണാനെത്തി.

ശബരിമല തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടങ്ങി

ശബരിമല തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടങ്ങി

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കലിലാണ് അപകടം നടന്നത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. ബസിൽ അറുപതോളം ആളുകളുണ്ട്. തമിഴ്നാട് നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. ഇലവുങ്കൽ – എരുമേലി റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ 20ഓളം പേരെ പുറത്തെടുത്തുവെന്നാണ് സ്ഥലത്ത് നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. പരിക്കേറ്റ അയ്യപ്പ ഭക്തരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 62 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പല ഭാഗങ്ങളിൽ നിന്നായി ആംബുലൻസുകളും ഫയർ ഫോഴ്സ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി. ഇലവുങ്കൽ എരുമേലി റോഡിൽ മൂന്നാമത്തെ വളവിൽ വെച്ചാണ് അപകടം നടന്നത്. കുട്ടികളടക്കം തീർത്ഥാടകർ ബസിലുണ്ടായിരുന്നു. ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകട വിവരം പുറത്തേക്ക് അറിയിച്ചത്. ശബരിമല വനത്തിനകത്തെ പ്രദേശമായതിനാൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത ഇടത്താണ് അപകടം നടന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം

തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്.