നവംബർ ഒന്നിനകം റവന്യൂ വകുപ്പിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും: മന്ത്രി കെ രാജൻ

നവംബർ ഒന്നിനകം റവന്യൂ വകുപ്പിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും: മന്ത്രി കെ രാജൻ

ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കാട്ടാക്കട മണ്ഡലത്തിലെ കുളത്തുമ്മൽ, നെടുമങ്ങാട് മണ്ഡലത്തിലെ നെടുമങ്ങാട് എന്നീ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിനകം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ എല്ലാ സേവനങ്ങളും സ്മാർട്ട് ആകും.

എല്ലാ ഓഫീസുകളും ഇ -ഓഫീസ് ആയി കണക്ട് ചെയ്യും. സംസ്ഥാനത്തെ 94 ലക്ഷം വീടുകളിൽ ഓരോ വീട്ടിലും ഒരാളെയെങ്കിലും റവന്യൂ സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് റവന്യൂ ഇ- സാക്ഷരത യജ്ഞം നടപ്പിലാക്കാൻ പോവുകയാണ് സർക്കാർ. ഈ വർഷം മെയിൽ ആരംഭിച്ച് രണ്ടു വർഷത്തിനകം ഇത് പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. കുളത്തുമ്മൽ വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഐബി സതീഷ് എംഎൽഎയും നെടുമങ്ങാട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും അധ്യക്ഷന്മാരായി. ജില്ലാ കളക്ടർ ജെറോമിക് ജോർജ് സ്വാഗതം പറഞ്ഞു.

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി

ഡല്‍ഹി: വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്.
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം. 2024 ഏപ്രില്‍ ഒന്നു വരെയാണ് പുതിയ സമയം. അതേസമയം വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കൊടുംചൂടിൽ പക്ഷികൾക്കും ദാഹജലം; ആര്യ രാജേന്ദ്രൻ

കൊടുംചൂടിൽ പക്ഷികൾക്കും ദാഹജലം; ആര്യ രാജേന്ദ്രൻ

പക്ഷികള്‍ക്ക് വെള്ളം നല്‍കാനായി പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്കും ദാഹജലം നൽകുമെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് മറ്റ് ജീവജാലങ്ങളുടെയും. ഈ വേനൽക്കാലം അവരും സുരക്ഷിതരായിരിക്കട്ടെയെന്നും ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കൊടുംചൂടിൽ പക്ഷികൾക്കും ദാഹജലം…

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്ക് ദാഹജലം നൽകുന്നു. നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് മറ്റ് ജീവജാലങ്ങളുടെയും.
ഈ വേനൽക്കാലം അവരും സുരക്ഷിതരായിരിക്കട്ടെ

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം ഇന്ന്; പരിശീലനം കാണാന്‍ എം എസ് ധോണിയും

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം ഇന്ന്; പരിശീലനം കാണാന്‍ എം എസ് ധോണിയും

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസീസ് പേസാക്രമണത്തില്‍ മുങ്ങി. സി എസ് കെയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനം കാണാന്‍ മുന്‍ നായകന്‍ എം എസ് ധോണിയും ഉണ്ടായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാണ് ധോണി. അദ്ദേഹം ഇന്ത്യയുടെ ഡഗ് ഔട്ടില്‍ ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.സ്പിന്നര്‍മാരെ തുണയ്ക്കുന്ന ചെന്നൈയിലെ ഗ്രൗണ്ടിൽ ബാറ്റര്‍മാരിലേക്ക് ഉറ്റുനോക്കുകയാണ് രോഹിത് ശര്‍മയും സ്റ്റീവ് സ്മിത്തും. ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിൽ പരാജയപ്പെട്ട സൂര്യകുമാര്‍ യാദവിന് രണ്ടുകളിയിലും അക്കൗണ്ട് തുറക്കാനായില്ല. പക്ഷെ ഇന്നത്തെ മത്സരത്തിലും അവസരം നൽകിയേക്കും. ചെന്നൈയില്‍ നടന്ന 22 ഏകദിനത്തില്‍ 13ലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം

ഡൽഹി: ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. രാത്രി 10.17ഓടെയാണ് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിക്ക് പുറമെ ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഒരു മിനിറ്റ് നേരം ഭൂചനം അനുഭവപ്പെട്ടു.
അഫ്​ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം  27, 28 തീയതികളിൽ ആറ്റിങ്ങലിൽ

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം 27, 28 തീയതികളിൽ ആറ്റിങ്ങലിൽ

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം മാർച്ച് 27, 28 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ആറ്റിങ്ങലിൽ നടക്കും. പതാകജാഥ, വിളംബര ജാഥ, പൊതുസമ്മേളനം, ‘സാന്ത്വനം സഹായ’ വിതരണം, മികവ് തെളിയിച്ചവരെ ആദരിക്കൽ, പ്രതിനിധി സമ്മേളനം എന്നിവ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ താലൂക്ക് മുൻ കമ്മിറ്റി അംഗമായിരുന്ന ഒറ്റൂർ ജെ. ഗോപാലകൃഷ്ണൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു ഗോപാൽ ജാഥാ ക്യാപ്റ്റനായുള്ള പതാക ജാഥയും, താലൂക്ക് മുൻ സെക്രട്ടറിയായിരുന്ന എൻ. നീലാംബരന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു ഉദ്ഘാടനം ചെയ്ത നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വൈ.സുൽഫീക്കർ ജാഥാ ക്യാപ്റ്റനായുള്ള വിളംബര ജാഥയും തിങ്കളാഴ്ച വൈകുന്നേരം ആറ്റിങ്ങൽ കച്ചേരി നടയിലെ പൊതുസമ്മേളന നഗരിയിൽ സംഗമിക്കും.

27ന് വൈകുന്നേരം അഞ്ചുമണിക്ക് ഷമീം നഗറിൽ (ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ) നടക്കുന്ന പൊതു സമ്മേളനം പന്ന്യൻ രവീന്ദ്രൻ (മുൻ എം.പി) ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി.എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിക്കും. സാന്ത്വനം സഹായ പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ വലിയകുന്ന് ഗവൺമെന്റ് ആശുപത്രിക്ക് നൽകുന്ന വിവിധ സഹായങ്ങൾ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വിതരണം ചെയ്യും. സിപിഐ ജില്ലാ അസി. സെക്രട്ടറി അരുൺ കെ. എസ്, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ്‌ ഖാൻ, സിപിഐ ആറ്റിങ്ങൽ മണ്ഡലം അസി. സെക്രട്ടറി ഡി.മോഹൻദാസ്, ആറ്റിങ്ങൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, സൗത്ത് ജില്ലാ പ്രസിഡന്റ് എസ്. അജയകുമാർ, നോർത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ ദേവി കൃഷ്ണ.എസ്, ഗിരീഷ് എം.പിള്ള എന്നിവർ സംസാരിക്കും.

പൊതുസമ്മേളനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ പാട്ടത്തിൻകര കലാസാംസ്ക്കാരിക കൂട്ടായ്മ അവതരിപ്പിക്കുന്ന ‘കരോക്കേ ഗാനമേള’യും ശുഭ വയനാടിന്റെ “ഒറ്റപ്പെങ്ങൾ” എന്ന ഏകാങ്ക നാടകവും ഉണ്ടായിരിക്കും. 28 ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് ജി.എൽ സുമേഷ് നഗറിൽ (ഇന്നു പ്ലാസ) നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും.

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിക്കും. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി പി. എസ്. സന്തോഷ് കുമാർ, സംസ്ഥാന ട്രഷറർ കെ.പി ഗോപകുമാർ, സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ. റ്റി. വേണു, ബീനാ ഭദ്രൻ, മരിയ എം.ബേബി എന്നിവർ സംസാരിക്കും.

നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ ടി. അജികുമാർ വരവുചെലവ് കണക്കും, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആർ.സരിത രക്തസാക്ഷി പ്രമേയവും, ആർ. എസ് സജീവ് അനുശോചന പ്രമേയവും അവതരിപ്പിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ വി. സന്തോഷ് സ്വാഗതവും മേഖലാ സെക്രട്ടറി ദീപക് നായർ നന്ദിയും പറയും. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാനതല പുരസ്ക്കാരം നേടിയ ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗം കൂടിയായ വില്ലേജ് ഓഫീസർ എസ്. ഭാമീദത്തിനെ ചടങ്ങിൽ മന്ത്രി ആദരിക്കും, ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ നോർത്ത് ജില്ലാതല വിജയിയായ മനോജിന് മന്ത്രി സമ്മാനം നൽകും.

ജോയിന്റ് കൗൺസിലിന്റെ “വിശക്കരുതാർക്കും സാന്ത്വന സ്പർശം പരിപാടി”യുടെ ഭാഗമായി നടത്തിവരുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണത്തിനായി നോർത്ത് ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ. പി ഗോപകുമാറിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ് കൈമാറും.