കൊവിഡ് കേസുകളിൽ വ‍ർധന: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കൊവിഡ് കേസുകളിൽ വ‍ർധന: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവ് ഉണ്ടായ സഹാചര്യത്തിലാണ് ജാഗ്രതാ നിർദേശം. ആശുപത്രികളോട് കൊവിഡ് സർജ് പ്ലാൻ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. കേസുകൾ കൂടുന്നത് മുന്നിൽ കണ്ട് ഒരുക്കം നടത്താൻ ജില്ലകൾക്കും നിർദേശം കിട്ടിയിട്ടുണ്ട്.

കേസുകൾ ഉയർന്നാൽ ഉപയോഗിക്കാൻ ഐസിയു, വെൻ്റിലേറ്റർ സംവിധാനങ്ങൾ തയ്യാറാക്കിവയ്ക്കണമെന്നും നിർദേശമുണ്ട്. ഇന്നലെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 172 ആയി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ജിനോമിക് പരിശോധനയും ശക്തമാക്കും. അതേസമയം നിലവിൽ സംസ്ഥാനത്ത് എവിടെയും കൊവിഡ് ക്ലസ്റ്റർ ഇല്ല.

കഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു

കഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു

പാലക്കാട്: കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരിടത്തൊരു ലൈന്‍മാന്‍, ക്ല എന്നിവയാണ് ജയേഷിന്‍റെ പ്രധാന കൃതികള്‍. കഴിഞ്ഞ മാസം 13ന് പനി ബാധിച്ച് ആശുപത്രിയില്‍ പോയ ജയേഷ് അവിടെ വച്ച് തല ചുറ്റി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാ​രമായി പരിക്കേറ്റ ജയേഷിനെ മാതാപിതാക്കള്‍ കോയമ്പത്തൂരുള്ള ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി.

കുറച്ചു നാള്‍ വെന്‍റിലേറ്ററിലായിരുന്നു. ജയേഷിന്‍റെ ചികിത്സക്കായി സുഹൃത്തുക്കള്‍ സഹായം തേടിയിരുന്നു. സംസ്കാരം നാളെ പാലക്കാട്ട് നടക്കും.

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ദന്ത ഡോക്ടർക്കെതിരെ കൂടുതൽ അന്വേഷണവുമായി പോലീസ്

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ദന്ത ഡോക്ടർക്കെതിരെ കൂടുതൽ അന്വേഷണവുമായി പോലീസ്

ആറ്റിങ്ങൽ: ഡേറ്റിങ് ആപ്പ് വഴി വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ദന്ത ഡോക്ടർക്കെതിരെ കൂടുതൽ അന്വേഷണവുമായി പോലീസ് നീങ്ങുന്നുവെന്നു സൂചന. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി.എസ്. നായർ (32)രെയാണ് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തിരുമല സ്വദേശിനിയായ 28 കാരിയായ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന, പരാതിയെ തുടർന്നാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതെന്ന് എസ്എച്ച്ഒ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച്‌ പിന്നീട് വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്.

പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്.
പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായി.
പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമരാമത്ത് കരാറുകാരൻ സുനിലിന്റെ മകനാണ് സുബി. ബലാൽസംഘത്തിനും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് സംഭവം. സംഭവത്തിൽ ഓട്ടോ ഡ്രൈവർ മുത്തുരാജിനെ മ്യൂസിയം പൊലീസ് പിടികൂടി.

കൊലക്കേസിൽ കോടതി ശിക്ഷിച്ച മുൻ പോലീസുകാരനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊലക്കേസിൽ കോടതി ശിക്ഷിച്ച മുൻ പോലീസുകാരനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ: ചിങ്ങേലി മേലതിൽ പുത്തൻവീട്ടിൽ അനിൽകുമാർ (48)നെ ബന്ധുവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അനിൽകുമാർ പോലീസിൽ ജോലിയിൽ ഇരിക്കെ 2005 ഏഴാം മാസം ചടയമംഗലത്തുള്ള ഭാര്യവീട്ടിന് സമീപത്തെ ബന്ധുവുമായി അടിപിടി കൂടുകയും ഒടുവിൽ ബന്ധു മരണപ്പെടുകയും ആയിരുന്നു. തുടർന്ന് ചടയമംഗലം പോലീസ് എടുത്ത കേസിൽ കൊല്ലം സെക്ഷൻ കോടതി അനിൽകുമാറിനെ ശിക്ഷിക്കുകയും പോലീസ് ജോലി നഷ്ടമാവുകയും ചെയ്തു. 1997 മൂന്നാം മാസമാണ് ഇദ്ദേഹം ജോലിയിൽ കയറിയത്.

തുടർന്ന് ഇദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകിയ ശേഷം ജാമ്യത്തിൽ നിൽക്കവെയാണ് അസ്വാഭാവികമായി ബന്ധുവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
പോലീസ് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ചിങ്ങേലിയിലെ ഓട്ടോസ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായി ജോലി നടത്തിവരവേയാണ് ഇയാളെ മരിച്ച നിലയിൽ കാണപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്നുള്ളതിനെപ്പറ്റി പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്നാണ് കടയ്ക്കൽ പോലീസ് പറയുന്നത്
പോലീസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നവംബർ ഒന്നിനകം റവന്യൂ വകുപ്പിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും: മന്ത്രി കെ രാജൻ

നവംബർ ഒന്നിനകം റവന്യൂ വകുപ്പിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും: മന്ത്രി കെ രാജൻ

ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കാട്ടാക്കട മണ്ഡലത്തിലെ കുളത്തുമ്മൽ, നെടുമങ്ങാട് മണ്ഡലത്തിലെ നെടുമങ്ങാട് എന്നീ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിനകം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ എല്ലാ സേവനങ്ങളും സ്മാർട്ട് ആകും.

എല്ലാ ഓഫീസുകളും ഇ -ഓഫീസ് ആയി കണക്ട് ചെയ്യും. സംസ്ഥാനത്തെ 94 ലക്ഷം വീടുകളിൽ ഓരോ വീട്ടിലും ഒരാളെയെങ്കിലും റവന്യൂ സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് റവന്യൂ ഇ- സാക്ഷരത യജ്ഞം നടപ്പിലാക്കാൻ പോവുകയാണ് സർക്കാർ. ഈ വർഷം മെയിൽ ആരംഭിച്ച് രണ്ടു വർഷത്തിനകം ഇത് പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. കുളത്തുമ്മൽ വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഐബി സതീഷ് എംഎൽഎയും നെടുമങ്ങാട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും അധ്യക്ഷന്മാരായി. ജില്ലാ കളക്ടർ ജെറോമിക് ജോർജ് സ്വാഗതം പറഞ്ഞു.