ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം

ഡൽഹി: ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. രാത്രി 10.17ഓടെയാണ് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിക്ക് പുറമെ ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഒരു മിനിറ്റ് നേരം ഭൂചനം അനുഭവപ്പെട്ടു.
അഫ്​ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം  27, 28 തീയതികളിൽ ആറ്റിങ്ങലിൽ

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം 27, 28 തീയതികളിൽ ആറ്റിങ്ങലിൽ

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം മാർച്ച് 27, 28 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ആറ്റിങ്ങലിൽ നടക്കും. പതാകജാഥ, വിളംബര ജാഥ, പൊതുസമ്മേളനം, ‘സാന്ത്വനം സഹായ’ വിതരണം, മികവ് തെളിയിച്ചവരെ ആദരിക്കൽ, പ്രതിനിധി സമ്മേളനം എന്നിവ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ താലൂക്ക് മുൻ കമ്മിറ്റി അംഗമായിരുന്ന ഒറ്റൂർ ജെ. ഗോപാലകൃഷ്ണൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു ഗോപാൽ ജാഥാ ക്യാപ്റ്റനായുള്ള പതാക ജാഥയും, താലൂക്ക് മുൻ സെക്രട്ടറിയായിരുന്ന എൻ. നീലാംബരന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു ഉദ്ഘാടനം ചെയ്ത നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വൈ.സുൽഫീക്കർ ജാഥാ ക്യാപ്റ്റനായുള്ള വിളംബര ജാഥയും തിങ്കളാഴ്ച വൈകുന്നേരം ആറ്റിങ്ങൽ കച്ചേരി നടയിലെ പൊതുസമ്മേളന നഗരിയിൽ സംഗമിക്കും.

27ന് വൈകുന്നേരം അഞ്ചുമണിക്ക് ഷമീം നഗറിൽ (ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ) നടക്കുന്ന പൊതു സമ്മേളനം പന്ന്യൻ രവീന്ദ്രൻ (മുൻ എം.പി) ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി.എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിക്കും. സാന്ത്വനം സഹായ പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ വലിയകുന്ന് ഗവൺമെന്റ് ആശുപത്രിക്ക് നൽകുന്ന വിവിധ സഹായങ്ങൾ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വിതരണം ചെയ്യും. സിപിഐ ജില്ലാ അസി. സെക്രട്ടറി അരുൺ കെ. എസ്, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ്‌ ഖാൻ, സിപിഐ ആറ്റിങ്ങൽ മണ്ഡലം അസി. സെക്രട്ടറി ഡി.മോഹൻദാസ്, ആറ്റിങ്ങൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, സൗത്ത് ജില്ലാ പ്രസിഡന്റ് എസ്. അജയകുമാർ, നോർത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ ദേവി കൃഷ്ണ.എസ്, ഗിരീഷ് എം.പിള്ള എന്നിവർ സംസാരിക്കും.

പൊതുസമ്മേളനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ പാട്ടത്തിൻകര കലാസാംസ്ക്കാരിക കൂട്ടായ്മ അവതരിപ്പിക്കുന്ന ‘കരോക്കേ ഗാനമേള’യും ശുഭ വയനാടിന്റെ “ഒറ്റപ്പെങ്ങൾ” എന്ന ഏകാങ്ക നാടകവും ഉണ്ടായിരിക്കും. 28 ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് ജി.എൽ സുമേഷ് നഗറിൽ (ഇന്നു പ്ലാസ) നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും.

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിക്കും. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി പി. എസ്. സന്തോഷ് കുമാർ, സംസ്ഥാന ട്രഷറർ കെ.പി ഗോപകുമാർ, സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ. റ്റി. വേണു, ബീനാ ഭദ്രൻ, മരിയ എം.ബേബി എന്നിവർ സംസാരിക്കും.

നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ ടി. അജികുമാർ വരവുചെലവ് കണക്കും, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആർ.സരിത രക്തസാക്ഷി പ്രമേയവും, ആർ. എസ് സജീവ് അനുശോചന പ്രമേയവും അവതരിപ്പിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ വി. സന്തോഷ് സ്വാഗതവും മേഖലാ സെക്രട്ടറി ദീപക് നായർ നന്ദിയും പറയും. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാനതല പുരസ്ക്കാരം നേടിയ ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗം കൂടിയായ വില്ലേജ് ഓഫീസർ എസ്. ഭാമീദത്തിനെ ചടങ്ങിൽ മന്ത്രി ആദരിക്കും, ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ നോർത്ത് ജില്ലാതല വിജയിയായ മനോജിന് മന്ത്രി സമ്മാനം നൽകും.

ജോയിന്റ് കൗൺസിലിന്റെ “വിശക്കരുതാർക്കും സാന്ത്വന സ്പർശം പരിപാടി”യുടെ ഭാഗമായി നടത്തിവരുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണത്തിനായി നോർത്ത് ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ. പി ഗോപകുമാറിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ് കൈമാറും.

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും സമരത്തിലേക്ക്

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും സമരത്തിലേക്ക്

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും സമരത്തിലേക്ക്. സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിഷേധിച്ച് ഇന്നുമുതലാണ് അനിശ്ചിതകാല സമരം നടത്തുക. എല്ലാ തരം ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. 5 മാസത്തെ സ്റ്റൈപ്പന്റ് ലഭിക്കാനുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൗസ് സർജന്മാർക്ക് സ്റ്റൈപ്പന്റ് മുടങ്ങുന്നത് സ്ഥിരം സംഭവമാണ്. സ്റ്റൈപ്പന്റ് മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥയെന്നാണ് വിമർശനം.

സർക്കാരിന് പല തവണ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ക്യാമ്പസിൽ പ്രകടനവും പ്രിൻസിപ്പൽ ഓഫീസിൽ ധർണയും നടത്തുമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് തങ്ങൾ ഇതുവരെ സമരത്തിലേക്ക് പോകാതിരുന്നതെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ പറഞ്ഞു. സ്റ്റൈപ്പന്റില്ലാതെ ജോലി തുടർന്നിട്ടും സ്റ്റൈപ്പന്റിന് പണം അനുവദിക്കാൻ സർക്കാർ തയ്യാറായില്ല. പല തവണ സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.

സ്റ്റൈപ്പന്റ് എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവുകയല്ലാതെ മറ്റ് വഴികളില്ലെന്നും രോഗികൾക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികൃതർ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഡോക്ടർമാർ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ ഇടിവ്

കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 640 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,360 രൂപ. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രുപയായി. ഇക്കഴിഞ്ഞയാഴ്ച അവസാനം പവന്‍ വില സര്‍വകാല റെക്കോര്‍ഡ് ആയ 44240ല്‍ എത്തിയിരുന്നു.

ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്ക് ഇടക്കാല സ്‌റ്റേ വന്നിരിക്കുന്നു. എ രാജയ്ക്ക് സുപ്രിംകോടതിയെ സമീപിക്കുന്നതിന് സാവകാശം വേണമെന്നും, അതുവരെ എ രാജയ്ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് ഇടക്കാല വിധി. ഈ വിധി നടപ്പാക്കിയിരുന്നുവെങ്കിൽ എ രാജയുടെ നിയമസഭാംഗത്വത്തിന് തന്നെ ഭീഷണിയായിരുന്നു. ഗസറ്റിൽ ഇത് നൽകണം. സ്പീക്കർക്കും, സർക്കാരിനും ഇത് അയക്കണം എന്നിവ ഉത്തരവിൽ പറഞ്ഞിരുന്നു. ഈ നടപടിക്രമങ്ങൾക്കെല്ലാം സ്റ്റേ വന്നിരിക്കുകയാണ്.
പത്ത് ദിവസത്തേക്കാണ് ഇടക്കാല സ്റ്റേ നൽകിയിരിക്കുന്നത്.

പോപ്പുലർഫ്രണ്ട് നിരോധനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ

പോപ്പുലർഫ്രണ്ട് നിരോധനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ

ഡൽഹി: പോപ്പുലർഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. ഡൽഹി ഹൈക്കോടതി ജഡ്ജി ജ.ദിനേഷ് കുമാർ അധ്യക്ഷനായ ട്രൈബ്യൂണലാണ് പോപ്പുലർഫ്രണ്ട് നിരോധനം ശരിവച്ചത്. നിരോധനം സംബന്ധിച്ച് സർക്കാർ ഉത്തരവ് പരിശോധിക്കാനാണ് ട്രൈബ്യൂണലിനെ കേന്ദ്രം നിയമിച്ചത്.

2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർനടപടി സ്വീകരിച്ചത്.