കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം: അടിയന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുളളിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു. മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്സിങ് ഓഫിസർ തുടങ്ങിയവരാണ് അംഗങ്ങൾ.

ശനിയാഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കൽ ഐസിയുവിന് പുറത്ത് വിശ്രമിക്കുകയായിരുന്ന യുവതിയെ മെഡിക്കൽ കോളേജ് അറ്റന്റര്‍ പീഡിപ്പിച്ചത്. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനാകുമായിരുന്നില്ല. എന്നാൽ പിന്നീട് യുവതി ബന്ധുക്കളോട് താൻ നേരിട്ട പീഡനത്തെക്കുറിച്ച് പറയുകയും ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും എന്നാൽ ഇയാൾ ഒളിവിലാണെന്നുമാണ് പൊലീസ് നൽകുന്ന വിവരം.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവധ ജില്ലകളില്‍ മഴ പെയ്തിരുന്നു. 19ന് വൈകിട്ട് നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ മഴ സാധ്യത പ്രവചിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മഴയും കാറ്റുമുണ്ടായി.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ജോലി വാഗ്ദാന തട്ടിപ്പിനിരയായ യുവാവ് മരിച്ച നിലയിൽ

ജോലി വാഗ്ദാന തട്ടിപ്പിനിരയായ യുവാവ് മരിച്ച നിലയിൽ

സഹകരണ സംഘത്തിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. പോത്തൻകോട് വാവറ അമ്പലം മംഗലത്ത്നട രഞ്ജിത്ത് ഭവനിൽ രജിത്ത് (38) ആണ് ആത്മഹത്യ ചെയ്തത്. വീടിന്റെ മുറിയിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു. ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ സംഘത്തിൽ ജോലിക്ക് വേണ്ടി രജിത്ത് പണം കൊടുത്തിരുന്നുവെന്നും എട്ട് ലക്ഷം രൂപയാണ് രജിത്തിന്റെ പക്കൽ നിന്നും തട്ടിയെടുത്തതെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു.

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. പത്ത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ആദ്യ പോരാട്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സെന്ന വിജയ ലക്ഷ്യം ഓസ്‌ട്രേലിയ ഒരു വിക്കറ്റും നഷ്ടമില്ലാതെ അടിച്ചെടുത്തു. 11 ഓവറില്‍ 121 റണ്‍സാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്ഡും മിച്ചല്‍ മാര്‍ഷും കൂറ്റന്‍ അടികളുമായി കളം വാണതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിങിനെ കടന്നാക്രമിച്ചു. ഓസീസ് ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറികള്‍ കുറിച്ചാണ് ടീമിനെ അനായാസം വിജയിപ്പിച്ചത്.

മാര്‍ഷ് 36 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം 66 റണ്‍സ് വാരി. ഹെഡ്ഡ് 30 പന്തില്‍ പത്ത് ഫോറുകള്‍ സഹിതം 51 റണ്‍സെടുത്തു. കഴിഞ്ഞ കളിയിലും മാര്‍ഷ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. പേസര്‍മാരും സ്പിന്നര്‍മാരും മാറി മാറി പന്തെറിഞ്ഞെങ്കിലും കാര്യമൊന്നുമുണ്ടായില്ല. എല്ലാവരും ശരിക്കും തല്ലു വാങ്ങുകയും ചെയ്തു. നേരത്തെ ടോസ് നേടി ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചപ്പോള്‍ ചെറുത്തു നിന്നത് വിരാട് കോഹ്ലിയും അക്ഷര്‍ പട്ടേലും മാത്രം. അക്ഷര്‍ അവസാന ഘട്ടത്തില്‍ നടത്തിയ കടന്നാക്രമണമാണ് സ്‌കോര്‍ ഈ നിലയിലെങ്കിലും എത്തിച്ചത്.

71 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് രവീന്ദ്ര ജഡേജ (16)യും അക്ഷര്‍ പട്ടേലും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 100 കടത്തിയത്. അവസാന ഘട്ടത്തില്‍ തുടരെ രണ്ട് സിക്സുകള്‍ പറത്തി അക്ഷര്‍ സ്‌കോര്‍ 117ല്‍ എത്തിച്ചു. അക്ഷര്‍ 29 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും സഹിതം 29 റണ്‍സുമായി പുറത്താകാതെ നിന്നു. അപ്പുറത്ത് തുണയ്ക്കാന്‍ ഒരാള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ അക്ഷറിന് ഇനിയും ബാറ്റ് ചെയ്ത് ഇന്ത്യക്ക് കുറച്ചു കൂടി റണ്‍സ് സംഭവാന ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവസാന ബാറ്റര്‍ മുഹമ്മദ് സിറാജിനെ തന്റെ എട്ടാം ഓവറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി സ്റ്റാര്‍ക്ക് ഇന്ത്യന്‍ ഇന്നിങ്സിന് തിരശ്ശീല ഇട്ടു. 26 ഓവറില്‍ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചു.

നേരത്തെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക പേസാണ് ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തത്. 31 റണ്‍സെടുത്ത വിരാട് കോഹ്ലി മാത്രം അല്‍പ്പം പിടിച്ചു നിന്നതൊഴിച്ചാല്‍ ഇന്ത്യന്‍ മുന്‍നിരയുടെ ചെറുത്തു നില്‍പ്പ് ദയനീയമായി. കോഹ്ലി ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ച ഘട്ടത്തില്‍ നതാന്‍ എല്ലിസിനെ കൊണ്ടുവന്ന സ്മിത്തിന്റെ തന്ത്രം രണ്ടാം പന്തില്‍ തന്നെ ഫലം കണ്ടു. കോഹ്ലിയെ എല്ലിസ് വിക്കറ്റിന് മുന്നില്‍ കുരുക്കി പുറത്താക്കി.

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഒന്നാം ഏകദിനത്തിന് സമാനമായി സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സൂര്യകുമാര്‍ ഇത്തവണയും മടങ്ങിയത്. ശുഭ്മാന്‍ ഗില്‍ രണ്ട് പന്തില്‍ പൂജ്യവുമായി മടങ്ങി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ ക്ഷമയോടെ ക്രീസില്‍ നിന്ന് വിജയത്തിലേക്ക് നയിച്ച കെഎല്‍ രാഹുല്‍ (9), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സീന്‍ അബ്ബോട്ട് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ നതാന്‍ എല്ലിസും പോക്കറ്റിലാക്കി.

വിദ്യാർത്ഥി യാത്രാ കൺസഷൻ പരിമിതപെടുത്താനുള്ള കെ എസ് ആർ ടി സി യുടെ തീരുമാനം പിൻവലിക്കണം

വിദ്യാർത്ഥി യാത്രാ കൺസഷൻ പരിമിതപെടുത്താനുള്ള കെ എസ് ആർ ടി സി യുടെ തീരുമാനം പിൻവലിക്കണം

കേരളത്തിലെ വിദ്യാർത്ഥി സമൂഹം സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമായ വിദ്യാർത്ഥി യാത്രാ കൺസഷൻ പരിമിതപ്പെടുത്താനുള്ള നീക്കം കെഎസ്ആർടിസി അധികാരികൾ അവസാനിപ്പിക്കണമെന്ന് എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കൺസഷൻ നൽകുന്നതിന് വേണ്ടി സ്വീകരിച്ചിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്.

സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും, സർക്കാർ – എയ്ഡഡ് മേഖലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെയും ഈ ഉത്തരവ് ബാധിക്കും. യാത്രാ കൺസഷൻ്റെ പ്രായപരിധി 25 വയസായി നിജപ്പെടുത്തിയ നടപടിയും അംഗീകരിക്കാനാവില്ല.

വിദ്യാർത്ഥി യാത്രാ കൺസഷനുമായി കെ എസ് ആർ ടി സി എടുത്ത പുതിയ നടപടികൾ പിൻവലിക്കാത്തപക്ഷം വിദ്യാർത്ഥി സമരത്തിനു നേതൃത്വം കൊടുക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നൽകി. സമ്മേളനം എസ് എഫ് ഐ ഏരിയ പ്രസിഡന്റ്‌ വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. ലിജാബോസ്, വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു. ജലാൽ ആദ്യക്ഷനായിരുന്നു. സിജോ മോഹൻ (പ്രസിഡന്റ്‌ )
വി. വിശാഖ് (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വർക്കലയിൽ വീടിനു തീപിടിച്ചു

വർക്കലയിൽ വീടിനു തീപിടിച്ചു

വർക്കലയിൽ വീടിനു തീപിടുത്തം. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പത്തും പതിമൂന്നും വയസ്സായ രണ്ടു കുട്ടികൾ ആയിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. പുന്നമൂട് സ്വദേശിയായ വിജയയുടെ വീടിനാണ് തീപിടിച്ചത്.
വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ ഗണേഷ് മൂർത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ് തീപിടിച്ചത്.

ഇൻസ്റ്റാൾമെൻറ് ഫർണിച്ചർ വ്യാപാരിയാണ് ഗണേഷ് മൂർത്തി. അയാൾ ജോലിയ്ക്ക് പോയിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ അമ്പലത്തിലെ പുറം ജോലികൾ ചെയ്യുന്ന ആളാണ്. അവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടികളെ ഉറക്കി കിടത്തി അതിനുശേഷം ജോലിക്കായി അമ്പലത്തിൽ പോയ സമയത്താണ് കത്തിച്ചു വച്ചിരുന്ന വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചത്. വീട്ടിനുള്ളിൽ 3 ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. വർക്കല ഫയർഫോഴ്സ് എത്തി അണയ്ക്കുകയും ചൂട് പിടിച്ചിരുന്ന ഗ്യാസ് കുറ്റികൾ വെള്ളത്തിൽ മുക്കി അപകട സാധ്യത ഇല്ലാതാക്കി. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു വീടിന് തീപിടിച്ചത്.