by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വേനൽ ചൂടിൽ ഉരുകുന്ന ആറ്റിങ്ങൽ നഗരത്തിന് ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റിയുടെ തണ്ണീർ പന്തൽ. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി സംസ്ഥാനത്തുടനീളം തണ്ണീർ പന്തലുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സഹകരണവകുപ്പു നൽകിയ നിർദേശം പരിഗണിച്ച് ആണ് ടൂറിസം സൊസൈറ്റി തണ്ണീർ പന്തൽ ഒരുക്കിയത്. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും തണ്ണീർ പന്തലുകൾ സജ്ജീകരിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുവാൻ സംസ്ഥാനത്തെ സഹകരണസംഘം പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു.

എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതു ഇടങ്ങളിലും, വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുവനാണ് നിർദ്ദേശിച്ചിരുന്നത്. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ മുന്നിലുള്ള ചിറയിൻകീഴ് ടൂറിസം സൊസൈറ്റി ഉടൻ തന്നെ അതിനുള്ള നടപടി സ്വീകരിച്ചു. സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്. കൊവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങളെ സഹായിക്കാൻ ടൂറിസം സൊസൈറ്റി മുൻനിരയിൽ ഉണ്ടായിരുന്നു. അതേ രീതിയിൽ സാമൂഹിക ഉത്തരവാദിത്വം എന്ന നിലയിൽ ആണ് ഇതിന്റെ ഭാഗമാവുന്നത്. വേനൽക്കാലം മുഴുവൻ തണ്ണീർ പന്തലുകൾ നിലനിർത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. തണ്ണീർപ്പന്തലിൽ സംഭാരം, തണുത്ത വെള്ളം, ഫ്രൂട്ട്സ് ജ്യൂസ് എന്നിവ സൗജന്യമായി വിതരണം ചെയ്യും. ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്ന് മുക്ക് ജംഗ്ഷനിൽ ഡ്രീംസ് തിയേറ്ററിനു എതിർ വശം സിറ്റ്കോ നീതി മെഡിക്കൽ സ്റ്റോറിന് മുന്നിൽ ആണ് തണ്ണീർ പന്തൽ സജ്ജീകരിച്ചത്.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉൽഘാടനം ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ എസ്.ഷിബു, സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ, സംഗീത, സന്ധ്യ, അരുൺ ജിത്ത്, രമ്യ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ ആയി കൂടുതൽ തണ്ണീർ പന്തൽ സ്ഥാപിക്കും എന്ന് പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അറിയിച്ചു.


by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കലയിൽ റെയിൽ പാളം ക്രോസ് ചെയ്യവേ ട്രെയിൻ തട്ടി സ്‌ത്രീ മരണപ്പെട്ടു. 11.50ഓടെയാണ് സംഭവം. മണമ്പൂർ സ്വദേശിനി സുപ്രഭ(63)യാണ് മരണപ്പെട്ടത്.
അമൃതസർ – കൊച്ചുവേളി ട്രെയിൻ വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് അപകടം. കൊച്ചുവേളി ട്രെയിനിന് വർക്കല സ്റ്റോപ്പ് ഇല്ല. റെയിൽവേ സ്റ്റേഷനിലെ ഒന്നമാത്തെ പ്ലാറ്ഫോമിൽ നിന്ന് ഇറങ്ങി ട്രാക്ക് ക്രോസ്സ് ചെയ്ത് രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ കയറുന്നതിന് മുന്നേ പാഞ്ഞെത്തിയ ട്രെയിൻ ഇടിക്കുകയുമായിരുന്നു. ട്രെയിൻ നിർത്തിയെങ്കിലും ദേഹം ചിന്നി ചിതറിയിരുന്നു. ബാഗിൽ ഉണ്ടായിരുന്ന ID കാർഡ് നിന്ന് മേൽവിലാസം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞു ,വർക്കല പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ പൊലീസും പിടിഐ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ആള്‍ക്കൂട്ടം പൊലീസിന് നേരെ കല്ലേറു നടത്തി. ഇത് രണ്ടാം തവണയാണ് ഇസ്ലാമാബാദ് പൊലീസ് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തുന്നത്.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന് എതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷഖാന’ എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നല്‍കി വാങ്ങാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം.

മൂന്നുതണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകിതിരുന്നതിന് പിന്നാലെ, ഇസ്ലാമാബാദ് കോടതി ഇമ്രാനെ അറസ്റ്റ് ചെയ്തു കൊണ്ടുവരാന്‍ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് ഇമ്രാനെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം എത്തിയെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം അറസ്റ്റ് നടന്നിരുന്നില്ല. ഇമ്രാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നായിരുന്നു പൊലീസ് പിന്നീട് നല്‍കിയ വിശദീകരണം. എന്നാല്‍, പൊലീസ് നോക്കിനില്‍ക്കെ തന്നെ ഇമ്രാന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നാളെ മുതല്‍ വെള്ളി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിനിടെ, കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതല്‍ 0.9 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ജാഗ്രതാനിര്‍ദേശം:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേയ്ക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.


by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
‘നിനക്കെന്റെ ജീവജലം പദ്ധതി’ യ്ക്ക് തുടക്കമിട്ട് ലക്ഷ്മീവിലാസം ഹൈസ്കൂൾ. പി.റ്റി എ. പ്രസിഡന്റ് പി.എസ്. ബിനു അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ
ഡി വിമൽ കുമാർ നിനക്കെന്റെ ജീവജലം പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാനേജർ പ്രതിനിധി പി പ്രവീൺ, സീനിയർ അസിസ്റ്റന്റ് അനീഷ് ജ്യോതി, എക്കോ ക്ലബ് കൺവീനർ പി രാഹുൽ, അധ്യാപകരായ എം എസ് വിനീത, ആർ രജിത, ഡി എസ് അഞ്ജലി, ശ്രീജ ആർ ശിവാനന്ദൻ, പി ടി എ അംഗം വോൾഗ എന്നിവരും പരിസ്ഥിതി ക്ലബിലെ അംഗങ്ങളായ കുട്ടികളും പങ്കെടുത്തു.

വേനലിൽ ദാഹനീരിനായി കേഴുന്ന ജീവജാലങ്ങൾക്കായി സ്കൂളിലെ കുട്ടികളെ ഒരുമിപ്പിച്ച് ജീവജാലങ്ങൾക്ക് കുടിനീര് നൽകുന്നതിന് ഉള്ള സംവിധാനം ഒരുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടം സ്കൂൾ തല ഉദ്ഘാടനമാണെങ്കിലും രണ്ടാം ഘട്ടത്തിൽ കുട്ടികൾ അവരവരുടെ വീടുകളിൽ ഇത്തരത്തിൽ ജീവജാലങ്ങൾക്ക് ദാഹനീര് ഒരുക്കി അതിന്റെ ചിത്രങ്ങൾ എടുത്ത് പരിസ്ഥിതി ക്ലബിലെ ബന്ധപ്പെട്ടർക്ക് അയയ്ച്ച് തരിക എന്നതാണ്. ദാഹജലം നുകരാൻ എത്തുന്ന ജീവജാലങ്ങളുടെ ഉൾപ്പെടെ ചിത്രങ്ങൾ കുട്ടികൾക്ക് അയയ്ക്കാം. ഇതുവഴി സഹജീവി സ്നേഹം, പ്രകൃതി നിരീക്ഷണം തുടങ്ങിയവയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ലക്ഷ്മി വിലാസം ഹൈസ്കൂളിലെ എക്കോ ക്ലബ് കൺവീനർ രാഹുൽ.പി പരിപാടിയിൽ പങ്കെടുത്തു കൊണ്ട് വിദ്യാർത്ഥികളോടായി പറഞ്ഞു.

by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാർച്ച് 18 ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, അഴൂർ ഗ്രാമ പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകി. ആറ്റിങ്ങൽ അവനവഞ്ചേരിയിലെ പമ്പ് ഹൗസിൽ പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2023 മാർച്ച് 18 തീയതി ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, അഴൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ജല വിതരണം തടസ്സപ്പെടുമെന്നാണ് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. ആയതിനാൽ ഉപഭോക്താക്കളും പൊതുജനങ്ങളും വേണ്ട മുൻ കരുതൽ സ്വീകരിക്കണമെന്ന് വാട്ടർ സപ്ലൈ സെക്ഷൻ ഒന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിപ്പ് നൽകി.


Recent Comments