സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു

സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു

തൃശ്ശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ – തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ മർദ്ദനദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കൊലയാളികളായ ആറു പേരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

മർദ്ദനത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളിൽ ക്ഷതമേറ്റിരുന്നു, പാൻക്രിയാസിൽ പൊട്ടലുണ്ടായിരുന്നു, പ്ലീഹ ശസ്ത്രക്രിയയിൽ നീക്കം ചെയ്യേണ്ടി വന്നിരുന്നുവെന്നും ബന്ധു മീഡിയയെ അറിയിച്ചിരുന്നു. കഠിനമായ വേദന അനുഭവിച്ചാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം

ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. മാരകമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതീഷിന്റെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

മനസും ഭക്തിയും ആറ്റുകാല്‍ അമ്മയ്ക്ക് സമര്‍പ്പിച്ച് പൊങ്കാല നിവേദിച്ച് ലക്ഷകണക്കിന് സ്ത്രീകള്‍; യാഗശാലയായി അനന്തപുരി

മനസും ഭക്തിയും ആറ്റുകാല്‍ അമ്മയ്ക്ക് സമര്‍പ്പിച്ച് പൊങ്കാല നിവേദിച്ച് ലക്ഷകണക്കിന് സ്ത്രീകള്‍; യാഗശാലയായി അനന്തപുരി

തിരുവനന്തപുരം: ദേവീസ്തുതികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ മനസും ഭക്തിയും ആറ്റുകാല്‍ അമ്മയ്ക്ക് സമര്‍പ്പിച്ച് പൊങ്കാല നിവേദിച്ച് ലക്ഷകണക്കിന് സ്ത്രീകള്‍. പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് നഗരം മുഴുവന്‍ നിരന്ന അടുപ്പുകളില്‍ പൊങ്കാല സമര്‍പ്പണത്തിന് തുടക്കമായത്. അനന്തപുരിയില്‍ കണ്ണെത്താദൂരത്തോളം പൊങ്കാലക്കലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. രണ്ടുവര്‍ഷത്തെ കോവിഡിന് ശേഷം നിയന്ത്രണങ്ങളില്ലാതെ നടക്കുന്നതിനാല്‍ പൊങ്കാലക്കെത്തിയ ഭക്തരുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനയാണ് കണക്കാക്കുന്നത്. രാവിലെ 10ന് ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം തന്ത്രി ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കി.

മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ചശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറുകയും അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരയടുപ്പിലും തീ പകര്‍ന്നു. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങി. പിന്നാലെ ഭക്തരുടെ പൊങ്കാലയടുപ്പുകളിലും തീ തെളിഞ്ഞു. സിനിമാ നടി ആനി വീട്ടിലും, ജലജ, സീമാ ജി നായര്‍, ചിപ്പി എന്നിവര്‍ ക്ഷേത്രത്തിന് അടുത്തും പൊങ്കാലയിട്ടു. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാമൂര്‍ത്തിയും ദര്‍ശനത്തിനെത്തി. നടി സ്വാസിക കന്റോണ്‍മെന്റ് സ്റ്റേഷനടുത്തും ഉമാതോമസ് എംഎല്‍എ ഹോസ്റ്റലിനു മുന്നിലും നടന്‍ സുരേഷ് ഗോപിയും കുടുംബവും വീട്ടിലും പൊങ്കാലയിട്ടു.

വനിതാ ദിനത്തെ വരവേറ്റ് കൊച്ചി മെട്രോ; മാര്‍ച്ച് എട്ടിന് ടിക്കറ്റ് നിരക്കിളവ്

വനിതാ ദിനത്തെ വരവേറ്റ് കൊച്ചി മെട്രോ; മാര്‍ച്ച് എട്ടിന് ടിക്കറ്റ് നിരക്കിളവ്

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈ മാസം എട്ടാം തീയതി സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. അന്നേദിവസം സ്ത്രീകൾക്ക് കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനിൽ നിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയിൽ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഉച്ച്ക്ക് 12 മണിയ്ക്ക് കലൂർ മെട്രോ സ്റ്റേഷനിൽ വച്ച് ആദരിക്കും.

ഇതിന് പുറമേ കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാമ്പുകളും കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക. ഈ വെൻഡിംഗ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും.

കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചക്ക് 12.15ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്യും. നെക്സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കംപ്യൂട്ടറിന്റെ സി പി യു പോലുള്ള ഇലക്ട്രോണിക് വേസ്റ്റുകളും റീസൈക്കിൾ ചെയ്ത അലൂമിനിയം, പ്ലാസ്റ്റിക്ക് വേസ്റ്റുകളും ഉപയോഗിച്ച് നെക്സോറ അക്കാദമിയിലെ വിദ്യാർത്ഥികളാണ് ചെലവ് കുറഞ്ഞ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധയും വനിതാ ദിനത്തിൽ മുട്ടം, ഇടപ്പള്ളി, എം ജി റോഡ്, വൈറ്റില സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.

ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററിന്റെയും മേയർ വിറ്റബയോട്ടിക്സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതൽ വൈകിട്ട് 7 മണിവരെ നടക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഉച്ചക്ക് 1.15ന് കെഎംആർഎൽ എം.ഡി ലോക്നാഥ് ബെഹ്റ നിർവ്വഹിക്കും. ഉച്ചക്ക് 2.30ന് കലൂർ മെട്രോ സ്റ്റേഷനിൽ കൊച്ചിൻ ബിസിനസ് സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ നിന്നും 2.30ന് സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാഷൻ ഷോയും മൈമും ആരംഭിക്കും.

ആറ്റുകാലിൽ ശുചീകരണത്തിന് കൃത്രിമ മഴ; ആദ്യ മഴ വൈകിട്ട് ഏഴരയ്‌ക്ക്

ആറ്റുകാലിൽ ശുചീകരണത്തിന് കൃത്രിമ മഴ; ആദ്യ മഴ വൈകിട്ട് ഏഴരയ്‌ക്ക്

തിരുവനന്തപുരം: പൊങ്കാല കഴിഞ്ഞുള്ള നഗരത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നാണ് കൃത്രിമ മഴ. പൊങ്കാല കഴിഞ്ഞ് അവശിഷ്ടങ്ങളെല്ലാം നീക്കിയ ശേഷം കൃത്രിമ മഴ ഒരുക്കുന്നു. മഴയിൽ നഗരത്തിലെ റോഡുകളെല്ലാം കഴുകി വൃത്തിയാക്കും. പതിറ്റാണ്ടുകൾക്ക് മുന്നേ ഇത് ചെയ്ത് വരുന്നു. കഴിഞ്ഞ 12 വർഷമായി കഴുകി വൃത്തിയാക്കുന്നത് തരംഗിണിയാണ്. ഇന്ന് വൈകിട്ട് ഏഴരയോടെ സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും ആദ്യ മഴ.

പൊങ്കാല കഴിഞ്ഞുള്ള പൊടി പടലങ്ങൾ നീക്കുന്നതിനും അന്തരീക്ഷം തണുപ്പിക്കുന്നതിനും തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് തരംഗിണി. സിനിമ ഷൂട്ടിങ് ഉൾപ്പെടയുള്ളവർക്ക് കൃത്രിമ മഴയും കാറ്റും ഒരുക്കുന്ന സ്ഥാപനമാണ് തരംഗിണി. കല്ലിയൂർ പെരിങ്ങമ്മല തെറ്റിവിളയിലാണ് തരംഗിണി പ്രവർത്തിക്കുന്നത്. ഇന്ന് കൃത്രിമ മഴയ്‌ക്കായി നാല് വാഹനങ്ങളാണ് നിരത്തിലിറങ്ങുക. ഇക്കുറി ഇവരെ സഹായിക്കുന്നതിനായി കോർപറേഷന്റെ 15 ജീവനക്കാരും ഒപ്പമുണ്ട്. മഴയ്‌ക്കായുള്ള വെള്ളം സംഭരിച്ചിട്ടുള്ള വാഹനത്തിൽ വീണ്ടും ജലം സംഭരിക്കുന്നതിനായി ടാങ്കർ ലോറി ഉൾപ്പടെ മറ്റ് 18 വാഹനങ്ങളും സജ്ജമാണ്.

കൈക്കൂലി കേസിൽ പിടിയിലായ നഗരസഭാ സെക്രട്ടറിക്ക് അനധികൃത സമ്പാദ്യമെന്ന് കണ്ടെത്തൽ

തിരുവല്ല: കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാലിനെതിരെ കൂടുതൽ കണ്ടെത്തലുകൾ. സർവീസിലിരിയ്ക്കെ ഇയാൾ വൻതോതിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും വിജിലൻസിന് വിവരം ലഭിച്ചു. നിലവിൽ ഇയാൾ റിമാൻഡിലാണ്. വെള്ളിയാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ നാരായൺ സ്റ്റാലിൻ വിജിലൻസിന്റെ പിടിയിലായത്. നഗരസഭയിലെ ഖരമാലിന്യ സംസ്കരണം നടത്തുന്ന ക്രിസ് ഗ്ലോബൽസ് എന്ന കമ്പനി ഉടമയിൽ നിന്നാണ് ഇയാൾ 25000 രൂപ വാങ്ങിയത്. ഇയാൾക്കൊപ്പം നഗര സഭയിലെ ഓഫീസ് അറ്റന്റർ ഹസീനയേയും കസ്റ്റഡിയിലെടുത്തിരുന്നു.

നഗരസഭയിലെ പരിശോധനയ്ക്ക് ശേഷം വിജിലൻസ് സംഘം ഇരുവരുടേയും വീടുകളിലും പരശോധന നടത്തിയിരുന്നു. നാരായൺ സ്റ്റാലിന്റെ ആലപ്പുഴ പഴവീട്ടിലുള്ള വീട്ടിൽ നിന്ന് നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പല രേഖകളും ഇവിടെ നിന്ന് കിട്ടി. ഇയാളുടെ പേരിലുള്ള സ്ഥലങ്ങളുടെ ആധാരങ്ങളും വീടുകൾ വാടകയ്ക്ക് നൽകിയതിന്റെ വിവരങ്ങളും ഇതിലുണ്ട്. ഒന്നിലധികം വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ ആളുകൾ ഇയാൾക്കെതിരെ പരാതിയും നൽകി. 

ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും സമാന രീതിയിൽ കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസ് കണ്ടെത്തി. മാസങ്ങളായി നാരായൻ സ്റ്റാലിൻ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വിജിലൻസിന്റെ നി‍ർദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം ക്രിസ് ഗ്ലോബൽസ് ഉടമ പണവുമായി നാരായൺ സ്റ്റാലിനെ സമീപിച്ചത്.