ശാസ്ത്ര മനോഭാവം വളർത്താൻ സയൻസ് ഓൺ വീൽസ്

ശാസ്ത്ര മനോഭാവം വളർത്താൻ സയൻസ് ഓൺ വീൽസ്

ശാസ്ത്രത്തെ ജനങ്ങളിൽ എത്തിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് സയൻസ് ഓൺ വീൽസ്. ശാസ്ത്ര പരീക്ഷണങ്ങളുടെയും പഠനത്തിന്റെയും സഞ്ചരിക്കുന്ന വേദി ഒരുക്കാൻ കേരള സാങ്കേതിക പരിസ്ഥിതി കൗൺസിൽ ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തിൽ നടത്തുന്ന സയൻസ് ഓൺ വീൽസ് മാർച്ച് 1, 2 തീയതികളിൽ ഗവൺമെൻറ് എച്ച്.എസ്.എസ് തോന്നയ്ക്കലിൽ എത്തുന്നു. 2023 ജനുവരി 23 കാസർഗോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ് ബാലൻതോഡിൽ നിന്നാണ് ഈ ശാസ്ത്ര വാഹനം യാത്ര ആരംഭിച്ചത്.

ഒരു ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂളിലാണ് സയൻസ് ഓൺ വീൽസ് എത്തുക. തിരുവനന്തപുരം ജില്ലയിൽ നിന്ന് ഗവൺമെൻറ് എച്ച്.എസ്.എസ് തോന്നയ്ക്കൽ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തിലെ 13 ജില്ലകളിലൂടെ കടന്ന് ഈ ശാസ്ത്ര വാഹനം മാർച്ച് ഒന്നാം തീയതി ഗവൺമെൻറ് എച്ച്.എസ്.എസ്. തോന്നയ്ക്കലിൽ എത്തുന്നു. മാർച്ച് ഒന്നിന് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്ക് 50 പരീക്ഷണങ്ങൾ ചെയ്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനം നൽകും. ബാംഗ്ലൂർ ആസ്ഥാനമായുള്ള അഗസ്ത്യ ഇൻറർനാഷണൽ ഫൗണ്ടേഷനാണ് കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നത്. രണ്ടാമത്തെ ദിവസം, (മാർച്ച് 2 വ്യാഴാഴ്ച) പരിശീലിപ്പിച്ച വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷണങ്ങളിലൂടെ ശാസ്ത്ര വസ്തുതകൾ വിശദീകരിക്കും. പ്രദർശനസമയം മാർച്ച് 2 വ്യാഴം രാവിലെ 9. 30 മുതൽ വൈകുന്നേരം 4. 30 വരെ.
അന്നേദിവസം നാട്ടുരുചികളുടെ സ്വാദ് അറിയുന്നതിനായി – ഹാപ്പി ഡ്രിങ്ക്സ്, ചെറു ധാന്യങ്ങളുടെ ഗുണമറിയുവാനുള്ള മില്ലറ്റ് സ്റ്റാൾ, സ്കൂൾ കുട്ടികളുടെ മികവുകൾ അടുത്തറിയാനുള്ള മികവുത്സവം എന്നിവയും നടത്തുന്നു. മാർച്ച് 2 വ്യാഴാഴ്ച രാവിലെ പ്രദർശന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ .വേണുഗോപാലൻ നായർ നിർവഹിക്കുന്നു. ഈ പ്രദർശനത്തിൽ സമീപപ്രദേശങ്ങളിലെ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.

സയൻസോൺ വീൽസ് പ്രധാന ഉദ്ദേശ്യങ്ങൾ

. കുട്ടികൾക്കിടയിലുള്ള സഹപഠനം പ്രോത്സാഹിപ്പിക്കുക
. കുട്ടികൾക്ക് പരീക്ഷണങ്ങൾ നേരിട്ട് ചെയ്യുന്നതിനും അത് അവതരിപ്പിക്കുന്നതിനുള്ള
അവസരം ലഭിക്കുക
. കുട്ടികൾക്ക് ശാസ്ത്രീയ മനോഭാവം വളർത്തുക.
. കുട്ടികളുടെ നേതൃത്വ ഗുണം വളർത്തുക.
. ശാസ്ത്ര വസ്തുതകളിൽ വ്യക്തമായ ധാരണ കൈവരിക്കുക.
. ശാസ്ത്ര പരീക്ഷണങ്ങളോട് കൗതുകവും ജിജ്ഞാസയും
ഉണർത്തുക.
. ശാസ്ത്രത്തോട് താല്പര്യം വളർത്തുക.
. ശാസ്ത്ര വസ്തുതകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക.

ഈ പരിപാടിയുടെ സംസ്ഥാനതല സമാപന സമ്മേളനം നടക്കുന്നത് ഗവൺമെൻറ് എച്ച്.എസ്.എസ് തോന്നയ്ക്കലിലാണ്. മാർച്ച് രണ്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4. 30നാണ് സമാപന സമ്മേളനം. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി .ശിവൻകുട്ടിയാണ്. എംഎൽഎ.വി. ശശി അധ്യക്ഷനായ ഈ സമ്മേളനത്തിൽ എം.പി അഡ്വക്കേറ്റ്. അടൂർ പ്രകാശ് മുഖ്യാതിഥി ആയിരിക്കും. സമാപന സമ്മേളനത്തിൽ സ്വാഗതം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അഡ്വക്കേറ്റ് .വി .സുരേഷ് കുമാർ നിർവഹിക്കുന്നു. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല- ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഭാരവാഹികൾ, ശാസ്ത്രജ്ഞർ, മെന്റർ സയൻസ് പത്മശ്രീ എം .സി ദത്തൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബിപിസി, സ്കൂൾ പിടിഎ പ്രസിഡൻറ് ,എസ് എം സി ചെയർമാൻ ,സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.

ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു

ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു

ചിറയിൻകീഴ്: പെരുമാതുറ കൂട്ടായ്മ അൽഐൻ ഘടകം റമദാനോടനു ബന്ധിച്ച് ഖുർആൻ പാരായണ മത്സരം -സീസൻ 2 സംഘടിപ്പിക്കുന്നു. റമദാൻ ഒന്നു മുതൽ (23/03/2023) സൂം പ്ലാറ്റ് ഫോമിലാണ് മത്സരങ്ങൾ നടക്കുക. ജൂനിയർ വിഭാഗം (8 വയസ്സു മുതൽ 12 വയസ്സുവരെ), സീനിയർ വിഭാഗം (13 വയസ്സ് മുതൽ 18 വയസ്സുവരെ) വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 7500 രൂപ, മൂന്നാം സമ്മാനം 5000 രൂപ. ഫൈനലിലെത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും മൊമന്റോയും സർട്ടിഫിക്കറ്റും നൽകും. 00919633907096 എന്ന വാട്സ്ആപ് നമ്പരിൽ പേരുകൾ രജിസ്റ്റർ ചെയ്യാമെന്ന് പെരുമാതുറ കൂട്ടായ്മ അൽഐൻ ഘടകം പ്രസിഡന്റ് അബ്ദുൽ ഹയ്യും ജനറൽ സെക്രട്ടറി നിസാമുദ്ദീനും അറിയിച്ചു.

കാല് മാറി ശാസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് യോഗം ചേരുന്നു

കാല് മാറി ശാസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് യോഗം ചേരുന്നു

കോഴിക്കോട്: കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിൽ രോഗിയുടെ കാല് മാറി ശാസ്ത്രക്രിയ നടത്തിയ സംഭവത്തെ കുറിച് പരിശോധിക്കാൻ ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ യോഗം തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവിയുടെ ഓഫീസിലാണ് യോഗം. ഡി എം ഓ ക്കു പുറമെ വിദഗ്ധ ഡോക്ടർമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രോഗിയുടെ ബന്ധുക്കളെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇടതു കാലിനു പകരം വലതു കാലിലിൽ ശസ്ത്രക്രിയ ചെയ്യാനുണ്ടായ സാഹചര്യം ആണ് ബോർഡ്‌ പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന നടക്കാവ് പോലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ്‌ രൂപീകരിച്ചിരിക്കുന്നത്.

മുൻവൈരാഗ്യം, യുവാവിനെ വെട്ടിക്കൊന്നു; പ്രതികള്‍ കീഴടങ്ങി

മുൻവൈരാഗ്യം, യുവാവിനെ വെട്ടിക്കൊന്നു; പ്രതികള്‍ കീഴടങ്ങി

കോട്ടയം: കോട്ടയം കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനുവാണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. കൊലയ്ക്ക് പിന്നാലെ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു ക്രൂരകൃത്യം.

സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി പിരപ്പൻകോട് മഞ്ചാടിമൂട് സൂര്യ ആഗ്രോ ഫാം സന്ദർശിച്ചു

സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി പിരപ്പൻകോട് മഞ്ചാടിമൂട് സൂര്യ ആഗ്രോ ഫാം സന്ദർശിച്ചു

സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലോക്നാഥ്‌ ശർമ പിരപ്പൻകോട് മഞ്ചാടിമൂട് സൂര്യ ആഗ്രോ ഫാം സന്ദർശിച്ചു. കൂൺ കൃഷിയെക്കുറിച്ചു മനസിലാക്കുന്നതിനാണ് ഈ സന്ദർശനം. സൂര്യ ആഗ്രോ ഫാം ഡയറക്ടർ അജയ് കൂൺ കൃഷിയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. പിരപ്പൻകോഡ് കൃഷി ഓഫീസർ, പഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

രാവിലെ നടക്കാനിറങ്ങിയ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

രാവിലെ നടക്കാനിറങ്ങിയ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

രാവിലെ നടക്കാനിറങ്ങിയ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കരുനാ​ഗപ്പള്ളിയ്ക്ക് അടുത്താണ് സംഭവം. തിരുവനന്തപുരം ഉള്ളൂർ ശിവശക്തി നഗറിൽ വി. ഗംഗാധരനാണ് (72) (റിട്ട. അസി. ജനറൽ മാനേജർ, എഫ്.സി.ഐ റീജിയണൽ ഓഫീസ്, തിരുവനന്തപുരം) മരിച്ചത്. അടുത്തിടെ ഭാര്യ വീടായ തൊടിയൂർ ഇടക്കുളങ്ങരയിലെ ജ്യോതിസ് മണ്ടാനത്ത് താമസിച്ച് വരികയായിരുന്നു. ഇടക്കുളങ്ങര ദേവീക്ഷേത്രത്തിന് വടക്കാണ് കുഴഞ്ഞുവീണത്.

ഉടൻ നാട്ടുകാർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് ഇടക്കുളങ്ങര ജ്യോതിസ് മണ്ടാനത്ത് നടക്കും.ഭാര്യ: ജ്യോതി.എസ്.പിള്ള. മക്കൾ: ജയതിലക് (അക്സിസ് ബാങ്ക്), ജയ് കൃഷ്ണൻ (ടെക്നോപാർക്ക്). മരുമക്കൾ: ഡോ. വാണിദേവി (സൈക്കോളജിസ്റ്റ്), സ്വാതി സുരേന്ദ്രൻ (അദ്ധ്യാപിക, സെന്റ് തോമസ് പബ്ലിക് സ്കൂൾ).