സബീർ (ആയിക്കുന്നത്ത്) മരണപെട്ടു

സബീർ (ആയിക്കുന്നത്ത്) മരണപെട്ടു

ദീർഘകാലം കല്ലമ്പലം ജംഗ്ഷനിൽ പച്ചക്കറി വ്യാപാരം നടത്തുകയും ഓട്ടോ ഡ്രൈവറും ആയിരുന്ന സബീർ (ആയിക്കുന്നത്ത്) മരണപ്പെട്ടു. മയ്യത്ത്ങ്കോട് വഞ്ചിയൂർ വീട്ടിൽ,
കബറടക്കം ഇന്ന് (27.2.2023)11 മണിയ്ക്ക് നാവായിക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ

നെഞ്ചുവേദനയെ തുടർന്ന് നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടർന്ന് നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് താരത്തെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി കോട്ടയം നസീറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം. രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തി തുടങ്ങുന്ന ഉത്സവം ഇനി പത്തുനാൾ തുടരും. മാർച്ച് 7നാണ് പൊങ്കാല. പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ അറിയിച്ചു.

മാർച്ച് ഒന്ന് ബുധനാഴ്ച്ച കുത്തിയോട്ട വ്രതം ആരംഭിക്കും. 10-12 വയസ് പ്രായക്കാരായ കുട്ടികളെ മാത്രമാണ്‌ ഇത്തവണ കുത്തിയോട്ടത്തിൽ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. മാർച്ച്‌ ഏഴിന്‌ രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എട്ടിന്‌ രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം വെളുപ്പിന് 1.00ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്പെഷ്യൽ ഓഫീസർ ചുമതല തിരുവനന്തപുരം സബ്കളക്ടർ അശ്വതി ശ്രീനിവാസിനാണ്.

ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഹരിത പ്രോട്ടോക്കോൾ പരിശോധനക്കായി സ്‌ക്വാഡ് സജീവമായി രംഗത്തുണ്ട്. ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലൻസുകൾ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോൾ റൂമും എമർജൻസി മെഡിക്കൽ സെന്ററും ഏർപ്പെടുത്തും. 50 ലക്ഷം പേര് ഇത്തവണ പൊങ്കാലയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. 800 വനിതാ പൊലീസുകാരുൾപ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. ഇന്നുമുതൽ കെഎസ്ആർടിസി പത്ത് വീതം ദീർഘ, ഹ്രസ്വ ദൂര സർവ്വീസുകളും ഇലക്ട്രിക് ബസ് സർവ്വീസും ഏർപ്പെടുത്തും. പൊങ്കാല ദിവസം മാത്രം 400 ബസുകൾ സർവീസ് നടത്തും.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ദില്ലി മദ്യനയ അഴിമതി ആരോപണക്കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ ആസ്ഥാനത്ത് വിളിച്ചു വരുത്തി എട്ടുമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ​അറസ്റ്റ്. സെൻട്രൽ ദില്ലിയിലെ ലോദി റോഡിലുള്ള സി.ബി.ഐ ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
2021-2022-ലെ ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് മൂന്നുമാസത്തിനുശേഷമാണ് സിബിഐ സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മദ്യനയത്തിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ ദില്ലി ലഫ്. ഗവർണറായിരുന്ന വിജയ് കുമാർ സക്സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന നാലാമത്തെ വ്യക്തിയാണ് മനീഷ് സിസോദിയ. എഎപിഐയുടെ കമ്മ്യൂണിക്കേഷൻ ഇൻചാർജ് വിജയ് നായർ, ഇൻഡോ സ്പിരിറ്റ് ഗ്രൂപ്പിന്റെ സമീർ മഹേന്ദ്രു, ഹൈദരാബാദ് ആസ്ഥാനമായ വ്യവസായി അഭിഷേക് ബോയിൻപള്ളി എന്നിവരെയാണ് നേരത്തേ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയയെയും മറ്റ് 14 പേരെയും സിബിഐ പ്രതികളാക്കിയിരുന്നു. അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഉപയോഗിച്ചെന്നാണ് ആരോപണം. 2021 നവംബർ 17-ന് നടപ്പാക്കിയ മദ്യനയം വിവാദത്തെത്തുടർന്ന് ആം ആദ്മി സർക്കാർ 2022 ജൂലൈയിൽ പിൻവലിച്ചിരുന്നു.

28 തദ്ദേശ വാര്‍ഡുകളില്‍ മറ്റന്നാള്‍ ഉപതെരഞ്ഞെടുപ്പ്

28 തദ്ദേശ വാര്‍ഡുകളില്‍ മറ്റന്നാള്‍ ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് 1 ന് നടത്തും.
സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി. ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

ഇടുക്കി, കാസര്‍ഗോഡ് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 40 പേര്‍ സ്ത്രീകളാണ്. വോട്ടര്‍പട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിച്ചു. ആകെ 1,22,473 വോട്ടര്‍മാര്‍. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും 3 ട്രാന്‍സ്ജെന്‍ഡറുകളും. പ്രവാസി വോട്ടര്‍പട്ടികയില്‍ 10 പേര്‍. വോട്ടെടുപ്പിന് 163 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്തില്‍ നൂറും തളിക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ പതിന്നാലും കൊല്ലം കോര്‍പ്പറേഷനില്‍ നാലും മുനിസിപ്പാലിറ്റികളില്‍ രണ്ടും ഗ്രാമപഞ്ചായത്തുകളില്‍ നാല്പത്തിമൂന്നും ബൂത്തുകളുണ്ടാവും.പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. പോളിംഗ് സാധനങ്ങള്‍ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സെക്ടറല്‍ ഓഫീസര്‍മാര്‍ മുഖേന അതാത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരായാല്‍ മതിയാകും.

ക്രമസമാധാന പാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തും. വോട്ടണ്ണല്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഫലം അപ്പോള്‍ തന്നെ

www.lsgelection.kerala.gov.in sസെറ്റിലെ TREND ല്‍ ലഭ്യമാകും.

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി: ശുപാർശ മുഖ്യമന്ത്രി തള്ളി

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി: ശുപാർശ മുഖ്യമന്ത്രി തള്ളി

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശം മുഖ്യമന്ത്രി തള്ളി. നാലാം ശനിയാഴ്ചയിലെ അവധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വെച്ച വ്യവസ്ഥകളോട് ജീവനക്കാര്‍ക്ക് സഹകരിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. നാലാം ശനി അവധി സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ മഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ചര്‍ച്ചയില്‍ ഈ നടപടിയെ ഇടത് സംഘടനകള്‍ ഇതിനെ പൂര്‍ണമായി എതിര്‍ക്കുകയും ചെയ്തിരുന്നു. നാലം ശനി അവധി നടപ്പിലാക്കുന്നതിന് നിലവിലുള്ള ശമ്പളത്തോടെയുള്ള അവധി 20 ദിവസത്തില്‍ നിന്നും 15 ആക്കി കുറക്കുക, പ്രതിദിന പ്രവര്‍ത്തന സമയം രാവിലെ 10.15 മുതല്‍ 5.15 എന്നത് 10 മുതല്‍ 5.15 വരെയാക്കുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ നാലാം ശനിയാഴ്ച അവധിയാക്കാനായിരുന്നു സര്‍ക്കാര്‍ തലത്തിലെ ആലോചന.