നാഗ്‌പൂര്‍ ടെസ്റ്റ്: രോഹിത്തിന് സെഞ്ചുറി, ഇന്ത്യക്ക് ലീഡ്

നാഗ്‌പൂര്‍ ടെസ്റ്റ്: രോഹിത്തിന് സെഞ്ചുറി, ഇന്ത്യക്ക് ലീഡ്

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. 77-1 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി കരുത്തിലാണ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത്. ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ സെഞ്ചുറിയും കരിയറിലെ ഒമ്പതാം സെഞ്ചുറിയുമാണ് രോഹിത് നാഗ്പൂരില്‍ നേടിയത്.

നാഗ്പൂരിലെ സ്പിന്‍ പിച്ചില്‍ ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തിയപ്പോള്‍ ഒരറ്റത്ത് ഉറച്ചു നിന്ന രോഹിത് 171 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയിലാണ്. 103റണ്‍സുമായി ക്രീസിലുള്ള രോഹിത്തിനൊപ്പം 12റണ്‍സോടെ രവീന്ദ്ര ജഡേജയാണ് ക്രീസില്‍.

അധിക നികുതി ഒരാള്‍ പോലും അടയ്ക്കരുത്; നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും; കെ സുധാകരന്‍

അധിക നികുതി ഒരാള്‍ പോലും അടയ്ക്കരുത്; നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും; കെ സുധാകരന്‍

സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്. അതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും അഴിമതിക്കും ആര്‍ഭാടത്തിനും വേണ്ടിയാണ് ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പിരിക്കുന്നതെന്നും സുധാകരന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നികുതി വര്‍ധന പിടിവാശിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്ക് മുമ്പില്‍ സംസ്ഥാനത്തെ തളച്ചിട്ടു. മുഖ്യമന്ത്രി പിടിവാശി ഭൂഷണമാക്കരുത്. ജനങ്ങളുടെ മേല്‍ ബജറ്റില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം പിണറായിക്ക് പിന്‍വലിക്കേണ്ടി വരും. ലക്ഷ്യം കാണുന്നതുവരെ യുഡിഎഫ് സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ മുന്നില്‍ പലവട്ടം അദ്ദേഹം തോറ്റിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ എല്ലാ പിടിവാശികളും ജനങ്ങള്‍ വകവച്ചുകൊടുത്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി, സ്പ്രിംഗ്‌ളര്‍ അഴിമതി തുടങ്ങിയവ ഇതിനുദാഹരണമാണ്. യുഡിഎഫ് ജനങ്ങളെ അണിനിരത്തി സംഘടിപ്പിച്ച വമ്പിച്ച പ്രക്ഷോഭങ്ങളാണ് ഈ ഏകാധിപതിയെ മുട്ടുകുത്തിക്കാന്‍ സഹായിച്ചത്. സമരത്തോടും മാധ്യമങ്ങളോടും ജനകീയപ്രക്ഷോഭങ്ങളോടും മുഖ്യമന്ത്രിയ്ക്ക് പരമപുച്ഛമാണെന്നും സുധാകരന്‍ പറഞ്ഞു.

സിസേറിയനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; 2 ഡോക്ടർമാർക്കെതിരെ കേസ്

സിസേറിയനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; 2 ഡോക്ടർമാർക്കെതിരെ കേസ്

പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. നല്ലേപ്പുള്ളി സ്വദേശി അനിതയുടെ പ്രസവ ശസ്ത്രക്രിയയിൽ ഇരുവർക്കും അനാസ്ഥയും അശ്രദ്ധയും ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെയാണ് അനിത തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇന്ന് പൊലീസ് ഡോക്ടർമാരുടെ വിശദമൊഴി എടുത്തേക്കും. പ്രസവവേദന വരാത്തതിനെ തുട‍ര്‍ന്നായിരുന്നു അനിതയ്ക്ക് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുർക്കി സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു

തുർക്കി സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു

തുർക്കി: തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകമ്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പവുമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ മങ്ങുകയാണ്. സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതൽ യുഎൻ സഹായം എത്തിത്തുടങ്ങി.5 ട്രക്കുകളിലായി അവശ്യവസ്തുക്കൾ എത്തിച്ചു. കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം സിറിയയിലേക്ക് തിരിച്ചു.

ബിബിസി സംപ്രേഷണം രാജ്യത്ത് നിരോധിക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ബിബിസി സംപ്രേഷണം രാജ്യത്ത് നിരോധിക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ബിബിസി സംപ്രേഷണം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. ബിബിസി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ജി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി ഡോക്യുമെന്ററി രാജ്യത്ത് വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ പ്രവര്‍ത്തനം രാജ്യത്തു വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെടുന്നത്. ബിബിസിക്ക് രാജ്യത്ത് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം. രാജ്യത്തിനകത്തെ ബിബിസി ഇന്ത്യയുടെ പ്രവര്‍ത്തനവും നിരോധിക്കണം.

ഇന്ത്യ വിരുദ്ധ, കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടേയും, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവയെയും, ബിബിസിയുടെ ഇന്ത്യയിലെ ജേര്‍ണലിസ്റ്റുകളെപ്പറ്റിയും അന്വേഷണം നടത്താന്‍ എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ബിബിസിയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിനു മുന്നിൽ ഹിന്ദുസേനയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ബിബിസിയെ നിരോധിച്ചിരുന്നുവെന്നും വിഷ്ണു ഗുപ്ത ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ ഐവർ കുളത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ ആണ് മരിച്ചത്. പതിമൂന്ന് വയസ്സായിരുന്നു. പെരളശ്ശേരി എകെജി ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.വീട്ടിലെ കിടപ്പു മുറിയിലെ ജനൽ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.