by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ടി ജോണ്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബാംഗ്ലൂരിലായിരുന്നു അന്ത്യം. എസ്എം കൃഷ്ണ മന്ത്രിസഭയില്‍ അടിസ്ഥാന സൗകര്യവികസന മന്ത്രിയായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ബാംഗ്ലൂർ ക്വീന്‍സ് റോഡ് സെന്റ് മേരീസ് ജെഎസ്ഒ പള്ളിയില്‍ നടക്കും.

by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്എസ്എൽവി ലക്ഷ്യമിട്ടത്. സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നും കുതിച്ചുയർന്ന് മിനിറ്റുകൾക്കകം എസ്.എസ്.എൽവി ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി. രാജ്യത്തിന്‍റെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ചെറു പതിപ്പായാണ് എസ്എസ്എൽവിയെ കണക്കുകൂട്ടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്‍റെ ആക്സിലറോമീറ്ററിലുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആർഒ ഇറങ്ങിയത്. ദൗത്യം വിജയിച്ചതോടെ വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും.

by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസ് ഒത്തുതീര്‍പ്പായി എന്ന് താന്‍ ഒപ്പിട്ടുനല്‍കിയിട്ടില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.
കേസ് ഒത്തുതീര്‍പ്പായെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ കോടതിയില്‍ രേഖ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ലെന്നും താന്‍ ഒരു രേഖയിലും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. വിഷയം വളരെ ഗൗരവമുള്ളതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കെ ബാബു അഭിപ്രായപ്പെട്ടു. ഇതില്‍ അഭിഭാഷകന്‍ മറുപടി പറഞ്ഞേ മതിയാകൂ. വ്യാജരേഖ ചമയ്ക്കലും കോടതിയെ തെറ്റിദ്ധരിപ്പിക്കലുമാണ് ഉണ്ടായതെന്ന് ബഞ്ച് പരാമര്‍ശിച്ചു.

മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ സൈബി ജോസിന് പകരം ജൂനിയറാണ് ഇന്ന് ഹാജരായത്. എറണാകുളത്തെ ഫ്ലാറ്റിൽ സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ നടന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുമാണ് കേസ്.
by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് -27(പച്ചംകുളം) പത്തൊൻപതാം നമ്പർ(കുന്നുവാരം) അംഗനവാടിയ്ക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് വാങ്ങി നൽകിയ കസേരകൾ വാർഡ് കൗൺസിലറും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്.ഷീജ ആർ. അനിത ടീച്ചർക്ക് കൈമാറി. സി.പി.ഐ(എം)ബ്രാഞ്ച് സെക്രട്ടറിയും ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ ജി. നാരായണ പിള്ള, ലോക്കൽ കമ്മിറ്റി അംഗം എസ്.സതീഷ് കുമാർ, ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ പ്രസിഡന്റുമായ പ്രശാന്ത് മങ്കാട്ടു, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഇതോടെ വാർഡിൽ പ്രവർത്തിക്കുന്ന എല്ലാ അംഗനവാടികൾക്കും സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് കസേരകൾ ലഭ്യമാക്കിയിട്ടുണ്ട്.

by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കും വർഗീയതയ്ക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ: ആറ്റിങ്ങൽ മണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി അഡ്വ ബി സത്യൻ മുൻ എംഎൽഎ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, കിളിമാനൂർ ഏര്യാ സെക്രട്ടറി അഡ്വ ജയചന്ദ്രൻ, സി.പി.എം ആറ്റിങ്ങൽ ഏര്യാകമ്മിറ്റി അംഗങ്ങളായ എം പ്രദീപ്, ആർ രാജു എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ഒ.എസ് അംബിക എം.എൽ.എ, കൺവീനർ അഡ്വ ബി സത്യൻ (മുൻ എംഎൽഎ) എന്നിവരെ തെരഞ്ഞെടുത്തു.


by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേന്ദ്ര ബഡ്ജറ്റിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൻ ആർ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധിച്ചു. 2023 -24 വർഷത്തിലെ ബഡ്ജറ്റിൽ പദ്ധതിക്കായി 60,000 കോടി രൂപ മാത്രമാണ് മാറ്റി വെച്ചിട്ടുള്ളത്. കഴിഞ്ഞ ബഡ്ജറ്റിനേക്കാൾ 13,000 കോടി രൂപ കുറവാണ് ഈ ബഡ്ജറ്റിൽ വരുത്തിയിട്ടുള്ളത്. 2021 -22 വർഷത്തിൽ 98 467.85 കോടിയും
2022 -23 വർഷത്തിൽ 89,400 കോടി രൂപയും ആയിരുന്നു പദ്ധതി വിഹിതം. രാജ്യത്താകമാനം 30.45 കോടി തൊഴിലാളികളാണ് ഈ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവർക്ക് 100 ദിവസം ജോലി കൊടുക്കണമെങ്കിൽ 2.72 ലക്ഷം കോടി രൂപ ആവശ്യമാണ്. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറയ്കയാണ് സംഭവിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്ന കേരളത്തിന് ബഡ്ജറ്റിലെ വെട്ടിക്കുറവ് ദോഷകരമായി ബാധിക്കും. പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ച് തൊഴിലുറപ്പ് മേഖലയെ തകർക്കുവാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ തൊഴിലാളികൾ പ്രതിഷേധിച്ചത്.

ആറ്റിങ്ങൽ ഏരിയയിൽ മുദാക്കലിൽ യൂണിയൻ ഏരിയ പ്രസിഡന്റ്
പിസി ജയശ്രീ, കിഴുവലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരീഷ് ദാസ്, ചിറയിൻകീഴ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ആർ സരിത, വക്കത്ത് ഏരിയാ ട്രഷറർ സുനിൽകുമാർ, കടയ്ക്കാവൂരിൽ നിസാർ,അഞ്ചുതെങ്ങ് നെടുംങ്ങണ്ടയിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര, കായിക്കരയിൽ ഗ്രാമപഞ്ചായത്ത് അംഗം സജി സുന്ദർ അഞ്ചുതെങ്ങ് ജംഗ്ഷൻ അമ്മൻകോവിലിൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ എന്നിവർ പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു.
Recent Comments