by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കഴിഞ്ഞ ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് അധികം ചെലവഴിച്ച തുക യൂണിറ്റിന് 30 പൈസ വീതം എല്ലാ ഉപയോക്താക്കളിൽ നിന്നും സർചാർജ് ആയി പിരിച്ചു നൽകണമെന്നു
റഗുലേറ്ററി കമ്മിഷനോട് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഏപ്രിൽ 1
മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ പുറത്തുനിന്നു വൈദ്യുതി വാങ്ങിയ ഇനത്തിൽ
ബോർഡിന് അധികം ചെലവായ 87.07 കോടി രൂപ പിരിച്ചെടുക്കാൻ ഫെബ്രുവരി 1 മുതൽ
മേയ് 31 വരെയുള്ള കാലയളവിൽ യൂണിറ്റിന് 9 പൈസ സർചാർജ് ചുമത്തിയിട്ടുണ്ട്.
ഇതു പിരിച്ചുകൊണ്ടിരിക്കുകയാണ്.

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് വൈദ്യുതി
ഉത്പാദിപ്പിക്കുന്നതാണ് വില വർധനയ്ക്കുള്ള മുഖ്യ കാരണം. ജൂലൈ – സെപ്റ്റംബർ
കാലയളവിൽ വൈദ്യുതി വാങ്ങിയതിന് 187 കോടി രൂപ അധികം ചെലവഴിച്ചു എന്നാണ്
ബോർഡിന്റെ കണക്ക്. ഇതു സംബന്ധിച്ച് കമ്മിഷൻ ഹിയറിങ് നടത്തി അന്തിമ തീരുമാനം എടുക്കും. കഴിഞ്ഞ ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ വൈദ്യുതി വാങ്ങിയതിന് അധികം ചെലവഴിച്ച തുകയും അതിന്റെ സർചാർജും ഇതുവരെ ബോർഡ് ചോദിച്ചിട്ടില്ല. അത് 30 പൈസയെക്കാൾ കൂടുതൽ ആകാനാണ് സാധ്യത. ഇറക്കുമതി കൽക്കരിക്കു വില കൂടുന്നതിനാൽ ഇനിയുള്ള മാസങ്ങളിൽ സർചാർജ് വീണ്ടും വർധിക്കാനാണ് സാധ്യത.
by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊല്ലം കളക്ട്രേറ്റിൽ ഏഴിടങ്ങളിൽ ബോംബ് വെച്ചതായി ഭീഷണിക്കത്ത് എഴുതിയ സംഭവത്തിൽ അമ്മയും മകനും അറസ്റ്റിൽ. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ തിരച്ചിലിൽ സമാന രീതിയിൽ നിരവധി ഭീഷണി കത്തും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെയാണ് കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഭീഷണിക്കത്ത് ലഭിക്കുന്നത്. തുടർന്ന് പോലീസ് കേസെടുത്ത്് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.

തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏഴ് മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ, ഹാർഡ് ഡിസ്‌ക് എന്നിവ കണ്ടെത്തിയത്. നിരവധി ഭീഷണി കത്തുകളും ഇയാൾ തയ്യാറാക്കി വെച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
മകൻ ഇത്തരത്തിൽ ഭീഷണി കത്ത് അയക്കുന്നത് സംബന്ധിച്ച് അമ്മയ്‌ക്ക് അറിവുണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. കൊച്ചുത്രേസ്യയുടെ മൊബൈൽ ഫോണിൽ നിന്നും കളക്ട്രേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു. 2016 ജൂൺ 15-ന് കലക്ട്രേറ്റിൽ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്തിനെക്കുറിച്ച് പോലീസ് ഊർജിതമായി അന്വേഷണം നടത്തിയത്.

by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഹൈദരാബാദ്: ആന്ധ്രയിലെ കാക്കിനഡയിലെ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ മരിച്ചു. കാക്കിനഡയിലെ ജി രംഗപേട്ടയിലാണ് സംഭവം. ഓയില്‍ ഫാക്ടറിയിലെ വലിയ ഗ്യാസ് ടാങ്ക് ശുചിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അമ്പാട്ടി സുബ്ബണ്ണ ഓയില്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. മരിച്ച അഞ്ചുപേര്‍ പഡേരു സ്വദേശികളും രണ്ടുപേര്‍ പുലിമേരു സ്വദേശികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു തൊഴിലാളി രക്ഷപ്പെട്ടു.

by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വീട് വൃത്തിയാക്കാന്‍ എത്തിയ സത്രീയാണ് കാര്‍പ്പോര്‍ച്ചില്‍ ചോരപ്പാടുകളും ജനല്‍ചില്ലുകളും പൊട്ടിയ നിലയില്‍ കണ്ടത്. വീടിന്റെ ടെറസിലേക്ക് കയറുന്ന പടികളിലും രക്തപ്പാടുകള്‍ ഉണ്ട്. പോര്‍ച്ചില്‍ ഒരു വലിയ കരിങ്കല്ലും കണ്ടെത്തി. ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപുറകിലാണ് വി മുരളീധരന്റെ ഓഫീസ്. രാവിലെ ശ്രദ്ധയില്‍പ്പെട്ട സ്ത്രീ വി മുരളീധരന്റെ സഹായിയെ അറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രിയിലാകാം സംഭവമെന്നാണ് കരുതുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബെംഗളൂരു: കർണാടകയിൽ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് ബി.എസ് യെദിയൂരപ്പയുടെ പേരിടും. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേരിടുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. നേരത്തെ കർണാടക മന്ത്രിസഭായോഗമാണ് യെദിയൂരപ്പയുടെ പേര് വിമാനത്താവളത്തിനിടാൻ തീരുമാനിച്ചത്. എന്നാൽ ഈ നീക്കത്തെ എതിർത്ത് യെദിയൂരപ്പ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിന് മുൻമുഖ്യമന്ത്രിയുടെ പേര് നൽകുന്നതിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് നൽകുമെന്നും ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവമൊഗ്ഗയുടെ വികസനം സാധ്യമായത് യെദ്യൂരപ്പ ഉള്ളത് കൊണ്ടാണെന്നും ബൊമ്മയ് പറഞ്ഞു.

by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: പുത്തൂരിൽ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം എന്നാണ് കരുതുന്നത്.

സഹോദരിയുടെ വീടിനോട് ചേർന്നുള്ള കുടുംബവീട്ടിലാണ് ഇയാൾ കഴിഞ്ഞത്. ഇന്ന് പുലർച്ചെയാണ് വീട്ടുകാർ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ വിജയകുമാർ ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇതിനാൽ ഇയാൾക്ക് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചില സാമ്പത്തിക ബാധ്യതകളും വിജയകുമാറിനുണ്ടായിരുന്നുവെന്നാണ് സൂചന. ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ വിജയകുമാർ എഴുതിയിട്ടുണ്ടെന്നാണ് വിവരം.
Recent Comments