പിഎം കിസാന്‍ ആനുകൂല്യം: നടപടികള്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് പൂര്‍ത്തീകരിക്കണം

പിഎം കിസാന്‍ ആനുകൂല്യം: നടപടികള്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് പൂര്‍ത്തീകരിക്കണം

തിരുവനന്തപുരം: പി എം കിസാന്‍ (പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി) 13 -ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍, ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിര്‍ബന്ധമായും ഫെബ്രുവരി 10 നു മുന്‍പായി പൂര്‍ത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു ഇന്ത്യ പോസ്റ്റ് പേയ്മെന്റ്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.

ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ പൊതുമേഖല വിൽപ്പനക്കും, സ്വകാര്യ വൽക്കരണത്തിനും, യുവജന വഞ്ചനക്കുമെതിരെ ആറ്റിങ്ങൽ എൽ ഐ സി ഓഫീസിനു മുന്നിൽ ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറിയുമായ സി.ജി. വിഷ്ണുചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അനസ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അർജുൻ, ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം ഉണ്ണിമോൻ, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ സുഖിൽ, അഖിൽ, പ്രശാന്ത്, അജിൻപ്രഭ, പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.

അനിയന്റെ തലയില്‍ വീഴാതെ കോണ്‍ക്രീറ്റ് പാളി കൈ കൊണ്ട് താങ്ങി ചേച്ചി

അനിയന്റെ തലയില്‍ വീഴാതെ കോണ്‍ക്രീറ്റ് പാളി കൈ കൊണ്ട് താങ്ങി ചേച്ചി

കരളലിയിക്കുന്ന കാഴ്ചകള്‍ക്കിടയിലും സ്നേഹത്തിന്റെയും കരുതലിന്റെയും വാര്‍ത്തകളും തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും പുറത്ത് വരുന്നുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായി പോയ പത്തുവയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുമ്പോഴും കോണ്‍ക്രീറ്റ് പാളികളെങ്ങാനും കുഞ്ഞനിയന്റെ തലയില്‍ വീഴുമോ എന്ന ഭയത്താല്‍ കൈ മുകളിലേക്ക് ഉയര്‍ത്തി വച്ചിരിക്കുന്ന പെണ്‍കുട്ടിയാണ് 17 സെക്കന്റുള്ള വിഡിയോയില്‍.

17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഈ സഹോദരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.7,800 മരണമാണ് തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ 20,000 കടന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തുടർ ചികിൽസ: ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുന്നതിൽ ഇന്ന് തീരുമാനം

തുടർ ചികിൽസ: ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുന്നതിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.

ശ്വാസതടസവും ചുമയും കുറഞ്ഞെങ്കിലും ന്യൂമോണിയ ഭേദമായ ശേഷമാകും ആശുപത്രി മാറൽ.ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്നലെ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.ഒടുവിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പത്തുമണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും.

തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് നടത്തിയ 11 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് നടത്തിയ 11 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് നടത്തിയ 11 പേർ കസ്റ്റഡിയിൽ. പേട്ട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ദുബായിയിൽ നിന്ന് വന്ന മുഹമ്മദ് ഷമീമാണ് സ്വർണം കടത്തിയത്. ഈ സ്വർണം മറ്റൊരു സംഘത്തിന് മറിച്ചു നൽകിയതായി സംശയമുണ്ട്. സ്വർണം ഏറ്റുവാങ്ങാൻ എത്തിയവരുമായി തർക്കമുണ്ടായതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്. തുടർന്നു പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പേട്ട പൊലീസ് ഇവരെ കസ്റ്റംസിന് കൈമാറും.

മമ്മൂട്ടിയുടെ നെഞ്ചില്‍ തല ചായ്ക്കണം, സ്വര്‍ഗത്തില്‍ പോയ പോലുണ്ടാകുമത്’: ശോഭ ഡേ

മമ്മൂട്ടിയുടെ നെഞ്ചില്‍ തല ചായ്ക്കണം, സ്വര്‍ഗത്തില്‍ പോയ പോലുണ്ടാകുമത്’: ശോഭ ഡേ

ഓരോ വര്‍ഷം കഴിയുന്തോറും സ്വയം പുതുക്കലുമായി സിനിമ ചെയ്യുന്ന മമ്മൂട്ടിക്ക്, പ്രായഭേദമെന്യെ നിരവധി ആരാധകരാണുള്ളത്. മമ്മൂട്ടിയോടുള്ള ജനങ്ങളുടെ ആരാധന പ്രകടമാകുന്ന നിരവധി വാര്‍ത്തകളും വീ‍ഡിയോകളും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച്‌ ‘ക’ ഫെസ്റ്റില്‍ എഴുത്തുകാരി ശോഭാ ഡേ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഒരിക്കല്‍ കൂടി ജീവിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ മമ്മൂട്ടി ആകാനാണ് ഇഷ്ടമെന്ന് ശോഭാ ഡേ പറഞ്ഞു. അത്രയ്ക്ക് മാത്രം ആരാധന മമ്മൂട്ടിയോട് ഉണ്ടെന്നും അവര്‍ പറയുന്നു. പഴയ സിനിമകളിലാണ് താന്‍ മമ്മൂട്ടിയെ കണ്ടതെന്നും അന്നുതന്നെ അദ്ദേഹത്തെ വളരെ ഇഷ്ടമായെന്നും ശോഭ പറഞ്ഞു.

ശോഭ ഡേയുടെ വാക്കുകൾ:

കുറച്ച്‌ പഴയ സിനിമയിലാണ് ഞാന്‍ മമ്മൂട്ടിയെ കണ്ടത്. അന്നുതന്നെ അദ്ദേഹത്തോട് വളരെയേറെ ഇഷ്ടം തോന്നി. എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാന്‍ എന്റെ ഭര്‍ത്താവിനോടു ചോദിച്ചിട്ടുണ്ട്. നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും പ്രശ്നമില്ല, ബോളിവുഡിലോ ഹോളിവുഡിലോ ഒരു നടനും മമ്മൂട്ടിയെ പോലെ പാറപോലുള്ള വിരിഞ്ഞ നെഞ്ചില്ല. പിന്നെ ആ ശബ്ദം. കണ്ണുകളിലെ കരുണ. മൃദുലതയും പ്രകടനങ്ങളിലെ സാമര്‍ത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. എന്നെങ്കിലും ഞങ്ങള്‍ നേരില്‍ കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചില്‍ തല ചായ്ക്കണം. ഒരു മൈക്രോ സെക്കന്‍ഡ് നേരമെങ്കിലും. സ്വര്‍ഗത്തില്‍ പോയ പോലുണ്ടാകുമത്.