സമയവും തീയതിയും രേഖപ്പെടുത്താത്ത ഭക്ഷണപ്പൊതികൾ അനുവദിക്കില്ല

സമയവും തീയതിയും രേഖപ്പെടുത്താത്ത ഭക്ഷണപ്പൊതികൾ അനുവദിക്കില്ല

2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് ആക്ടിന്റെ 30(2)(എ) പ്രകാരം സംസ്ഥാനത്തിനകത്ത് ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കർ ഇല്ലാതെ തയ്യാറാക്കിയ ഭക്ഷണ പാക്കറ്റുകൾ വിൽക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണർ ഉത്തരവിട്ടു. ഭക്ഷണം പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിർദേശമുള്ള സ്ലിപ്പ്/സ്റ്റിക്കറുള ഭക്ഷണ പൊതികളായിരിക്കണം ഉപഭോക്താക്കൾക്ക് നൽകേണ്ടത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡ പ്രകാരം ഭക്ഷണം തയാറാക്കിയതിനു ശേഷം അത് എത്തിക്കേണ്ട സമയം രണ്ട് മണിക്കൂറിനു മുകളിലാണെങ്കിൽ 60 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഭക്ഷണം സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവിൽ പരാമർശിക്കുന്നു. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ കമ്മീഷണർ അറിയിച്ചു.

ആന തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു

ആന തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു

കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷനും അഖിലകേരള ആന തൊഴിലാളി യൂണിയനും ഓൾ കേരള ആന തൊഴിലാളി യൂണിയനും സംയുക്തമായി നടത്തിയ ചർച്ചയിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള സേവന വേതന വർദ്ധനവിന് തീരുമാനമായി. മാസശമ്പളം ഒന്നാം പാപ്പാന് 13,000 രൂപയും, രണ്ടാം പാപ്പാന് 10,750 രൂപയുമായി വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. ദിനബത്ത ഒരാൾക്ക് ദിവസം 450 രൂപയാക്കി ഉയർത്തി.

ആന എഴുന്നള്ളിപ്പിന് ഉത്സവ കമ്മിറ്റി നൽകേണ്ട ഉത്സവബത്ത 5000 രൂപയായും, പള്ളിപ്പെരുന്നാൾ, നേർച്ചകൾ തുടങ്ങിയവയ്ക്ക് (രണ്ടുദിവസത്തേക്ക്) 7000 രൂപയായും, ആനപ്പുറം കയറുന്നവർക്ക് 1700 രൂപയായും വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. പി എസ് രവീന്ദ്രനാഥൻ നായർ ജനറൽ സെക്രട്ടറി കെ ഇ ഒ എഫ്, കെ മഹേഷ്, ഹരി പ്രസാദ്.വി നായർ, ബാബുപോൾ എക്സ് .എംഎൽഎ, (എ ഐ ടി യു സി) പി എം സുരേഷ് സി ഐ ടി യു പ്രൊഫസർ എൻ രാധാകൃഷ്ണൻ, സജീവ് തിരുവാണിക്കാവ്, അഡ്വക്കേറ്റ് സി കെ ജോർജ്ജ്, കൃഷ്ണദാസ് പഞ്ചവടി, മനോജ് അയ്യപ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കാളികളായി.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് ഗര്‍ഭിണിയുമായി പോകുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് കാര്‍ കത്തുകയായിരുന്നു. കുറ്റ്യാട്ടൂര്‍ സ്വദേശി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. പിൻസീറ്റിലിരുന്ന ഒരുകുട്ടിയടക്കം നാലുപേരെ രക്ഷിച്ചു. മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്. കാര്‍ കത്തിയത് ഷോര്‍ട് സര്‍ക്യൂട്ട് മൂലമെന്ന് കരുതുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ ടീമിന്റെ അഭ്യാസപ്രകടനം തിരുവനന്തപുരത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ ടീമിന്റെ അഭ്യാസപ്രകടനം തിരുവനന്തപുരത്ത്

ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീമിന്റെ വ്യോമഭ്യാസ പ്രകടനങ്ങൾ തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി 5 ന് ശംഖുമുഖം ബീച്ചിൽ രാവിലെ 8.30 മുതൽ 9.30 വരെയാണ് പ്രകടനം. ഈ വ്യോമ അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുന്ന ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. വ്യോമാഭ്യാസത്തിൻ്റെ പൂർണ്ണമായ റിഹേഴ്‌സൽ ഫെബ്രുവരി 4 ന് 8.30 ന് നടക്കും.

പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ച കുട്ടിയെ ക്രൂരമായി മർദ്ധിച്ച കേസിൽ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ

പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ച കുട്ടിയെ ക്രൂരമായി മർദ്ധിച്ച കേസിൽ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ

തിരുവനന്തപുരം: പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ച കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം വർക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കുട്ടിയുടെ അച്ഛനേയും അമ്മുമ്മയെയും പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ കുട്ടികൾക്ക് എതിരെയുള്ള അതിക്രമം പ്രകാരം മൂന്ന് വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമെ കരുതിക്കൂട്ടിയുള്ള മർദ്ദനം, ആയുധം അല്ലെങ്കിൽ എന്തെങ്കിലും സാധനം കൊണ്ടുള്ള ആക്രമണം എന്നിങ്ങനെ വകുപ്പുകൾ പ്രകാരം ആണ് കേസ്.

എന്നാൽ പൊലീസിന്റെ എഫ് ഐ ആറിൽ തീർത്തും വ്യത്യസ്തമായ കാര്യങ്ങൾ ആണ് സംഭവവുമായി ബന്ധപ്പെട്ട് പറയുന്നത്. പ്ലേ സ്കൂളിൽ പോകാതെ പ്രതികളുമായി വിരോധമുള്ളവരുടെ വീട്ടിൽ കുട്ടി പോയതിൻ്റെ ദേഷ്യത്തിലാണ് അമ്മൂമ്മ ആ വീട്ടിൽ നിന്ന് കുട്ടിയെ വിളിച്ചിറക്കി മർദിച്ചതെന്നും വൈകിട്ട് വീട്ടിൽ എത്തിയ പിതാവും ഇത് അറിഞ്ഞ് കുട്ടിയെ മർദിച്ചു എന്നുമാണ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്. പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിനാണ് വീട്ടിൽ നിന്ന് ഇടറോഡിലേയ്ക്കുള്ള വഴിമധ്യേ കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് പൊതിരെ തല്ലിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പ‍ോര്‍ട്ട്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലേ സ്കൂളിൽ പോകാൻ മുത്തശ്ശിക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. പോകുന്നില്ലെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതിൽ പ്രകോപിതയായാണ് മുത്തശ്ശി വടിയെടുത്ത് കുട്ടിയെ തല്ലിച്ചതച്ചതെന്നായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞത്. അടിയ്ക്കേണ്ട, പ്ലേ സ്കൂളിൽ പൊക്കോളാം എന്ന് പെൺകുട്ടി കരഞ്ഞ് പറയുന്നത് വീഡിയോയിൽ കാണാമായിരുന്നു. കാലിനും മുതുകിനും അടക്കം പൊതിരെ തല്ലിയെ മുത്തശ്ശിയുടെ പിടി വിടീച്ച് സ്വന്തമായാണ് കുട്ടി പ്ലേ സ്കൂളിലേക്ക് പോയത്. അയൽവാസിയായ സ്ത്രീയാണ് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയത്. ഇത്തരത്തിൽ മുത്തശ്ശിയും അച്ഛനും കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ദൃശ്യങ്ങളെടുത്ത അയൽവാസി പരിചയക്കാര്‍ക്ക് കൈമാറിയതോടെ സാമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു. നാട്ടുകാരനായ പൊതുപ്രവര്‍ത്തകന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിലെ മൂന്ന് പെൺമക്കളിൽ ഇളയതാണ് മര്‍ദ്ദനമേറ്റ പെൺകുട്ടി.

സാംസ്കാരിക വേദിയുടേയും വൈ.എം.സി യുടേയും 32-ാം വാർഷികം സംഘടിപ്പിയ്ക്കുന്നു

സാംസ്കാരിക വേദിയുടേയും വൈ.എം.സി യുടേയും 32-ാം വാർഷികം സംഘടിപ്പിയ്ക്കുന്നു

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പള്ളിക്കൽ പഞ്ചായത്തിലെയും, മൂതല ദേശത്തെയും സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന സാംസ്കാരിക വേദിയുടേയും യുവജന വിഭാഗമായ വൈ.എം.സി യുടേയും 32-ാം വാർഷികം 2023 ഫെബ്രുവരി 3 ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 05.00 ന് അഡ്വ: വി.ജോയി എം.എൽ.എ യുടെ അധ്യക്ഷതയിൽ കൂടുന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസ്സീന, വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി എന്നിവർ പങ്കെടുക്കും. മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന കർമ്മ ശ്രേഷ്ഠാ പുരസ്കാരം, മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ്, വൈ.എം.സി യൂത്ത് ഐകൺ പുരസ്കാരം, കലാ പ്രതിഭകളെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം, കലാസന്ധ്യ, ആകാശ ദീപകാഴ്ച, ചന്ദ്രൻ തിരുമല നയിക്കുന്ന കോമഡി മെഗാഷോ എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് സാംസ്കാരിക വേദി വൈ.എം.സി ഭാരവാഹികളായ എം.നജീബ് , യു. സന്തോഷ്കുമാർ, എസ്സ്.ച്ച്. ഹസ്സൻ എന്നിവർ അറിയിച്ചു.