സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 480 രൂപ ഉയര്‍ന്നു

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 480 രൂപ ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി. ഗ്രാം വില 60 രൂപ കൂടി 5360 ആയി. സര്‍വകാല റെക്കോര്‍ഡാണിത്.

ഇന്നലെ 200 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,200 രൂപയായിരുന്നു. കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രവചനം.

ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

സി.പി.എമ്മിന് സി.പി.ഐയേക്കാള്‍ വലുത് ബി.ജെ.പി;  സി.പി.ഐ നേതാക്കളുടേത് നാണംകെട്ട മൗനം

സി.പി.എമ്മിന് സി.പി.ഐയേക്കാള്‍ വലുത് ബി.ജെ.പി; സി.പി.ഐ നേതാക്കളുടേത് നാണംകെട്ട മൗനം

മുന്‍മന്ത്രിയും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളായ സി.പി.എം നേതാക്കള്‍ കൂറുമാറിയത് സംസ്ഥാനത്ത് സി.പി.എം ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

എല്‍.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി.പി.ഐ യുമായി ഉള്ളതിനേക്കാള്‍ ശക്തമായ ബന്ധവും കൊടുക്കല്‍ വാങ്ങലുകളുമാണ് ബി.ജെ.പി, സംഘപരിവാര്‍ സംഘടനകളുമായി തങ്ങള്‍ക്കുള്ളതെന്നാണ് കാസര്‍കോട്ടെ കൂറുമാറ്റത്തിലൂടെ സി.പി.എം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

സി.പി.എം നേതാക്കളുടെ കൂറുമാറ്റത്തെ പ്രാദേശിക തീരുമാനമായി മാത്രം കാണാനാകില്ല. ആക്രമിക്കപ്പെടുമ്പോള്‍ ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലകളിലുള്ളവരാണ് കൂറുമാറിയത്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും അന്ന് ജീപ്പിലുണ്ടായിരുന്നു. എന്നിട്ടും മുതിര്‍ന്ന സി.പി.ഐ നേതാവിനെതിരെ നടന്ന ആക്രമണത്തില്‍ സി.പി.എം നേതാക്കള്‍ കൂറുമാറിയത് അവിശ്വസനീയമാണ്. സി.പി.എം ബി.ജെ.പി ബാന്ധവം താഴേത്തട്ടിലേക്ക് കൂടി നടപ്പാക്കിയതിന് പിന്നില്‍ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശവും ഇടപെടലും ഉണ്ടെന്നതില്‍ തര്‍ക്കമില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സി.പി.എം നേതാക്കള്‍ പ്രതികളായ വധശ്രമക്കേസില്‍ ബി.ജെ.പി നേതാക്കള്‍ കൂറ് മാറിയ സംഭവവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

പാര്‍ട്ടിയിലെ സമുന്നത നേതാവിനെതിരായ വധശ്രമക്കേസില്‍ പ്രതികളായ സംഘപരിവാറുകാരെ രക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ കൂറുമാറിയിട്ടും കേരളത്തിലെ സി.പി.ഐ നേതാക്കള്‍ പുലര്‍ത്തുന്നത് നാണംകെട്ട മൗനമാണ്. മോദിയെ പ്രീതിപ്പെടുത്തുന്നതിന് കേരള നേതൃത്വത്തിന്റെ സമ്മര്‍ദ്ദ ഫലമായി സി.പി.എം ഭാരത് ജോഡോ യാത്രയില്‍ നിന്നും വിട്ടു നിന്നപ്പോഴും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ധീരമായ ദേശീയ നേതൃത്വമുള്ള പാര്‍ട്ടിയാണ് സി.പി.ഐ. എന്നിട്ടും കേരളത്തില്‍ സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന് മുന്നില്‍ ആത്മാഭിമാനം പോലും പണയപ്പെടുത്തിയിരിക്കുകയാണ് സി.പി.ഐ സംസ്ഥാന നേതൃത്വം.

സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാവും

സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാവും

ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. മോചനത്തിനുള്ള നടപടികൾ പൂർത്തിയായി. റിലീസിങ്ങ് ഓർഡർ കോടതി ജയിലിലേക്ക് അയച്ചു. യുഎപിഎ കേസിൽ സുപ്രിംകോടതിയും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചനം സാധ്യമായത്. രണ്ട് വർഷം മുൻപാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. ഉത്തർ പ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴായിരുന്നു അറസ്റ്റ്. കാപ്പനൊപ്പം മസൂദ് അഹമ്മദ്, ആതികൂർ റഹ്മാൻ, മൊഹമ്മദ് എന്നിവരും അറസ്റ്റിലായി. കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. പിന്നീട് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു.

കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റത്.

കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്.

സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തിൽ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിൻറെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുകയുണ്ടായി. 3 ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്കരണങ്ങൾ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ് ഇത്. 15-ാം ധനകാര്യ കമ്മീഷന്റെ ശിപാർശകളിൽ ഉള്ളത് ഒരാവർത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്രത്തിന്റെ ധനകമ്മി 6.4 ശതമാനമായിരിക്കും. കോവിഡിന്റെ പ്രത്യാഘാതങ്ങളിൽപ്പെട്ട് ഉഴലുന്ന സംസ്ഥാനങ്ങൾക്ക് കുറഞ്ഞത് 4 ശതമാനമെങ്കിലും അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ചിട്ടില്ല. മൂലധന ചെലവിനായി സംസ്ഥാനങ്ങൾക്ക് നൽകുന്ന പലിശരഹിത വായ്പ ഈ വർഷവും തുടരും എന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇതിൽ ധാരാളം നിബന്ധനകളുണ്ടെന്ന സൂചന ബജറ്റ് പ്രസംഗത്തിലുണ്ട്. ഇത് സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങൾക്കനുസൃതമല്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാമ്പത്തിക അസമത്വങ്ങൾ വർദ്ധിച്ചുവരുന്നതായി വിദഗ്ദ്ധരുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുടെമേൽ ന്യായമായും ചുമത്തേണ്ട നികുതി ചുമത്താനുള്ള നടപടികൾ ഒന്നുംതന്നെ കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 2021-22 സാമ്പത്തിക വർഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23 ലെ പുതുക്കിയ കണക്കുകൾ പ്രകാരം 89,400 കോടി രൂപയാണ്. 2023-24 ൽ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. സുപ്രധാനമായ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതത്തിൽ ക്രമാനുഗതമായ വെട്ടിക്കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരുത്തപ്പെടേണ്ടതാണ്.

ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികൾക്ക് 2021-22 ൽ 15097.44 കോടി രൂപ ചെലവിട്ടിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകൾ പ്രകാരം ഇത് 11,868.63 കോടിയായി കുറഞ്ഞിട്ടുണ്ട്. 2023-24 ലെ ബജറ്റ് വകയിരുത്തിൽ ഇത് 8820 കോടി രൂപയായി കുറഞ്ഞു.

നാഷണൽ ഹെൽത്ത് മിഷനുവേണ്ടി 2021-22 ൽ 27,447.56 കോടി രൂപ ചെലവിട്ടു. 2022-23 ലെ പുതുക്കിയ കണക്കുകളിൽ ഇത് 28,974.29 കോടി രൂപയാണ്. 2023-24 ലെ ബജറ്റ് അനുമാനത്തിൽ ഇത് 29,085.26 കോടി രൂപയാണ്. കേവലം 0.42 ശതമാനത്തിന്റെ നാമമാത്രമായ വർദ്ധന. ആരോഗ്യമേഖലയോട് വേണ്ടത്ര പരിഗണന ഉണ്ടായിട്ടില്ല എന്നുള്ളതിന്റെ ദൃഷ്ടാന്തങ്ങളാണിത്.

കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനകമാകുന്നവ ഏതൊക്കെയാണെന്ന് പരിശോധിച്ച് അവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും. കേരളത്തിന്റെ റെയിൽവേ, മറ്റു പശ്ചാത്തല സൗകര്യ വികസന പദ്ധതികളോട് അനുഭാവപൂർവ്വമായ സമീപനം ഉണ്ടാകണമെന്നും ആവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റ് സമ്മേളനത്തിൽ തന്നെ ഉണ്ടാകണമെന്നും കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

റബ്ബർ തോട്ടത്തിലെ ഷെഡ്ഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

റബ്ബർ തോട്ടത്തിലെ ഷെഡ്ഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് ബദിയടുക്ക ഏൽക്കാനയിലെ റബ്ബർ തോട്ടത്തിലെ ഷെഡ്ഡിൽ കൊല്ലം സ്വദേശിനിയായ നീതു ( 28) മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ നിലയിലാണ് ഉള്ളത്. യുവതിയുടെ കൂടെയുണ്ടായിരുന്ന ആന്റോ (40) എന്നയാളെ കാണ്മാനില്ല. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുള്ളതായാണ് സൂചന. 42 ദിവസം മുമ്പ് കൊല്ലത്തുനിന്നും കാസർകൊട്ടെ എല്കാനയിൽ ടാപ്പിങ് തൊഴിലിനായി എത്തിയതാണ് സരിതയും ആന്റോയും.

ഇവർ താമസിച്ചുവന്നിരുന്ന ഷെഡിന്റെ പരിസരത്ത് മറ്റു വീടുകൾ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് ദിവസമായി ഇവരെ കാണാതായിരുന്നു. ഷെഡ്ഡിൽ നിന്നും ദുർഗന്ധം പുറത്തേക്ക് വന്നതോടെയാണ് മരണം പുറത്തറിഞ്ഞത്. സംഭവസ്ഥലത്ത് ബദിയടുക്ക പൊലീസും രഹസ്യ അന്വേഷണ വിഭാഗവും എത്തിയിട്ടുണ്ട്.

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലന് ജാമ്യം

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലന് ജാമ്യം

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലന് ജാമ്യം. ഉപാധികളോടെ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി. ഗ്രീഷ്മ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലിസ് കുറ്റപത്രത്തിലുണ്ട്. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തിരുന്നു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14 നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25 ന് മരിക്കുകയും ചെയ്തു. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.