നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍

നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍

കൊച്ചി: കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്. ഉഡുപ്പിയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കില്‍ കൊച്ചിയിലെത്തി മോഷണം നടത്തുകയായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് നെട്ടൂരിലെ പെറ്റ് ഹൈവ് എന്ന കടയില്‍ നിന്ന് ബൈക്കില്‍ എത്തിയ യുവതിയും യുവാവും നായക്കുട്ടിയെ മോഷ്ടിച്ചത്. കടയിലെത്തിയ ഇവര്‍ ഒരു പൂച്ചക്കുട്ടിയെയായണ് ആവശ്യപ്പെട്ടതെന്ന് കടയുടമ പറഞ്ഞു. എന്നാല്‍ പൂച്ചക്കുട്ടിയെ കിട്ടാത്തതിനെ തുടര്‍ന്ന് അവര്‍ കടയില്‍ നിന്ന് പോകുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞാണ് നായക്കുട്ടിയെ കാണാതായത് കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവതിയും യുവാവും നായയെ മോഷ്ടിച്ച് കൊണ്ടുപോകുന്നത് കണ്ടത്. പിന്നീട് കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

സിൽവർലൈന് ഇക്കുറിയും പച്ചക്കൊടിയില്ല, എയിംസുമില്ല; ബജറ്റിൽ കേരളത്തെ കേട്ടില്ല

സിൽവർലൈന് ഇക്കുറിയും പച്ചക്കൊടിയില്ല, എയിംസുമില്ല; ബജറ്റിൽ കേരളത്തെ കേട്ടില്ല

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാൻ കഴിയുക.

സിൽവർലൈൻ പദ്ധതിക്ക് എത്രയും വേഗം അനുമതി നൽകണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിനു മുന്നോടിയായി കേന്ദ്രത്തിനു നൽകിയ കത്തിൽ അഭ്യർഥിച്ചിരുന്നെങ്കിലും പരിഗണന ലഭിച്ചില്ല. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ന്റെ പ്രഖ്യാപനം ബജറ്റിലുണ്ടായില്ല.

പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പകുതി വീതമാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വർഷത്തേക്കു നീട്ടണമെന്നും, കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ബജറ്റിൽ അവയൊന്നും ഇടംപിടിച്ചില്ല.

മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും എട്ട് ഇന്നോവ ക്രിസ്റ്റ  കാറുകള്‍ വാങ്ങി സര്‍ക്കാര്‍

മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും എട്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകള്‍ വാങ്ങി സര്‍ക്കാര്‍. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇതേവിഭാഗത്തിലുള്ള കാര്‍ വാങ്ങിയിരുന്നു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കൃഷിമന്ത്രി പി. പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കായാണ് കാറുകള്‍ വാങ്ങുന്നത്. ഇതിനൊപ്പം ചിഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയിട്ടുണ്ട്.

2021 മേയില്‍ മന്ത്രിമാര്‍ക്കനുവദിച്ച ഔദ്യോഗികവാഹനങ്ങള്‍ ഒരുലക്ഷം മുതല്‍ 1.5 ലക്ഷം കിലോമീറ്റര്‍വരെയാണ് ഓടിയത്. ഇത് പരിഗണിച്ചാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രി മുഹമ്മദ് റിയാസിന് കീഴിലുള്ള ടൂറിസം വകുപ്പിനാണ് ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ചുമതലയുള്ളത്. ധനമന്ത്രി ബാലഗോപാല്‍ ഒഴികെ എല്ലാവരും പുതിയ വാഹനം ടൂറിസം വകുപ്പില്‍നിന്ന് ഏറ്റുവാങ്ങി.

ഫിറ്റ്‌നസ് ടെസ്റ്റ് പാസായി സഞ്ജു; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കും

ഫിറ്റ്‌നസ് ടെസ്റ്റ് പാസായി സഞ്ജു; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കും

ബെംഗളൂരു: ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ടെസ്റ്റ്. ഇതോടെ മാര്‍ച്ച് 17 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ജനുവരി മൂന്നിന് നടന്ന ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ സഞ്ജുവിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ താരത്തിന് പരമ്പര നഷ്ടമായി. പിന്നാലെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലും പരിക്ക് കാരണം താരത്തെ പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും വിശ്രമവുമായി എന്‍സിഎയില്‍ ആഴ്ചകളോളം ചെലവഴിച്ച ശേഷമാണ് സഞ്ജു ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുന്നത്.

ജമ്മു കശ്മീരില്‍ ഹിമപാതം; റിസോര്‍ട്ട് മഞ്ഞിനടിയിലായി; രണ്ടു വിദേശികള്‍ മരിച്ചു

ജമ്മു കശ്മീരില്‍ ഹിമപാതം; റിസോര്‍ട്ട് മഞ്ഞിനടിയിലായി; രണ്ടു വിദേശികള്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു – കശ്മീരിലുണ്ടായ അതിശക്ത ഹിമപാതത്തില്‍ രണ്ട് വിദേശ പൗരന്മാര്‍ മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്താല്‍ രക്ഷാപ്രവര്‍ത്തകരുടെ സംഘം അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്എസ്പി അറിയിച്ചു.

വിദേശത്തുനിന്നെത്തിയ വിനോദ സഞ്ചാരികളാണ് മരിച്ച രണ്ടുപേരും. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. രക്ഷപ്പെടുത്തിയ 19 പേരും വിദേശികളാണ്. രക്ഷാപ്രവര്‍ത്തനം കൃത്യമസമയത്ത് നടന്നതിനാല്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;  അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

ബംഗളരൂ: മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതി കഞ്ചാവ് ലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ബംഗളുരുവില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

26 കാരനായ പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും ഒരുവര്‍ഷമായി ബന്ധത്തിലായിരുന്നെന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ചതിന് യുവാവിനൊപ്പമായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് വസ്ത്രനിര്‍മ്മാണ ശാലയിലായിരുന്നു ജോലി. ഈ സമയത്ത് പ്രതിയാണ് കുഞ്ഞിനെ പരിചരിച്ചിരുന്നത്.

ചൊവ്വാഴ്ച യുവതി ജോലിക്ക് പോയ സമയത്ത് കഞ്ചാവ് ലഹരിയിലായ യുവാവ് കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.