തിരുവനന്തപുരം റവന്യു ജില്ലാ മദ്രസ്സാ സർഗ്ഗമേള; ആറ്റിങ്ങൽ ഉപജില്ല ചാമ്പ്യൻമാർ

തിരുവനന്തപുരം റവന്യു ജില്ലാ മദ്രസ്സാ സർഗ്ഗമേള; ആറ്റിങ്ങൽ ഉപജില്ല ചാമ്പ്യൻമാർ

തിരുവനന്തപുരം : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മദ്രസ്സകളുടെ റവന്യു ജില്ലാ തലസർഗമേളയിൽ ആറ്റിങ്ങൽ ഉപജില്ല ജേതാക്കളായി. തിരുവനന്തപുരം ഈസ്റ്റ്‌ ഉപജില്ല രണ്ടാം സ്ഥാനം നേടി. വിഴിഞ്ഞം സലഫി സെന്ററിൽ നടന്ന ജില്ലാ സർഗസംഗമത്തിൽ വിവിധ ഉപജില്ലകളിൽ നിന്നായി ഒന്നാം സ്ഥാനം നേടിയ മൂന്നൂറോളം കുട്ടികളാണ് മത്സരിച്ചത്. ഓൺസ്റ്റേജ് ഓഫ്‌സ്റ്റേജ് ഇനങ്ങളിലായി കിഡ്സ്‌, ചിൽഡ്രൻ, സുബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫി വിസ്‌ഡം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് സമ്മാനിച്ചു. മദ്രസ്സാതലത്തിൽ ജില്ലയിൽ പാലാംകോണം സലഫി മദ്രസ്സ ഒന്നാമതായി. ജില്ലയിൽ ഒന്നാം സ്ഥാനം നേടിയവർ ഫെബ്രുവരി 5 ന് മലപ്പുറം പാണക്കാട് ജാമിയ അൽഹിന്ദ് വനിത ക്യാമ്പസ്സിൽ നടക്കുന്ന സംസ്ഥാന സർഗസംഗമത്തിൽ മത്സരിക്കും.

തുടര്‍ച്ചയായ അഞ്ചു ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന ബഹുമതിയിലേക്ക് നിര്‍മല സീതാരാമനും

തുടര്‍ച്ചയായ അഞ്ചു ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന ബഹുമതിയിലേക്ക് നിര്‍മല സീതാരാമനും

ഡല്‍ഹി: തുടര്‍ച്ചയായ അഞ്ചു ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന ബഹുമതിയിലേക്ക് നിര്‍മല സീതാരാമനും. അരുണ്‍ ജയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിന്‍ഹ, മന്‍മോഹന്‍ സിങ്, മൊറാര്‍ജി ദേശായി എന്നിവരാണ് അഞ്ചു ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച മറ്റു ധനമന്ത്രിമാര്‍. ആദ്യ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് അരുണ്‍ ജയറ്റ്‌ലിയാണ്. 2014-15 മുതല്‍ 2018-19 വരെ അഞ്ചു ബജറ്റുകള്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചു. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരിപ്പിക്കുകയെന്ന, കൊളോണിയല്‍ കാലം മുതലുള്ള പതിവിനു മാറ്റം വരുത്തിയത് ജയ്റ്റ്‌ലിയാണ്. ജയ്റ്റ്‌ലി അസുഖബാധിതന്‍ ആയപ്പോള്‍ 2019-20ല്‍ ബജറ്റ് അവതരിപ്പിച്ചത് പിയൂഷ് ഗോയല്‍ ആയിരുന്നു.

2019ല്‍ രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായ നിര്‍മല സീതാരാമന്‍ ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിത എന്ന ബഹുമതി സ്വന്തം പേരിലാക്കി. 1970-71ലാണ് ഇന്ദിര ബജറ്റ് അവതരിപ്പിച്ചത്. ആദ്യ ബജറ്റില്‍ തന്നെ ബ്രീസ് കേസ് ഒഴിവാക്കിയ നിര്‍മല, പിന്നീട് ബജറ്റിനെ ടാബിലേക്കു മാറ്റി ഡിജിറ്റലാക്കി.

ഇതുവരെയുള്ള ധനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചത്, മുന്‍ പ്രധാനമന്ത്രി കൂടിയായ മൊറാര്‍ജി ദേശായിയാണ്. പത്തു ബജറ്റുകളാണ് മൊറാര്‍ജി അവതരിപ്പിച്ചത്. അതില്‍ അഞ്ചും തുടര്‍ച്ചയായാണ്. നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് 1991-92 മുതല്‍ 1995-96 വരെ അഞ്ചു ബജറ്റുകള്‍ അവതരിപ്പിച്ചു. ഇതില്‍ ആദ്യ ബജറ്റാണ് ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കു തുടക്കമിട്ടത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ കീഴില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയാണ്, വൈകിട്ട് അഞ്ചിനു ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് രാവിലെ പതിനൊന്നു മണിയിലേയ്ക്കു മാറ്റിയത്.

മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തൊടുപുഴ: മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ ആല്‍വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമത്തിന് പിന്നില്‍ പ്രണയനൈരാശ്യമാണെന്ന് പൊലീസ് പറഞ്ഞു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആല്‍വിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പ്രിന്‍സിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മൂന്നാറില്‍ ടിടിസി ആദ്യ വര്‍ഷ വിദ്യാര്‍ഥിനിക്ക് ചൊവ്വാഴ്ച വൈകീട്ടാണ്
വെട്ടേറ്റത്. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടി മൂന്നാറില്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നതിനിടെ, പാലക്കാട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവ് അവിടെയെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ബജറ്റ് അവതരിപ്പിക്കാന്‍ ചുവന്ന കവറില്‍ പൊതിഞ്ഞ ടാബ് ലെറ്റുമായി നിര്‍മല സീതാരാമന്‍

ബജറ്റ് അവതരിപ്പിക്കാന്‍ ചുവന്ന കവറില്‍ പൊതിഞ്ഞ ടാബ് ലെറ്റുമായി നിര്‍മല സീതാരാമന്‍

ഡല്‍ഹി: ഇത്തവണയും പതിവ് തെറ്റിച്ചില്ല. ബജറ്റ് അവതരിപ്പിക്കാന്‍ പട്ട് പോലെ തോന്നിപ്പിക്കുന്ന ചുവന്ന കവറില്‍ പൊതിഞ്ഞാണ് ടാബ് ലെറ്റുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേക്ക് പോയത്. പരമ്പരാഗത ശൈലിയില്‍ ചുവന്ന സാരി ധരിച്ച് ചുവന്ന കവറില്‍ പൊതിഞ്ഞ ടാബ് ലെറ്റുമായി നിര്‍മല സീതാരാമന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നു.

മുന്‍ കാലങ്ങളില്‍ ബ്രീഫ് കേസുമായാണ് ധനമന്ത്രിമാര്‍ ബജറ്റ് അവതരണത്തിന് എത്തിയിരുന്നത്. ഇതില്‍ മാറ്റം കൊണ്ടുവന്നത് നിര്‍മല സീതാരാമന്‍ ആണ്. കാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊണ്ട് പേപ്പര്‍ലെസ് ബജറ്റാണ് നിര്‍മല ഇത്തവണയും അവതരിപ്പിക്കുന്നത്. ഇതിനായാണ് ടാബ് ലെറ്റുമായി നിര്‍മല പാര്‍ലമെന്റിലേക്ക് പോയത്. ബജറ്റ് അവതരണത്തിന് മുന്‍പ് പതിവായുള്ള രാഷ്ട്രപതി സന്ദര്‍ശനത്തിന് മുന്നോടിയായാണ് നിര്‍മല ക്യാമറയ്ക്ക് മുന്നില്‍ ടാബ് ലെറ്റുമായി നിന്നത്.

ബജറ്റ് അവതരണത്തിനായി ഉപയോഗിക്കുന്ന ടാബ് ലെറ്റ് പൊതിഞ്ഞിരിക്കുന്ന ചുവന്ന കവറില്‍ സ്വര്‍ണനിറത്തിലുള്ള ദേശീയ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയെ കണ്ട ശേഷം നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിന് നേരിട്ട് പാര്‍ലമെന്റില്‍ എത്തും.

2019ലാണ് കൊളോണിയല്‍ പൈതൃകത്തിന്റെ ശേഷിപ്പ് എന്ന് വിശേഷിക്കുന്ന ബ്രീഫ് കേസ് നിര്‍മല ഉപേക്ഷിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മാറ്റം പിന്തുടരുകയായിരുന്നു. രാജ്യം കോവിഡ് പിടിയിലമര്‍ന്ന 2021ലാണ് ആദ്യമായി പേപ്പര്‍ലെസ് ആയി ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. തുടര്‍ച്ചയായ അഞ്ചാം ബജറ്റാണ് നിര്‍മല അവതരിപ്പിക്കാന്‍ പോകുന്നത്.

യൂണിറ്റിന് 9 പൈസ കൂട്ടി; വൈദ്യുതി നിരക്ക് വര്‍ധിച്ചു

യൂണിറ്റിന് 9 പൈസ കൂട്ടി; വൈദ്യുതി നിരക്ക് വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍. നാലുമാസത്തേയ്ക്കാണ് കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് 9 പൈസയാണ് കൂടുക. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍ നിന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയത് ബോര്‍ഡിന് അധിക ബാധ്യതയാണ് സൃഷ്ടിച്ചത്. ഇത് നികത്താനാണ് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.

യൂണിറ്റിന് 9 പൈസ കൂട്ടി; വൈദ്യുതി നിരക്ക് വര്‍ധിച്ചു

വൈദ്യുതി നിരക്ക് വർധിച്ചു, വർധന 4മാസത്തേക്ക്,യൂണിറ്റിന് 9പൈസ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. യുണിറ്റിന് 9 പൈസയാണ് കൂടുക. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.