പി കെ ഫിറോസ് ജയിലില്‍  തന്നെ; 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പി കെ ഫിറോസ് ജയിലില്‍ തന്നെ; 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടര്‍ന്നാണ് ജാമ്യം. 14 ദിവസമായി പ്രവര്‍ത്തകര്‍ ജയിലിലായിരുന്നു. കേസിലെ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പികെ ഫിറോസ് ഇപ്പോഴും ജയിലിലാണ്. ഫിറോസ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ജാമ്യം അനുവദിച്ചത്. പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.

പ്രാദേശിക അവധി

പ്രാദേശിക അവധി

പത്തനംതിട്ട: ചെങ്ങന്നൂര്‍ താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ചാണ് പ്രാദേശിക അവധി.

അനധികൃത ലേബര്‍ ക്യാമ്പ്; തിങ്ങിക്കൂടി തൊഴിലാളികള്‍, അടച്ചുപൂട്ടാന്‍ ഉത്തരവ്, പരിശോധനയ്ക്ക് പ്രത്യേക സംഘം

അനധികൃത ലേബര്‍ ക്യാമ്പ്; തിങ്ങിക്കൂടി തൊഴിലാളികള്‍, അടച്ചുപൂട്ടാന്‍ ഉത്തരവ്, പരിശോധനയ്ക്ക് പ്രത്യേക സംഘം

തിരുവനന്തപുരം: ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ ലേബര്‍ കമീഷണര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. ചാല പ്രധാന തെരുവില്‍ അതിഥി തൊഴിലാളികള്‍ തിങ്ങിക്കൂടി താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയശേഷമാണ് നിര്‍ദേശം നല്‍കിയത്.

ചാലയിലെ ക്യാമ്പ് അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ തിരുവനന്തപുരം നഗരസഭ ഉത്തരവിട്ടു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ലേബര്‍ കമ്മീഷണര്‍ കെ. വാസുകി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ് ) കെഎം സുനില്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും മന്ത്രിയുടെ സംഘം പരിശോധിച്ചു. അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണം ഉണ്ടെങ്കില്‍ പൊളിച്ചു മാറ്റുന്നതിന് സൂപ്രണ്ടിങ് എന്‍ജിനീയറോട് നിര്‍ദേശിച്ചു. കെട്ടിടത്തില്‍ ലൈസന്‍സ് ഇല്ലാത്ത കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി.

അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റര്‍സ്‌റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മാന്‍ ആക്ട് 1979 പ്രകാരം കോണ്‍ട്രാക്ടര്‍ക്ക് ലേബര്‍ കമീഷണറേറ്റ് നോട്ടീസ് നല്‍കും. അതിഥി തൊഴിലാളികളെ മാറ്റി താമസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും ലേബര്‍ കമീഷണറേറ്റ് കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ഇടത് മുന്നണിക്കെതിരെ ബി.ജെ.പി കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി

മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ഇടത് മുന്നണിക്കെതിരെ ബി.ജെ.പി കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ഭരണകക്ഷിയായ ഇടത് മുന്നണിക്കെതിരെ ബി.ജെ.പി കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി. അവിശ്വാസ പ്രമേയ യോഗത്തിന് കോറം തികയത്തതിനാലാണ് പ്രമേയം തള്ളിയത്. 20 അംഗ ഭരണസമിതിയിൽ എൽ ഡി എഫിന് 6 പേരും രണ്ട് സ്വതന്ത്രരുടെ പിൻ തുണയോടാണ് ഭരണത്തിലെത്തിയത്. ബി.ജെ.പിക്ക് 7 ഉം കോൺഗ്രസിന് 5 അംഗങ്ങളുമുണ്ട്. അവിശ്വാസ ചർച്ചയിൽ എൽ.ഡി.എഫിനൊപ്പം കോൺഗ്രസ് അംഗങ്ങളും യോഗത്തിൽ നിന്നും വിട്ട് നിന്നതോടെ കോറം ഇല്ലാതായി. യോഗത്തിൽ ചിറയിൻകീഴ് ബി.ഡി.ഒ ലെനിൻ അധ്യക്ഷത വഹിച്ചു.

കടലില്‍ പോയവര്‍ ഉടന്‍ മടങ്ങണം; ജാഗ്രതാ നിര്‍ദേശം

കടലില്‍ പോയവര്‍ ഉടന്‍ മടങ്ങണം; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നൽകി. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര-ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവര്‍ ചൊവ്വാഴ്ചയോട് കൂടി സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ ന്യൂനമര്‍ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകും ;  വനംമന്ത്രി

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകും ; വനംമന്ത്രി

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇടുക്കിയിലെ കാട്ടാന ശല്യം പരിഹരിക്കാൻ ആവശ്യമെങ്കിൽ മയക്കുവെടിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിരീക്ഷിച്ച ശേഷമാകും തുടർനടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണിച്ചു വയനാട്ടിൽ നിന്നും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ സംഘം ഇടുക്കിയിലെത്തും. ദേവികുളം റേഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കും. സുരക്ഷയൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കണമെന്നും വനംമന്ത്രി പറഞ്ഞു.