തൊടുപുഴയില്‍ കുടുംബം ഒന്നടങ്കം ആത്മഹത്യക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു

തൊടുപുഴയില്‍ കുടുംബം ഒന്നടങ്കം ആത്മഹത്യക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു

തൊടുപുഴ: മണക്കാട് ചിറ്റൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ വീട്ടമ്മ മരിച്ചു. പുല്ലറയ്ക്കല്‍ ആന്റണിയുടെ ഭാര്യ ജെസി(55) യാണ് മരിച്ചത്. ആന്റണിയും, മകള്‍ സില്‍നയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ആന്റണി തൊടുപുഴയില്‍ ബേക്കറി നടത്തുകയായിരുന്നു. ആന്റണിയെ അന്വേഷിച്ചെത്തിയവര്‍ ബേക്കറിയില്‍ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഇവരെ അവശ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പിന്നീട് ഇവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബി.ടെക്, ഡിപ്ലോമ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു; ആയിരത്തോളം ഒഴിവുകൾ

ബി.ടെക്, ഡിപ്ലോമ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു; ആയിരത്തോളം ഒഴിവുകൾ

സർക്കാർ-പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് ബി.ടെക്, ഡിപ്ലോമ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. കേന്ദ്രസർക്കാരിനു കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലെ കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററും ചേർന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

ബി.ടെക്, ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ ജയിച്ച് മൂന്നുവർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം കിട്ടാത്തവർക്കുമാണ് അവസരം. ബി.ടെക്കുകാർക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും സ്റ്റൈെപ്പൻഡ് ലഭിക്കും. ഫോൺ: 0484 2556530, sdckalamassery@gmail.com

ശാന്തിയാത്ര നടത്തി

ശാന്തിയാത്ര നടത്തി

മുരുക്കുംപുഴ: ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിൻ്റെ 75-ാം വാർഷിക ദിനത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ, ഗുരുദേവ ദർശന പഠനകേന്ദ്രം, സർവ്വോദയ റസി: അസ്സോസിയേഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മുരുക്കുംപുഴയിൽ നടന്ന ശാന്തിയാത്രയുടെ സമാപന സമ്മേളനം പാണൂർ മുസ്ലിം ജമ അത്തിൽ മുൻ എം പി പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു. എല്ലാ മതങ്ങളും വിശുദ്ധിയുടെയും സംശുദ്ധിയുടെയും, സ്നേഹത്തിൻ്റെയും, സാഹോദര്യത്തിൻ്റെയും, ധർമ്മത്തിൻ്റെയും പ്രതീകങ്ങളാണെന്നും ഒരു മത പ്രവാചകന്മാരും മനുഷ്യരെ കൊല്ലാൻ പറഞ്ഞിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. ഈ ലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഗാന്ധിവധത്തിലൂടെ സംഭവിച്ചതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ മതവിശ്വാസികളെല്ലെന്നും മതഭ്രാന്തന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ ഇമാം ഷെഹീർ മൗലവി അദ്ധ്യക്ഷനായിരുന്നു. മുരുക്കുംപുഴ സി.രാജേന്ദ്രൻ, ജെ.അഹമ്മദാലി എന്നിവർ സംസാരിച്ചു. നേരത്തെ മുരുക്കുംപുഴ ആറാട്ടുമുക്കിലെ എസ്സ് എൻ വി ഗ്രന്ഥശാലയിൽ നിന്നു ആരംഭിച്ച ശാന്തിയാത്ര മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. സെൻ്റ് അസ്റ്റിൻസ് ചർച്ചിലെത്തിയ ശാന്തിയാത്രയെ ഫാദർ ജോസഫ് ഭാസ്ക്കറും, ശ്രീ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ എസ്സ് എൻ ഡി പി യോഗം ശാഖാ പ്രസിഡൻ്റ് എൻ. അശോക് കുമാറും, പാണൂർ മുസ്ലിം ജമാ അത്തിൽ പ്രസിഡൻ്റ് എം.കെ.ഫാറൂഖും സ്വാഗതം ചെയ്തു സംസാരിച്ചു.

ശാന്തിയാത്ര മുഖ്യ ഇമാം ഷെഹീർ മൗലവി, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി.രാജേന്ദ്രൻ, ജോ. സെക്രട്ടറി എംഎം ഉമ്മർ, ഗുരുദേവ ദർശന പ0ന കേന്ദ്രം വൈസ് പ്രസിഡൻ്റുമാരായ ഫ്രാൻസിസ്സ് ഏണസ്റ്റ്, എം.നസീർ, മേഴ്സി ജോസഫ് ജോ.സെക്രട്ടറി വിപിൻ മിരാൻഡ, മഹിള വേദി പ്രസിഡൻ്റ് ഉഷ ശ്രീകുമാർ, ബാലവേദി കൺവീനർ ഗൗരി.എസ്സ്, സർവ്വോദയ റസി: അസ്സോസിയേഷൻ സെക്രട്ടറി ജീ. സുദർശനൻ, പഞ്ചായത്ത് അംഗങ്ങളായ കെ പി .ലൈല, ശ്രീചന്ദ്, അജിതമോഹൻദാസ്‌ എന്നിവർ പങ്കെടുത്തു.

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ചു

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്. വരും നാളുകളില്‍ നമ്മുടെ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. വൈകാതെ തന്റെ ഓഫീസും മാറും. മാര്‍ച്ചിൽ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള ഉച്ചകോടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും വിദേശികളായ സഹപ്രവര്‍ത്തകരോട് ഇക്കാര്യം അറിയിക്കണമെന്നും ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര നയതന്ത്രസഖ്യ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. നിലവില്‍ അമരാവതിയായിരുന്നു ആന്ധ്രയുടെ തലസ്ഥാനം. മൂന്ന് തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ ജഗന്‍ റെഡ്ഡി അറിയിച്ചിരുന്നു. അമരാവതി, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവയായിരുന്നു അത്. എന്നാല്‍ പിന്നീട് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് വിശാഖപട്ടണം തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ് 2023: 98083 ഒഴിവുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യ പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ് 2023: 98083 ഒഴിവുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യ പോസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകള്‍ക്കായി ആകെ 98083 ഒഴിവുകള്‍ പ്രഖ്യാപിച്ചു. പോസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ആകെയുള്ള 98083 ഒഴിവുകളില്‍ പോസ്റ്റ്മാന്‍ തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണം 59099 ഉം മെയില്‍ ഗാര്‍ഡിന്റെ ഒഴിവുകള്‍ 1445 ഉം ആണ്. മള്‍ട്ടി ടാസ്‌കിംഗ് തസ്തികയിലേക്ക് 23 സര്‍ക്കിളുകളിലായി 37539 ഒഴിവുകളാണുള്ളത്.

10, പ്ലസ്ടു പാസായവര്‍ക്ക് പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വയസ് മുതല്‍ 32 വയസ് വരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി. indiapost.gov.in എന്ന ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ് പോര്‍ട്ടലില്‍ അപേക്ഷിക്കേണ്ട രീതി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 2930 പോസ്റ്റ്മാന്‍ ഒഴിവുകളാണുള്ളത്. 74 മെയില്‍ ഗാര്‍ഡുകളുടെയും 1424 മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫുകളുടെയും ഒഴിവ് കേരളത്തിലുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി തപാല്‍ വകുപ്പ് ഉടന്‍ പ്രഖ്യാപിക്കും. തീയതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.

കിണറ്റില്‍ വീണ  ചെറുമകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം

കിണറ്റില്‍ വീണ ചെറുമകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം

കൊടുവള്ളി: കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 48 കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളിയിലായിരുന്നു അപകടമുണ്ടായത്. മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ മകന്‍റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് റംലയുടെ മകന്‍റെ മൂന്നുവയസുള്ള മകന്‍ കിണറ്റില്‍ വീണത്. കുട്ടിയെ രക്ഷിക്കാനായി റംലയും കിണറ്റിലേക്ക് ചാടുകയായിരുന്നു.

നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ എത്തുമ്പോള്‍ കിണറിനുള്ളിലെ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു മൂന്നുവയസുകാരന്‍. ആദ്യം കുട്ടിയെ അയല്‍വാസികള്‍ പുറത്തെടുത്തു. റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നരിക്കുനിയിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. അബ്ദുൽ അസീസ്, നുസ്രത്ത് ബീവി എന്നിവർ മക്കളും മുഹമ്മദ് ഷഹീദ്, ജംഷിദ എന്നിവർ മരുമക്കളുമാണ്.