അമിതമായി കഞ്ഞി വെള്ളം കൊടുത്തു രണ്ട് പശുക്കൾ ചത്തു

അമിതമായി കഞ്ഞി വെള്ളം കൊടുത്തു രണ്ട് പശുക്കൾ ചത്തു

കണ്ണൂർ: അമിതമായി കഞ്ഞി വെള്ളം കുടിച്ച് രണ്ട് പശുക്കൾ ചത്തു. പയ്യന്നൂരിലാണ് സംഭവം. മഠത്തുംപടി ക്ഷേത്ര പരിസരത്തെ ക്ഷീര കർഷകൻ അനിൽ കുമാറിന്റെ രണ്ട് പശുക്കളാണ് ചത്തത്. അമിതമായി ചോറും കഞ്ഞി വെള്ളവും നൽകിയതാണ് മരണ കാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കർഷകന്റെ ബാക്കി 13 പശുക്കൾ സുഖം പ്രാപിച്ചുവരുന്നതായും അധികൃ‍തർ വ്യക്തമാക്കി.

ക്ഷേത്രോത്സവത്തിൽ അന്നദാനത്തിന് വേണ്ടി തയാറാക്കിയ ചോറും കഞ്ഞിവെള്ളവും വലിയ അളവിൽ പശുക്കൾക്കു കൊടുത്തതായി അനിൽ പറഞ്ഞു. ഞായറാഴ്ച ഉച്ച മുതൽ തന്നെ പശുക്കൾ അവശതയിലായി. മൃഗാശുപത്രിയിലെ ഡോക്ടർമാരെത്തി ചികിത്സ തുടങ്ങിയെങ്കിലും രണ്ട് പശുക്കളെ രക്ഷിക്കാനായില്ല. ഒരെണ്ണം രണ്ട് മാസം ഗർഭിണിയായിരുന്നു.

അഴൂര്‍, പെരുങ്ങുഴി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ മഹാത്മജി അനുസ്മരണം നടത്തി

അഴൂര്‍, പെരുങ്ങുഴി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ മഹാത്മജി അനുസ്മരണം നടത്തി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്ത്വ ദിനത്തില്‍ കോണ്‍ഗ്രസ് അഴൂര്‍, പെരുങ്ങുഴി മണ്ഡലം കമ്മിറ്റികള്‍ മഹാത്മജി അനുസ്മരണവും, ഭാരത് ജോഡോയാത്രയുടെ സമാപനം കുറിച്ച് പതാക ഉയര്‍ത്തലും നടത്തി. പെരുങ്ങുഴി ജംഗ്‌ഷനില്‍ നടന്ന പരിപാടി ഡി.സി.സി അംഗം വി.കെ ശശിധരന്‍ ഉദ്‌ഘാടനം ചെയ്തു. സി.എച്ച് സജീവ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിജു ശ്രീധര്‍, മാടന്‍വിള നൗഷാദ്, എ.ആര്‍ നിസാര്‍, എ.കെ ശോഭനദേവന്‍, എം.കെ ഷാജഹാന്‍, എസ്.ജി അനില്‍കുമാര്‍, എം.ഷാബുജാന്‍, എസ്. മധു, അനു. വി നാഥ്, രാജന്‍ കൃഷ്ണപുരം, റഷീദ് റാവുത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിമാനത്തില്‍ നിന്നും പുക വലിച്ച സംഭവത്തില്‍ 62 കാരന്‍ അറസ്റ്റില്‍

വിമാനത്തില്‍ നിന്നും പുക വലിച്ച സംഭവത്തില്‍ 62 കാരന്‍ അറസ്റ്റില്‍

കൊച്ചി: വിമാനത്തില്‍ നിന്നും പുക വലിച്ച സംഭവത്തില്‍ 62 കാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശിയായ സുകുമാരനെയാണ് ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയില്‍ വച്ച് പുകവലിച്ചതിന് അസ്റ്റിലായത്. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് സ്‌പൈസ്ജറ്റ് വിമാനജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ജീവനക്കാര്‍ അയാളെ പുകവലിക്കുന്നതില്‍ നിന്ന് തടഞ്ഞു. തുടര്‍ന്ന് വിവരം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഓഫീസറെ അറിയിച്ചു. വിമാനം കൊച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെ ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു.

ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ നിന്ന് പുകവലിക്കുന്നത് അത്യന്തം അപകടകരമാണ്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു.

നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ പതിക്കണം

നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ പതിക്കണം

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും രണ്ട് ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കണം.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.

ചില ഭക്ഷണങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിലൂടെ ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഷവര്‍മ മാര്‍ഗ നിര്‍ദേശം നിലവിലുണ്ട്. പച്ച മുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുമുണ്ട്. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ല.

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം: ഇന്നും നാളെയും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തിൻറെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രണ്ടാംതീയതിവരെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ വൈകിട്ട് ചെറിയ തോതിലും മഴയുണ്ടാകും. തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിലാണ് നിലവിൽ തീവ്ര ന്യൂനമർദ്ദം. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

രണ്ട് ദിവസത്തേയ്ക്ക് ബംഗാൾ തീരത്ത് മോശം കാലവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും ഇന്ന് മുതൽ രണ്ട് വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തടസമില്ല.

കിളിമാനൂർ റോട്ടറി ക്ലബ്ബ് ഗവൺമെൻറ് എൽപിഎസ് പാപ്പാലയും സംയുക്തമായി രക്തസാക്ഷി ദിനം ആചരിച്ചു

കിളിമാനൂർ റോട്ടറി ക്ലബ്ബ് ഗവൺമെൻറ് എൽപിഎസ് പാപ്പാലയും സംയുക്തമായി രക്തസാക്ഷി ദിനം ആചരിച്ചു

രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് കിളിമാനൂർ റോട്ടറി ക്ലബ്ബ് ഗവൺമെൻറ് എൽപിഎസ് പാപ്പാലയും സംയുക്തമായി രക്തസാക്ഷി ദിനം ആചരിച്ചു. മഹാത്മാഗാന്ധിയുടെ ബുക്കുകൾ കുട്ടികൾക്ക് ലൈബ്രറിയിലേക്ക് റോട്ടറി പ്രസിഡൻറ് അഡ്വക്കേറ്റ് എൻ ആർ ജോഷി നൽകി. ഗാന്ധിജിയുടെ വേഷധാരിയായ കുട്ടിക്ക് റോട്ടറി ക്ലബ്ബിൻറെ ഉപഹാരം നൽകി. വേണു, വാർഡ് മെമ്പർ ശ്രീലത ടീച്ചർ, സീനിയർ Rtn സോമൻ സാർ , പിടിഎ പ്രസിഡന്റ് ശ്രീകുമാർ പാപ്പാല, അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.