പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള തുക വർദ്ധിപ്പിച്ചില്ല; പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള തുക വർദ്ധിപ്പിച്ചില്ല; പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപയാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനായി നിലവില്‍ അനുവദിക്കുന്നത്. പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സ്കൂള്‍ കലോല്‍സവങ്ങളി‍ല്‍ വിളമ്പേണ്ടത് ഏത് തരം ആഹാരമെന്നതില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ഭാഗമായി ഒന്നു മുതല്‍ എട്ട് വരെയുളള ക്ളാസുകളിലെ കുട്ടികള്‍ക്ക് സൗജ്യവും പോഷകസമൃദ്ധവുമായ ആഹാരം നല്‍കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ ഇതിനായനുവദിക്കുന്ന തുകയാണ് ഏറെ വിചിത്രം. ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപ. അതാകട്ടെ 150 കുട്ടികള്‍ വരെയുളള സ്കൂള്‍ക്ക് മാത്രം. 150നും അഞ്ഞൂറിനും ഇടിയിലാണ് കുട്ടികളുടെ എണ്ണമെങ്കില്‍ ഏഴ് രൂപയും അഞ്ഞൂറില്‍ കൂടുതല്‍ കുട്ടികളുളള സ്കൂളുകളില്‍ കുട്ടി ഒന്നിന് ആറ് രൂപയുമാണ് അനുവദിക്കുന്നത്.

2016മുതല്‍ നല്‍കി വരുന്ന ഈ തുക പരിഷ്കരിക്കുമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമടക്കം നടത്തി. അതും ഫലം കാണാതെ വന്നതോടെയാണ് കേരള പ്രവൈറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുക വര്‍ദ്ധിപ്പിക്കാത്ത പക്ഷം ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും എന്ന രീതിയില്‍ ഉച്ചഭക്ഷണം പോഷക സമൃദ്ധമാകണമെന്ന് നിഷ്കര്‍ഷിച്ചത് സംസ്ഥാന സര്‍ക്കാരായിട്ടും വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം പ്രതിപക്ഷം നിയമസഭയിലടക്കം ഉന്നയിച്ചിരുന്നു. പദ്ധതിയുടെ 60 ശതമാനം കേന്ദ്രവം 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പലവട്ടം ശുപാര്‍ശ നല്‍കിയെങ്കിലും സാന്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കാത്തതാണ് പ്രധാന പ്രതിസന്ധി.

റിപ്പബ്ലിക് ദിനാഘോഷവും ഭക്ഷ്യധാന കിറ്റ് വിതരണവും സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനാഘോഷവും ഭക്ഷ്യധാന കിറ്റ് വിതരണവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ദന്തൽ അസോസിയേഷന്റെ കീഴിൽ റിപ്പബ്ലിക് ദിനാഘോഷവും ഭക്ഷ്യധാന്യകിറ്റ് വിതരണവും നടത്തി. ഡോ : അംബേദ്ക്കർ ഓർഫനേജിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ ഐ. ഡി. എ. പ്രസിഡന്റ് ഡോ വാസുദേവൻ വിനയ് പതാക ഉയർത്തി. സെക്രട്ടറി ഡോ. സുബാഷ് കുറുപ്പ് ഭക്ഷ്യധാന കിറ്റ് വിതരണം ചെയ്തു . സി.ഡി.എച്ച് കൺവീനർ ഡോ. ഷമീം ഷുക്കൂറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ ധനുഷ് ഷാജി, ഡോ അനിൽ കുമാർ, ഡോ ദീപ, ഡോ ഫസീഹ് എന്നിവർ പങ്കെടുത്തു.

രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക്: സംഘടനകളുമായി ഇന്ന് ചര്‍ച്ച

രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക്: സംഘടനകളുമായി ഇന്ന് ചര്‍ച്ച

മുംബൈ: അഖിലേന്ത്യാ ബാങ്ക് പണിമുടക്കില്‍ ജീവനക്കാരുടെ സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും. ചീഫ് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ചര്‍ച്ച. ഈ മാസം 30, 31 തീയതികളില്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ടു ദിവസത്തെ പണിമുടക്ക് മുന്‍നിശ്ചയപ്രകാരം നടത്തുമോ എന്നത് ഇന്നറിയാനാകും. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് അഖിലേന്ത്യ തലത്തില്‍ രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒമ്പത് സംഘടന ഉള്‍പ്പെട്ടതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്.

ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് സംയുക്ത വേദിയുടെ ഭാഗമായി പണിമുടക്ക് നോട്ടീസ് നല്‍കിയത്.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, 1986 മുതല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ പിന്നീട് ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണങ്ങള്‍ക്ക് ആനുപാതികമായി പരിഷ്‌കരിക്കുക, തീര്‍പ്പാകാത്ത വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉറപ്പാക്കുക, ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ജീവനക്കാരെ നിയമിക്കുക, പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ ആവശ്യങ്ങളില്‍ ചര്‍ച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

തൃശൂർ: ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് ദാരുണസംഭവമുണ്ടായത്. പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
ഒരേ പ്രായത്തിലുള്ള മൂന്ന് മക്കളാണ് ജോർജിനുള്ളത്. കൂട്ടത്തിലെ ഏക പെൺകുട്ടിയാണ് മരിച്ച എൽസ മരിയ. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ അത് വഴി വന്ന കാട്ടൂർ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 480 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000 രൂപ. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5250 ആയി. ഇന്നലെ പവന്‍ വില സര്‍വകാല റെക്കോര്‍ഡ് ആയ 42,480ല്‍ എത്തിയിരുന്നു. മൂന്നു ദിവസമായി വില 42,000ന് മുകളിലാണ്.

സൗദി സൂപ്പർ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അൽ നസ്ർ പുറത്ത്

സൗദി സൂപ്പർ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അൽ നസ്ർ പുറത്ത്

സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ നസ്റിനു പരാജയം. കിങ്ങ് ഫഹദ് സ്റ്റേഡിയത്തിൽ വച്ച് അൽ ഇത്തിഹാദിനെ നേരിട്ട അൽ നസ്ർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. അൽ നസ്റിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിട്ടും കളിച്ചെങ്കിലും താരത്തിന് ഗോളൊന്നും നേടാനായില്ല.

തുടക്കം മുതൽ മുന്നിട്ടു നിന്ന ഇത്തിഹാദ് 15 ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. റൊമാരിഞ്ഞോ ആയിരുന്നു ഗോൾ സ്കോറർ. 43 ആം മിനിട്ടിൽ അബ്ദെറസാഖ് ഹംദല്ലയിലൂടെ അൽ നസ്ർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 4 മാറ്റങ്ങളുമായി ഇറങ്ങിയ അൽ നസ്ർ അല്പം കൂടി മെച്ചപ്പെട്ട കളിയാണ് കാഴ്ചവച്ചത്. 67 ആം മിനിട്ടിൽ ടലിസ്കയിലൂടെ അൽ നസ്ർ ഒരു ഗോൾ മടക്കി. എങ്കിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മുഹമ്മദ് അൽ ഷങ്കീറ്റി നേടിയ ഗോളിൽ അൽ ഇത്തിഹാദ് വിജയമുറപ്പിക്കുകയായിരുന്നു.