റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022′-ന് എന്‍ട്രികള്‍ ക്ഷണിച്ചു

റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022′-ന് എന്‍ട്രികള്‍ ക്ഷണിച്ചു

കൊച്ചി: 2022 ലെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏര്‍പ്പെടുത്തിയ റോട്ടറി വിമന്‍ ജേർണലിസ്റ്റ് അവാര്‍ഡ് 2022-ന് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലായി റിപ്പോര്‍ട്ടര്‍ക്കും, ഫോട്ടോ/ വീഡിയോ ജേർണലിസ്റ്റ് എന്നിവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. 2022-ല്‍ പ്രസിദ്ധീകരിച്ചതോ സംപ്രേക്ഷണം ചെയ്തതോ ആയ വനിത, ശിശുക്ഷേമ രംഗവുമായി ബന്ധപ്പെട്ടുള്ള സ്റ്റോറികളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളുമാണ് അവാര്‍ഡിനായി പരിഗണിക്കുക.

25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങുന്ന പാനലാണ് അവാര്‍ഡ് നിര്‍ണയിക്കുക. എന്‍ട്രികള്‍ 
rotaryclubtripunithura@gmail.com എന്ന ഇമെയിലിലാണ് അയക്കേണ്ടത്. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. മാർച്ച്‌ 8ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിയ്ക്കും. വിശദ വിവരങ്ങള്‍ക്ക് 9947677679 ല്‍ ബന്ധപ്പെടുക.

ഇന്‍ഡോറിലും ഇന്ത്യ, ഏകദിന പരമ്പര തൂത്തുവാരി

ഇന്‍ഡോറിലും ഇന്ത്യ, ഏകദിന പരമ്പര തൂത്തുവാരി

ഇന്‍ഡോര്‍: മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യക്ക് പരമ്പരയും(3-0) ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഓപ്പണര്‍ കോണ്‍വേയുടെ സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി. ബാറ്റിംഗില്‍ സെഞ്ചുറികളുമായി രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീതവുമായി ഷര്‍ദ്ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ് വീഴ്ത്തി യുസ്‌വേന്ദ്ര ചാഹലും തിളങ്ങി. അര്‍ധസെഞ്ചുറിയും ഒരു വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും നിര്‍ണായകമായി. ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരി. 

കോണ്‍ഗ്രസ് പദവികളില്‍ നിന്ന് രാജിവച്ച് അനില്‍ ആന്റണി

കോണ്‍ഗ്രസ് പദവികളില്‍ നിന്ന് രാജിവച്ച് അനില്‍ ആന്റണി

ഡൽഹി: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കെതിരായ പാര്‍ട്ടി നിലപാട് തള്ളി രംഗത്തെത്തിയതിന് പിന്നാലെ എഐസിസി സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ അനില്‍ ആന്റണി രാജിവച്ചു. കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതായി, മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്നെ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തുകൊണ്ടുള്ള തന്റെ ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണുത പ്രകടപ്പിക്കുകയാണ്. ട്വീറ്റ് പിന്‍വലിക്കണമെന്ന് അവരെല്ലാം ആവശ്യപ്പെട്ടെങ്കിലും താന്‍ നിരസിച്ചു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ശകാരങ്ങള്‍ നിറയുകയാണ്. ഈ കാപട്യം സഹിക്കാനാവില്ലെന്ന് അനില്‍ ട്വിറ്ററില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സ്തുതി പാഠകര്‍ക്കാണ് സ്ഥാനമെന്നും അതുമാത്രമാണ് പലരുടെയും യോഗ്യതയെന്നും രാജിക്കത്തില്‍ അനില്‍ ആന്റണി വിമര്‍ശിച്ചു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ആസ്പദമാക്കി ചർച്ചയും പ്രസംഗം, ഉപന്യാസ രചന സംഘടിപ്പിച്ചു

ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ആസ്പദമാക്കി ചർച്ചയും പ്രസംഗം, ഉപന്യാസ രചന സംഘടിപ്പിച്ചു

ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാ മിഷൻ ചിറ്റാറ്റിൻകരയിലെ നാലാം തരം തുല്യതാ ക്ലാസ്സിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ആസ്പദമാക്കി ചർച്ചയും പ്രസംഗം, ഉപന്യാസ രചന എന്നിവ നടന്നു. വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ രമ്യയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. നോഡൽ പ്രേരക് മിനി രേഖ, ജസീന, ഷീന, മല്ലിക തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കെഎസ്ആർടിസി ബസ്സിൽ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസ്സിൽ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ

തൃശൂരിൽ കെഎസ്ആർടിസി ബസ്സിൽ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പരാതിയിൽ വയോധികൻ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ചിറ്റിലപ്പള്ളി വീട്ടിൽ 63 കാരനായ ലാസറിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചൂണ്ടലിൽ എത്തിയപ്പോഴാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

കെഎസ്ആർടിസി ബസ് കുന്നംകുളം പോലീസ് സ്റ്റേഷനു മുൻപിലെത്തിച്ച് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സമാനമായ കുറ്റകൃത്യത്തിന് പ്രതിക്കെതിരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലും കേസുണ്ട്.

ബി ബി സി  ഡോക്യുമെന്ററി പ്രദര്‍ശനം: പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവർത്തകർ; തിരുവനന്തപുരത്ത് സംഘര്‍ഷം

ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശനം: പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവർത്തകർ; തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യുവജനസംഘടനകളുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യുവമോർച്ച. തിരുവനന്തപുരം മാനവീയം വീഥിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിടെ തുടർന്ന് യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.