എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 10നാണ് ഒന്നരമാസത്തെ ജയില്‍ വാസത്തിന് ശേഷം, കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡിസംബറില്‍ തുടര്‍ച്ചയായി മൂന്നാഴ്ചയോളം ആര്‍ഷോ ഒപ്പിടാന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി കൊണ്ട് കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെ ആര്‍ഷോ ഹൈക്കോടതിയെ സമീപിച്ചു.

ഡിസംബറില്‍ തനിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ കര്‍ശന വിശ്രമം നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒപ്പിടാന്‍ കഴിയാതെ പോയത്. ഇതാണ് ജാമ്യവ്യവസ്ഥ ലംഘനമായി ചൂണ്ടിക്കാണിച്ചതെന്നും മെഡിക്കല്‍ രേഖകള്‍ സഹിതം ഹൈക്കോടതിയെ സമീപിച്ചതായും അനുകൂലമായി നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർഷോ പറഞ്ഞു.

യുവ നടൻ സുധീര്‍ വര്‍മ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്

യുവ നടൻ സുധീര്‍ വര്‍മ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്

തെലുങ്ക് യുവ നടൻ സുധീര്‍ വര്‍മ അന്തരിച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 33 വയസായിരുന്നു. വിഷം കഴിച്ചതാണ് സുധീര്‍ വര്‍മയുടെ മരണത്തിലേയ്ക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. ജനുവരി 10ന് വാറങ്കലില്‍ വെച്ച് സുധീര്‍ വര്‍മ വിഷം കഴിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ ബന്ധു വീട്ടില്‍ പോയ സുധീര്‍ വര്‍മ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി. പിന്നീട് സുധീര്‍ വര്‍മയെ ബന്ധുക്കള്‍ ഒസ്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനുവരി 21ന് വിശാഖപട്ടണത്തിലേക്ക് മാറ്റി എന്നും പൊലീസ് പറയുന്നു. അവിടെ മഹാറാണിപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം തിങ്കളാഴ്ച മരിക്കുുകയുമായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും സംസ്‍കാര ചടങ്ങുകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.

നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണ് സുധീര്‍ വര്‍മ. പോസ്റ്റ്‍മാര്‍ട്ടം നടത്താതെയാണ് സുധീര്‍ വര്‍മയുടെ മൃതദേഹം വിട്ടുകൊടുത്തത് എന്നും ആരോപണമുണ്ട്. സുധീര്‍ വര്‍മയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതരുടെ മൊഴി എടുത്തിട്ടെന്നും പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

‘സെക്കന്റ് ഹാൻഡ്’ എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ വര്‍മ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘നീക്കു, നക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’ എന്നിവയാണ് സുധീര്‍ വര്‍മ അഭിനയിച്ച മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. വളരെ സ്‍നേഹ സമ്പന്നനായ വ്യക്തിയായിരുന്നു സുധീര്‍ വര്‍മ എന്ന് അദ്ദേഹത്തോടൊപ്പം ‘കുന്ദനപ്പു ബൊമ്മ’ എന്ന ചിത്രത്തില്‍ അഭിനയിച്ച നടൻ സുധാകര്‍ കൊമകുല പറഞ്ഞു. അദ്ദേഹം ഇനി ഇല്ല എന്ന് വിശ്വസിക്കാനാകുന്നില്ല എന്നും സുധാകര്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതി 60% പൂർത്തിയായി; സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തും

വിഴിഞ്ഞം പദ്ധതി 60% പൂർത്തിയായി; സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തും

തിരുവനന്തപുരം: വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ആദ്യ കപ്പൽ എത്തുന്നത് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും. തുറമുഖം പൂർണ സജ്ജമാകണമെങ്കിൽ ഇനിയും ഒരു വർഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60% പദ്ധതി പൂർത്തിയായി. 7 ക്വാറികൾ കൂടി പുതുതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.

വർക്കല സ്വദേശികളായ ദമ്പതികൾ ഇടുക്കിയിൽ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ

വർക്കല സ്വദേശികളായ ദമ്പതികൾ ഇടുക്കിയിൽ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ

ഇടുക്കി ചെറുതോണിയിൽ വാടക വീട്ടിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശികളായ അജിത് (40), ഷാനി (39) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി മെഡിക്കൽ കോളജിൽ ടൈൽ പാകുന്നതിനുള്ള പണികൾക്കായി ഒരാഴ്ച മുമ്പാണ് ഇരുവരും എത്തിയത്.

ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ താമസ സ്ഥലത്ത് എത്തി പരിശോധന നടത്തി. കതക് തുറക്കാത്തതിനാൽ പൊലീസിനെ അറിയിച്ചു. പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദ്ദേഹങ്ങൾക്ക് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

പൈപ്പുകളിലൂടെ പാചകവാതകം തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും

പൈപ്പുകളിലൂടെ പാചകവാതകം തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും

തിരുവനന്തപുരം: വീടുകളില്‍ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച എല്‍.സി.എന്‍.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രകൃതിവാതകം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ കൊച്ചുവേളിയിലും ചേര്‍ത്തലയിലും സ്ഥാപിച്ച എല്‍.സി.എന്‍.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്‌റ്റേഷനുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.

ആദ്യഘട്ടത്തില്‍ 30,000 വീടുകളിലേക്കും 150 ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈന്‍ ശൃംഖലയിലൂടെ എത്തിക്കും. കൊച്ചുവേളിയിലെ ദ്രവീകൃത കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് സ്‌റ്റേഷന്‍ തിരുവനന്തപുരം ജില്ലയിലെയും തെക്കന്‍ കൊല്ലത്തെയും വീടുകളിലേക്കും വ്യവസായശാലകളിലേക്കും, ചേര്‍ത്തലയിലെ സ്‌റ്റേഷന്‍ ആലപ്പുഴ, നോര്‍ത്ത് കൊല്ലം ഭാഗങ്ങളിലും പ്രകൃതി വാതകം എത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അറ്റ്‌ലാന്റിക് ഗള്‍ഫ് ആന്‍ഡ് പസഫിക് ലിമിറ്റഡാണ് (എജി ആന്‍ഡ് പി) പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിച്ചത്. സിലിണ്ടര്‍ വേണ്ട, അപകട സാദ്ധ്യതയില്ല, മലിനീകരണ പ്രശ്‌നങ്ങളില്ല തുടങ്ങിയവയാണ് സിറ്റി ഗ്യാസിന്റെ പ്രത്യേകതകള്‍. ഉപയോഗത്തിന് അനുസൃതമായാണ് പ്രതിമാസ ബില്‍ അടയ്‌ക്കേണ്ടത്. വരുംവര്‍ഷങ്ങളില്‍ ദ്രവീകൃത പ്രകൃതി വാതകം പദ്ധതി വിപുലീകൃതമാകുന്നതോടെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും

നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങുന്നു. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിനിടെ കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി.

കേസിൽ ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്‍റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. ക്രൈംബ്രാ‌ഞ്ചിന് നൽകിയ മൊഴി സായ് ശങ്കർ ആവർത്തിച്ചെന്നാണ് സൂചന.
ഇതിനിടെ കേസിൽ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അതിജീവിത വീണ്ടും നീക്കം തുടങ്ങി.

ഇവരെ പ്രതി ചേർക്കാൻ അന്വേഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഇതിന് അനുമതി നൽകിയില്ല. എന്നാൽ കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂർണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. രണ്ട് വർഷമായി തുടരുന്ന വിചാരണ നടപടികൾ ഫ്രെബ്രുവരി അവസാന വാരത്തോടെ പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നാണ് കരുന്നത്.