ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ ജീവനക്കാരന്  ഫയർ ഫോഴ്‌സിന്റെ കൈത്താങ്ങ്

ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ ജീവനക്കാരന് ഫയർ ഫോഴ്‌സിന്റെ കൈത്താങ്ങ്

ആറ്റിങ്ങൽ: ഊരൂപൊയ്ക പോസ്റ്റോഫീസിനു സമീപം ലൈനിൽ അറ്റകുറ്റപ്പണി ചെയ്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.എസ്.ഇ.ബി ജീവനക്കാരനായ ഷിബുവിനാണ് ആറ്റിങ്ങൽ ഫയർ ഫോഴ്സ് കൈത്താങ്ങായത് . വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് സേനാംഗങ്ങൾ ലാഡർ പിച്ച് ചെയ്തു റോപ്പ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ ഇയാളെ സാഹസികമായി താഴെയിറക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) അഷറഫ് . എസ് മുകളിൽ കയറി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ഇയാളെ നിലത്തിറക്കി സേനയുടെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന ഈ രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ നജുമുദീൻ, ഷിബി, പ്രതീഷ് കുമാർ, രതീഷ്, ശ്രീരാഗ്, നോബിൾ കുമാർ എന്നിവരും പങ്കെടുത്തു.

ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദയും, സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനും തുടരും

ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദയും, സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനും തുടരും

2024 ജൂൺ വരെ ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും. ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ. ജെപി നദ്ദയുടെ കീഴിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അമിത് ഷാ വ്യക്തമാക്കി.

സംസ്ഥാന അധ്യക്ഷൻമാരും തുടര്‍ന്നേക്കും. ജെപി നദ്ദ ഇക്കാര്യം പ്രഖ്യാപിക്കും എന്ന് അമിത് ഷാ അറിയിച്ചു. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് 2024 ജൂൺ വരെ വേണ്ടെന്ന് യോഗത്തിൽ ധാരണയായി.

യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്.തീരുമാനം ഐക്യകണ്ഠേനയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു.കൊവിഡ് കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയിൽ നദ്ദ മുന്നോട്ട് കൊണ്ടുപോയി .നദ്ദയുടെ കീഴിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് കേസ്: ചവറയിൽ എൻഐഎ റെയ്ഡ്;  ഒരാൾ കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ട് കേസ്: ചവറയിൽ എൻഐഎ റെയ്ഡ്; ഒരാൾ കസ്റ്റഡിയിൽ

കൊല്ലം : പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് ചവറയിൽ എൻഐഎ റെയ്ഡ്. ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തു. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളടക്കം ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. റെയ്ഡിന് ശേഷം രാവിലെ ഏഴരയോടെ സംഘം കൊച്ചിയിലേക്ക് മടങ്ങി.

കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. മൂന്ന് വീഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു. ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന്  കണ്ടെത്താൻ സാധിച്ചിട്ടില്ല. സൈബർ ഡോമും സൈബ‍ര്‍ പൊലീസും ചേര്‍ന്ന് യൂട്യൂബ് ചാനൽ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

അഞ്ചു വയസുകാരന് ഇനിയും നടക്കാം, കൃത്രിമ കാലിലൂടെ;  മാതൃകയായി തൃശൂര്‍ മെഡിക്കല്‍ കോളേജ്

അഞ്ചു വയസുകാരന് ഇനിയും നടക്കാം, കൃത്രിമ കാലിലൂടെ; മാതൃകയായി തൃശൂര്‍ മെഡിക്കല്‍ കോളേജ്

അപകടത്തിലൂടെ വലതുകാല്‍ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വേകി. സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായാണ് കൃത്രിമ കാല്‍ നിര്‍മ്മിച്ച് നല്‍കിയത്. കുട്ടിക്ക് കൃത്രിമകാല്‍ വച്ച് നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

തൃത്താലയില്‍ വച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പാണ് ലോറിയിടിച്ച് കുട്ടിയുടെ വലതുകാല്‍ നഷ്ടപ്പെട്ടത്. ഇടതുകാലിന്റെ തൊലിയും നഷ്ടപ്പെട്ടു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ നടക്കാനുള്ള മോഹം സഫലമായില്ല. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മുത്തച്ഛനും അച്ഛനുമൊപ്പം കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്.

കുട്ടിയുടെ ദയനീയാവസ്ഥ കണ്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്രിമ കാല്‍ വച്ചു പിടിപ്പിക്കുന്നതിന്റെ സാധ്യത ആരാഞ്ഞു. കൊച്ചു കുട്ടികള്‍ക്കായുള്ള കൃത്രിമ കാല്‍ നിര്‍മ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഇത്തരം കൃത്രിമകാല്‍ നിര്‍മ്മിച്ചതിന് ശേഷം കൊച്ചുകുട്ടികളെ അതില്‍ പരിശീലിപ്പിക്കുകയും അതിലേറെ ശ്രമകരമായിരുന്നു.

പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ കൃത്രിമ കാല്‍ നിര്‍മ്മാണ യൂണിറ്റ് കുട്ടിയുടെ പാകത്തിനുള്ള കൃത്രിമ കാല്‍ നിര്‍മ്മിച്ചു. കുട്ടിക്ക് ആവശ്യമായ പരിശീലനം നല്‍കി. ജീവനക്കാരുടെ പിന്തുണയോടെ കുട്ടി നടന്നു. കൃത്രിമ കാലിന്റെ സഹായത്തോടെ നടന്ന കുട്ടിയ്ക്ക് ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് സന്തോഷത്തോടെ യാത്രയയപ്പ് നല്‍കി. ഈ അവസ്ഥ തരണം ചെയ്ത് കുട്ടി മിടുക്കനാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി

പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി

പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴായിട്ടും നടപടിയെടുക്കാതെ അധികൃതർ.
ആറ്റിങ്ങൽ രാമച്ചംവിള, കാട്ടുമ്പുറം റോഡിലെ ഓടയ്ക്കു സമീപമുള്ള പൈപ്പ്‌ലൈൻ പൊട്ടി കുടിവെള്ളം പാഴായി ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയെടുക്കാതെ വാട്ടർ അതോറിറ്റി. നിരവധി തവണ അറിയിച്ചിട്ടും തകരാർ പരിഹരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വേനലിന്റെ കാഠിന്യം കൂടുന്ന സാഹചര്യത്തിൽ വെള്ളം പാഴാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണുള്ളത്.