ക്യാമറയില്‍ നിന്ന് വീഡിയോയിലേക്ക് എളുപ്പം സ്വിച്ച് ചെയ്യാം; പുതിയ ഫീച്ചറുമായി  വാട്‌സ്ആപ്പ്

ക്യാമറയില്‍ നിന്ന് വീഡിയോയിലേക്ക് എളുപ്പം സ്വിച്ച് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പരിഷ്‌കരണം വരുത്തി വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പില്‍ ക്യാമറ ഉപയോഗിക്കുന്നത് കുറച്ചുകൂടി അനായാസമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറ മോഡ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

നിലവിലെ ക്യാമറ ഓപ്ഷന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഇപ്പോള്‍ വാട്‌സ്ആപ്പില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ ക്യാമറ ഓപ്ഷനില്‍ ലോങ് പ്രസ് ചെയ്യണമെന്നുള്ളത് പലപ്പോഴും വീഡിയോ ഷൂട്ടിങ്ങിനെ ബാധിക്കാറുണ്ട്. പകരം ക്യാമറയില്‍ നിന്ന് വീഡിയോയിലേക്കും തിരിച്ചും സ്വിച്ച് ചെയ്ത് മാറാന്‍ കഴിയുന്നതാണ് പുതിയ പരിഷ്‌കാരം. ടാപ്പ് ചെയ്യുമ്പോള്‍ തന്നെ ക്യാമറ മോഡില്‍ നിന്ന് വീഡിയോ മോഡിലേക്ക് മാറാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.

ശശി തരൂര്‍ ആനമണ്ടന്‍, പിന്നാക്ക വിരോധി; വെള്ളാപ്പള്ളി നടേശന്‍

ശശി തരൂര്‍ ആനമണ്ടന്‍, പിന്നാക്ക വിരോധി; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാളാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശശി തരൂര്‍ തറവാടി നായരാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കേട്ടു നിന്നു. പച്ചയ്ക്ക് ജാതി പറഞ്ഞപ്പോള്‍ തിരുത്താനുള്ള ധൈര്യം തരൂര്‍ കാണിച്ചില്ല. തരൂരിനെ പോലുള്ള ഇറക്കുമതി ചരക്ക് കേരളത്തില്‍ വിലപ്പോകില്ല. ശശി തരൂര്‍ ഒരു ആന മണ്ടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തരൂരിന്റെ രാഷ്ട്രീയ ജീവിതം കേരളത്തില്‍ നശിച്ചു. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലത്. ഒരു സമുദായ നേതാവ് പറഞ്ഞാല്‍ ജയിക്കുന്ന കാലമാണോ ഇന്നെന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ശശി തരൂരിനെ പുകഴ്ത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ഗുണ്ടാ മാഫിയാ ബന്ധം: പൊലീസുകാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര വകുപ്പ്

ഗുണ്ടാ മാഫിയാ ബന്ധം: പൊലീസുകാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പിമാര്‍ക്കെതിരെ നടപടി ശുപാര്‍ശ ഡിജിപി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ഡിവൈഎസ്പിമാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കും. ഗുണ്ടാ ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും.

പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തില്‍ പൊലീസ് ആസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഗുണ്ടാ-മാഫിയാ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുമെന്നാണ് സൂചന. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം ഗുണ്ടാ വിളയാട്ടം ശക്തമായിരുന്നു. തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലും വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം നാലു സിഐമാര്‍ക്കും ഒരു എസ്‌ഐക്കുമെതിരെ നടപടിയെടുത്തിരുന്നു.

പൊലീസുകാരുടെ ഗുണ്ട-റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് 160 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും പ്രവര്‍ത്തന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിൽ സ്ഥലംമാറ്റമുണ്ടാകും.

പുനഃപരിശോധന ക്യാമ്പ്  28 ന്

പുനഃപരിശോധന ക്യാമ്പ് 28 ന്

ബാലരാമപുരം∙ പട്ടത്തെ ലീഗൽ മെട്രോളജി ഭവനിൽ വച്ച് 19 ന് നടത്താൻ നിശ്ചയിച്ചിരുന്ന അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന ക്യാംപ് 28 ലേക്ക് മാറ്റിയതായി ലീഗൽ മെട്രോളജി തിരുവനന്തപുരം സർക്കിൾ–2 ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ–8281698014

ലാബ് ടെക്നീഷ്യന്റെ ഒഴിവിലേക്കു അഭിമുഖം  24 ന്

ലാബ് ടെക്നീഷ്യന്റെ ഒഴിവിലേക്കു അഭിമുഖം 24 ന്

ചിറയിൻകീഴ്∙ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ കീഴാറ്റിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്നീഷ്യന്റെ ഒഴിവിലേക്കു 24 നു രാവിലെ 11 നു കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടക്കും. ഡിഎംഎൽടി, ബിഎസ്‌‌സി എംഎൽടി, പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നിവയുള്ള ഉദ്യോഗാർത്ഥികൾ അസൽരേഖകൾ സഹിതം എത്തണം.

ഒന്നാമത് ദേശീയ ഇന്ത്യാക്കാ ചാംപ്യൻഷിപ്: കേരളത്തിന് സീനിയർ കിരീടം

ഒന്നാമത് ദേശീയ ഇന്ത്യാക്കാ ചാംപ്യൻഷിപ്: കേരളത്തിന് സീനിയർ കിരീടം

മഹാരാഷ്ട്ര: ജനുവരി 6 മുതൽ 8 വരെ മഹാരാഷ്ട്രയിലെ നന്ദേഡ് വച്ച് നടന്ന ഒന്നാമത് ദേശീയ ഇന്ത്യാക്കാ ചാമ്പ്യൻഷിപ്പിൽ സീനിയർ മെൻ വിഭാഗത്തിൽ കേരളാ ടീമിന് സ്വർണ്ണം. കഴിഞ്ഞ മാസം കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന ഇന്ത്യാക്കാ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്ത ആറു കായികതാരങ്ങൾ ആണ് കേരളാ ടീമില്‍ ഉണ്ടായിരുന്നത്.

പ്രൊഫിഷ്യന്റ് സ്പോർട്സ് അക്കാദമി ചീഫ് കോച്ചും കേരളത്തിലെ സീനിയർ പ്ലെയറുമായ വൈശാഖ് ആറ്റിങ്ങൽ ആയിരുന്നു ടീം ക്യാപ്റ്റൻ. പാരിപ്പള്ളി സ്പോർട്സ് അക്കാദമി ചീഫ് കോച്ചും സംസ്ഥാന സെക്രെട്ടറിയുമായ പ്രദീപ്. എസ് കേരളാ ടീം കോച്ച് ആയിരിന്നു. മികച്ച പ്രകടനം കാഴ്ചവെച്ച കേരളാ ടീം അംഗങ്ങളെയും കോച്ചിനെയും ദേശീയ പ്രസിഡന്റ് ദയാചന്ദ് ബോല പ്രത്യേകം അഭിനന്ദിച്ചു.

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന ജർമൻ ഗെയിമാണ് ഇൻഡ്യാക്കാ. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും ഇതിന് പ്രചാരമേറുന്നത്. സംസ്ഥാന ഭാരവാഹികളായ ബിനു ജോസഫ്, വിഷ്ണു ദ്രോണ, പ്രദീപ്‌. എസ്, വൈശാഖ് ആറ്റിങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽ വിവിധയിടങ്ങളിൽ പരിശീലനം നടക്കുന്നുണ്ട്. അന്താരാഷ്ട്രനിലവാരത്തിൽ കേരളാ താരങ്ങളെ വാർത്തെടുക്കുക എന്ന ദൗത്യമാണ് സംസ്ഥാന ഇന്ത്യാക്കാ അസോസിയേഷൻ ഏറ്റെടുത്തിരിക്കുന്നത്.