നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച യുവാവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു(29) ആണ് പൊലീസ് സ്റ്റേഷനിലെ ബാത്ത്റൂമിന്നുള്ളിലെ വെൻറ്റിലേഷനിൽ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തുങ്ങി മരിക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. വാതില്‍ അകത്ത് നന്ന് കുറ്റിയിട്ടിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ബാത്ത്റൂമിന്‍റെ വാതിൽ ചവിട്ടി തുറന്ന് നോക്കുമ്പോൾ ആണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മനുവിനെ താങ്ങി നിര്‍ത്തി. തുടർന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എത്തി കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് മനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. യുവതിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്.

പ്രൈവറ്റ് ബസിനുള്ളിൽ യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ച തമിഴ് നാടോടി സ്ത്രീ അറസ്റ്റിൽ

പ്രൈവറ്റ് ബസിനുള്ളിൽ യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ച തമിഴ് നാടോടി സ്ത്രീ അറസ്റ്റിൽ

ബസിനുള്ളിൽ യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ച തമിഴ് നാടോടി സ്ത്രീ അറസ്റ്റിൽ. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ വന്ന സംഗീത ബസ്സിനുള്ളിൽ യാത്ര ചെയ്തു വന്ന വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച തമിഴ്നാട് മധുര സോളവന വില്ലേജിൽ ഭഗവതി (37)യെയാണ് യാത്രക്കാരും ആറ്റിങ്ങൽ പോലീസും ചേർന്നു പിടികൂടിയത്. തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന ഇവരുടെ സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ട്. ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ അനൂപ് എ എൽ, എ എസ് ഐ താജുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ധ്യ, സഫീജ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ചര്‍ച്ചയ്ക്കില്ല; മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ചര്‍ച്ചയ്ക്കില്ല; മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രസ്താവനയില്‍ നിന്ന് മലക്കംമറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീരിന്റെ പ്രത്യേകാധികാരം പുനസ്ഥാപിക്കണമെന്നും അതിന് ശേഷം മാത്രം ചര്‍ച്ച നടത്താമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ‘2019 ഓഗസ്റ്റ് അഞ്ചിലെ അനധികൃത നടപടി ഇന്ത്യ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂവെന്ന് അഭിമുഖത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുവെന്നു പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നത് യുഎന്‍ പ്രമേയങ്ങള്‍ക്കും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷത്തിനും അനുസൃതമായിരിക്കണം. അല്‍ അറേബ്യയ്ക്ക് നടത്തിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ഇത് വ്യക്തമാക്കിയിട്ടുണ്ടെന്ന് പാക് പ്രധാനമന്ത്രിയുടെ വക്താവിനെ ഉദ്ധരിച്ചുള്ള ട്വീറ്റില്‍ പറയുന്നു.

കിളിമാനൂർ കൊട്ടാരത്തിൽ ചാവിടിയിൽ ഗിരീഷ് വർമ്മ (57) നിര്യാതനായി

കിളിമാനൂർ കൊട്ടാരത്തിൽ ചാവിടിയിൽ ഗിരീഷ് വർമ്മ (57) നിര്യാതനായി

കിളിമാനൂർ കൊട്ടാരത്തിൽ ചാവിടിയിൽ ഗിരീഷ് വർമ്മ (57) നിര്യാതനായി. ഇന്ന് ഉച്ചയോടെ താമസസ്ഥലമായ കൊട്ടാരത്തിൽ ചാവിടിയിൽ മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹിതനായ ഗിരീഷ് വർമ്മ ഏറെ വർഷങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം. കൊട്ടാരം ട്രസ്റ്റ് ഭാരവാഹികൾ മരണ വിവരം കിളിമാനൂർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും പോസ്റ്റുമോട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ കിളിമാനൂർ കൊട്ടാരത്തിൽ എത്തിക്കുന്ന മൃതദേഹം കൊട്ടാരം ശ്മശാനത്തിൽ സംസ്കരിക്കും.

തിരുവനന്തപുരത്തു  പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; എട്ടര ലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു

തിരുവനന്തപുരത്തു പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; എട്ടര ലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. എട്ടര ലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും കവര്‍ന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ പി ആര്‍ രാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

പോളിടെക്നിക്  സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരിക്ക് മുമ്പ് പൂർത്തിയാക്കണം :  മനുഷ്യാവകാശ കമ്മീഷൻ

പോളിടെക്നിക് സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരിക്ക് മുമ്പ് പൂർത്തിയാക്കണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : വിവിധ പോളിടെക്നിക്ക് കോളേജുകളിൽ 2019 – 22 അധ്യയന വർഷം പഠിച്ച വിദ്യാർത്ഥികളുടെ 5,6,7 സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരിക്ക് മുമ്പ് പൂർത്തിയാക്കി സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.

5,6,7 സെമസ്റ്റർ പരീക്ഷകൾ അടിയന്തരമായി നടത്തണമെന്ന വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി. കമ്മീഷൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. 6,7 സെമസ്റ്റർ പരീക്ഷകൾ ഇക്കൊല്ലം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സുബിൻ സാമുവൽ സമർപ്പിച്ച പരാതിയിലാണ് നടപടി.