by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഷിനോജ് (24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. ദേശീയപാതയില്‍ ചാലക്കുടി പോട്ടയ്ക്ക് സമീപമാണ് അപകടം നടന്നത്. ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബ്രൈറ്റ് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. ഉന്നത പഠനത്തിന് യുകെയില്‍ പോകാനിരിക്കേയാണ് അപകടം നടന്നത്.

by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നിരവധി കേസുകളിൽ പ്രതി ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിൽ. ചിറയിൻകീഴ്, മംഗലാപുരം, കടക്കാവൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസിൽ ഉൾപ്പെട്ട പെരുംകുഴി നാലുമുക്ക് വിശാഖം വീട്ടിൽ ശബരിനാഥിനെ (42) ചിറയിൻകീഴ് പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോം ജോർജിന്റ ഉത്തരവ് പ്രകാരം തിരുവനന്തപുരം റൂറൽ എസ്.പി ഡി ശിൽപയുടെയും, ഗുണ്ട ആക്ട് തിരുവനന്തപുരം റൂറൽ നോഡൽ ഓഫീസർ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീകാന്തിന്റെയും നിർദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി ബിനു, ചിറയിൻകീഴ് എസ്.എച്ച്. ഒ ജി ബി മുകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 1997ൽ പെരുംങ്ങുഴി നാലുമുക്കിൽ നടന്ന ഒരു കൊലക്കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം വ്യാപകമായി എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നപ്പോൾ ചിറയിൻകീഴ്, മംഗലാപുരം, കടക്കാവൂർ പോലീസ് സ്റ്റേഷനുകളിലും, നെയ്യാറ്റിൻകര എക്സൈസ് കേസിലും പ്രതിയായ ഇയാൾ ഏറ്റവും ഒടുവിൽ എം.ഡി.എം. എ വൻ തോതിൽ വിൽപ്പനക്കായി കൊണ്ട് വന്നപ്പോൾ കടക്കാവൂർ വച്ചു പോലീസ് പിടിയിൽ ആകുകയായിരുന്നു. ലഹരി വിൽപ്പനക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശത്തിന്റെ ഭാഗമായി ഇയാൾക്കെതിരെ ഗുണ്ട ആക്ട് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത് .സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ ചിറയിൻകീഴ് എസ്.എച്ച്. ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത ഇയാളെ റിമാന്റ് ചെയ്തു.

by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ക്വാറിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പി വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യംചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ഇന്ന് ഉച്ചക്ക് ആരംഭിച്ച ചോദ്യം ചെയ്യലാണ് തുടരുന്നത്. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി വി അന്‍വര്‍ തട്ടിയെന്ന് നേരത്തെ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പൊലിസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നത്.

by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പെരിന്തല്‍മണ്ണയില്‍ പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.എല്ല് പൊട്ടി കുട്ടി ആശുപത്രിയിൽ; ഇടപെട്ട് മന്ത്രി

സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു.
by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ അറസ്റ്റിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. നാല് ജില്ലകളിലായി 5500 ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. കാസർഗോഡ് കുണ്ടുകുഴിയിൽ പ്രവർത്തിച്ചിരുന്ന ജിബിജി നിധി എന്ന സ്ഥാപനം, നിക്ഷേപത്തിന് 80% നു മുകളിൽ പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ വാഗ്ദാനം ചെയ്‌തു നിക്ഷേപകരിൽ നിന്ന് തട്ടിയത് 400 കോടി രൂപയാണ്.

2020 ൽ ആരംഭിച്ച സ്ഥാപനം ആദ്യ രണ്ടുവർഷം കൃത്യമായി പലിശ നൽകി വിശ്വാസ്യത വർധിപ്പിച്ചു. പുതിയ നിക്ഷേപകരെ കൊണ്ടുവരുന്നവർക്ക് കമ്മീഷനും നൽകിയാണ് കമ്പനി പ്രവർത്തിച്ച് വന്നത്. പിന്നീട് നിക്ഷേപകർക്ക് പണം ലഭിക്കാതായി. അന്വേഷിച്ചെത്തുന്നവരോട് ഉടൻ തന്നെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കും എന്ന ഉറപ്പ് സ്ഥാപനം നൽകിയിരുന്നു. അതിനാൽ ആദ്യഘട്ടത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ഉയർന്നിരുന്നില്ല. പരാതി നടപടികളുമായി മുന്നോട്ട് പോകുന്നവർക്ക് സ്ഥാപനത്തിൽ നിന്ന് ഭീഷണികൾ ഉണ്ടായെങ്കിലും പണം തിരികെ ലഭിക്കാൻ ഒരു സാധ്യതയുമില്ല എന്ന് ഉറപ്പായതോടെയാണ് നിക്ഷേപകർ പരാതിയുമായി മുന്നോട്ട് വരുന്നത്.
നിലവിൽ, കാസർകോടിന് പുറമെ വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിക്ഷേപകരും പരാതിയുമായി എത്തിയിട്ടുണ്ട്. 18 കേസുകളാണ് ഇതുവരെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. മയോനൈസ് ഉപയോഗിച്ച് ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കുട്ടികൾ കഴിച്ചത്. കുട്ടികളുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Recent Comments