by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെ സേവനം ഊർജിതമാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വർക്കല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാത്രിയിലും വെറ്റിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. മൃഗചികിത്സാ സംവിധാനങ്ങൾക്കായി 1962 എന്ന ടോൾ ഫ്രീ നമ്പർ ക്ഷീര കർഷകർ പ്രയോജനപ്പെടുത്തണമെന്നും കന്നുകുട്ടി പരിപാലനത്തിനുള്ള ആനുകൂല്യം ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീര കർഷക സംഘത്തിനുള്ള പുരസ്കാരം ചെമ്മരുതി ക്ഷീര സംഘത്തിന് മന്ത്രി നൽകി. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബീന അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ സ്വാഗതം ആശംസിച്ചു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ വർക്കല ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകൾ, വർക്കല മുനിസിപ്പാലിറ്റി, വിവിധ ക്ഷീര സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്ഷീര സംഗമം നടത്തിയത്. ഒറ്റൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിലായിരുന്നു പരിപാടി. കന്നുകാലി പ്രദർശനം, ക്ഷീര വികസന സെമിനാർ, ഡയറി എക്സിബിഷൻ, ക്ഷീര കർഷകരെ ആദരിയ്ക്കൽ, ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം എന്നിവയും പരിപാടിയോടനുബന്ധിച്ച് നട ന്നു . ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രിയദർശിനി, ഗീത നസീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, വിവിധ ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, ക്ഷീര കർഷകരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കാളികളായി.
by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ചെമ്പഴന്തി ആനന്ദേശ്വരത്ത് സുഹൃത്തിന്റെ വീടിന്റെ വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആനന്ദേശ്വരം ചെറുവട്ടിക്കോണത്ത് ജയനെ(64) ആണ് മരിച്ച നിലയിൽ കണ്ടത്. സുഹൃത്തായ സതീഷിന്റെ വീടിന്റെ വരാന്തയിൽ തറയിൽ തലയിടിച്ച് വീണ് ചെവിയിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം. പതിവായി ഇവർ ഇവിടെ ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെയും ഇവർ ഒത്തുകൂടിയിരുന്നു. രാത്രി ഒൻപതിന് സതീഷും മറ്റൊരു സുഹൃത്തും ഉറങ്ങാനായി പോയി. രാവിലെ സതീഷ് ഉറക്കമുണർന്നു നോക്കിയപ്പോഴാണ് വരാന്തയിൽ ജയനെ മരിച്ച നിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പോലീസ് കേസെടുത്തു.

by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കമാകും. ‘ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായാണ് നടപടികൾ. അതിത്ഥി തൊഴിലാളികൾ അടക്കമുള്ളവർക്കാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വോട്ടിംഗ് ശതമാനത്തിൽ ഗണ്യമായ വർദ്ധനയാണ് ലക്ഷ്യം.

സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്കായി സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള വോട്ടിംഗ് മെഷീനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിക്കുക. സാങ്കേതികമായി വോട്ടിംഗ് മെഷീനായുള്ള തയ്യാറെടുപ്പുകൾ കമ്മീഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. കരട് പദ്ധതി അംഗീകൃത രാഷ്‌ട്രീയ പാർട്ടികളോട് വിശദീകരിച്ച ശേഷം മറ്റ് അനുബന്ധ നടപടികൾ കമ്മീഷൻ പൂർത്തിയാക്കും. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ ഇത്തരം വോട്ടിംഗ് മെഷീൻ ഉപയോഗിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.
by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലമായി പിടിച്ചു തള്ളിയതില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനും ദേവസ്വം കമ്മീഷണര്‍ക്കും കോടതി നിര്‍ദേശം നല്‍കി. വിഷയം ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.

ദര്‍ശനത്തിനെത്തിയ ഭക്തരോടുള്ള ഗാര്‍ഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പൊലീസ് സ്‌പെഷല്‍ കമ്മീഷണറും ദേവസ്വം സ്‌പെഷല്‍ കമ്മീഷണറും ഇന്ന് ഉച്ചയ്ക്ക് മുമ്പു തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറാണ് സന്നിധാനത്ത് ഭക്തരോട് അപമര്യാദയായി പെരുമാറിയത്. ഗാര്‍ഡിനെ ചുമതലയില്‍ നിന്നും മാറ്റിയതായി ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
മകരവിളക്ക് ദിവസമായിരുന്നു സംഭവം. ദീപാരാധനയ്ക്ക് ശേഷം തൊഴാനെത്തിയ ഭക്തരെയാണ് ഗാര്‍ഡ് അരുണ്‍ ബലമായി ദേഹത്തു പിടിച്ച് തള്ളി മാറ്റിയത്. സിപിഎമ്മിന്റെ യൂണിയനായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ നേതാവാണ് ഇയാള്‍. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്തു വന്നിരുന്നു. ശബരിമലയില്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് അവസരം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.
by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം, നേപ്പാളിൽ തകർന്നുവീണ യാത്രാ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് നാല് ചെറുപ്പക്കാർ വിനോദസഞ്ചാരത്തിനായി നേപ്പാളിൽ എത്തിയത്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി ഇവർ പൊഖ്‌റയിലേക്ക് തിരിച്ചു. വിമാനം പൊഖ്‌റയിലേക്ക് താഴ്ന്നപ്പോൾ മൊബൈലിൽ ഫേസ്‌ബുക്ക് ലൈവ് നൽകുക ആയിരുന്നു ഇവർ. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞ ഇവരുടെ മൊബൈൽ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി. അപകടത്തിൽ തകർന്ന യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നിർദേശപ്രകാരം രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നല്‍കാൻ 45 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. അപകടത്തിന് ഒരു മിനിറ്റ് മുൻപും പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരിയ മഞ്ഞുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിൽ ആവശ്യമായ കാഴ്ചാപരിധി ഉണ്ടായിരുന്നുവെന്നും വ്യക്തമായി. ഇതോടെ യന്ത്ര തകരാറ് അല്ലെങ്കിൽ പൈലറ്റിന്റെ പിഴവ് എന്നീ സാധ്യതകളിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്. യതി എയർലൈൻസ് അവരുടെ എല്ലാ സർവീസുകളും നിർത്തിവെച്ച്. ഇന്ന് നേപ്പാളിൽ ഔദ്യോഗിക ദുഃഖാചരണമാണ്. അതേസമയം, വിമാനത്തിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് നേപ്പാൾ സൈനിക വക്താവ് സ്ഥിരീകരിച്ചു.
by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലത്തും നാവായിക്കുളത്തും കാട്ടുപന്നിശല്യം രൂക്ഷം. കാട്ടുപന്നികളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിലും കൃഷി നാശത്തിലും പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍. ആറു മാസത്തിനുള്ളിൽ നാവായിക്കുളം പഞ്ചായത്തില്‍ പന്നികളുടെ ആക്രമണത്തിനിരയായത് പന്ത്രണ്ടോളം പേരാണ്. കാർഷിക വിളകൾ നശിപ്പിച്ചിരുന്ന കാട്ടുപന്നികള്‍ മനുഷ്യ ജീവനും ഭീഷണിയായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
കഴിഞ്ഞദിവസം രാത്രിയില്‍ കല്ലമ്പലം ജംഗ്ഷനിൽ അജ്ഞാത വാഹനമിടിച്ച് ചത്ത നിലയില്‍ കാട്ടുപന്നിയെ കണ്ടെത്തിയതിലും നാട്ടുകാര്‍ ഭീതിയിലാണ്.
നാവായിക്കുളം പഞ്ചായത്തിലെ പലവക്കോട്, പുന്നോട്, ഇടപ്പണ, ഇടമൺനില, മരുതികുന്ന്, കുടവൂര്‍, കോട്ടറക്കോണം പ്രദേശങ്ങളിലാണ് പന്നി ശല്യം രൂക്ഷമായിട്ടുള്ളത്. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ ഈ മേഖലയിലെ ചെറുകിട കർഷകര്‍ ദുരിതത്തിലാണ്. മരിച്ചിനി, ഇഞ്ചി, വാഴ, നെല്ല് തുടങ്ങിയ വിളകളാണ് പ്രധാനമായും പന്നികൾ നശിപ്പിക്കുന്നത്.

വിളവെടുക്കാറായ നെൽപ്പാടങ്ങളിൽ പന്നികൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഇതുമൂലം നെൽക്കൃഷിയും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം മുക്കുകട റോഡ് വിള വീട്ടിൽ അബ്ദുൽ സമദിന്റെ ഇടമൺ നിലയിലുള്ള ഏലായിലെ 50 വാഴകളും 200 മൂട് മരച്ചിനിയും പന്നിക്കൂട്ടം നശിപ്പിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പന്നിയുടെ അക്രമണത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള സത്വര നടപടികൾ ബന്ധപ്പെട്ട അധികാരികൾ കൈകൊള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Recent Comments