കെഎസ്ആർടിസി ബസ്സുണ്ടോ എന്ന് ഇനി ​ഗൂ​ഗിൾ മാപ്പിൽ നോക്കിയാൽ മതി

തിരുവനന്തപുരം: ​ഗൂ​ഗിൾ മാപ്പ് നോക്കിയാൽ ഇനി കെഎസ്ആർടിസി ബസ് എപ്പോൾ വരും എന്നറിയാം. കെഎസ്ആർടിസ് ബസ് സർവീസുകളുടെ റൂട്ടും സമയവുമാണ് ​ഗൂ​ഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ന​ഗരത്തിലെ സിറ്റി സർക്കുലർ സർവീസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി.

​ഗൂ​ഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ടിലാണ് ഇത് ലഭ്യമാകുക. പോകേണ്ട സ്ഥലം നൽകിയാൽ പെട്ടെന്ന് വിവരങ്ങൾ ലഭിക്കും. സിറ്റി സർക്കുലർ സർവീസുകളുടെ വിവരം പൂർണമായും ഉൾപ്പെടുത്തിയ ശേഷമാകും ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരങ്ങളും എത്തുക. പിന്നീട് മുഴുവൻ കെഎസ്ആർടിസ് ബസ്സുകളുടേയും റൂട്ട് ​ഗൂ​ഗിൾ മാപ്പിൽ എത്തിക്കാനാണ് തീരുമാനം.

തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾ മജന്ത, യെല്ലോ, ​ഗ്രീൻ, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബസ്സുകളിലെ ജിപിഎസ് പ്രവർത്തന സജ്ജമാകുന്നതോടെ ബസ് എവിടെയെത്തിയെന്നും മാപ്പിൽ ലഭ്യമാകുമെന്നും സിഎംഡിയും ​ഗതാ​ഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ പറഞ്ഞു. സ്വിഫ്റ്റിലും ഇത് നടപ്പാകുന്നതോടെ ബസ് എവിടെയെത്തിയെന്ന് മനസിലാക്കി കൃത്യസമയത്ത് ബസ് സ്റ്റോപ്പിൽ എത്താനാവും.

പാലില്‍ മായം കണ്ടെത്താനായില്ല; ആര്യങ്കാവില്‍ പിടികൂടിയ 15,300 ലിറ്റര്‍ അഞ്ചുദിവസമായി പൊലീസ് കസ്റ്റഡിയില്‍

പാലില്‍ മായം കണ്ടെത്താനായില്ല; ആര്യങ്കാവില്‍ പിടികൂടിയ 15,300 ലിറ്റര്‍ അഞ്ചുദിവസമായി പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം ആര്യങ്കാവില്‍ പിടികൂടിയ പാലില്‍ മായം കണ്ടെത്തിയില്ല. പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് പരിശോധനയില്‍ കണ്ടെത്താനായത്.ജനുവരി 11നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറിയാണ് പിടികൂടിയത്. പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. സാംപിള്‍ വൈകി ശേഖരിച്ചതിനാല്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമോയെന്ന് മന്ത്രി ചിഞ്ചു റാണി സംശയം പ്രകടിപ്പിച്ചിരുന്നു. ആറു മണിക്കൂറിനുള്ളില്‍ പരിശോധിച്ചില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താനാകില്ല. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി അഞ്ചു ദിവസമായി പൊലീസ് കസ്റ്റഡിയിലാണ്. ടാങ്കര്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ നാലാം തവണയാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായുള്ള നാലാമത്തെ വർധനവിൽ സംസ്ഥാനത്തെ സ്വർണവില 720 രൂപയാണ് ഉയർന്നത്. ശനിയാഴ്ച 1320 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,60760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ശനിയാഴ്ചയും 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4315 രൂപയാണ്.

കോടതി ഉത്തരവ് ധിക്കരിച്ച് ഗാർഹിക പീഡനം നടത്തിയ പ്രതി അറസ്റ്റിൽ

കോടതി ഉത്തരവ് ധിക്കരിച്ച് ഗാർഹിക പീഡനം നടത്തിയ പ്രതി അറസ്റ്റിൽ

കോടതി ഉത്തരവ് ധിക്കരിച്ച് ഗാർഹിക പീഡനം നടത്തിയ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ കൊടുവൻചിറകോളനി എ ആർ സദനത്തിൽ 50 വയസുള്ള അനിൽകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അനിൽകുമാർ ഭാര്യയെ നിരന്തരം ദേഹോപദ്രവം ചെയ്തതിൽ പള്ളിക്കൽ പോലീസ് മുൻപും ഇയാൾക്കെതിരായി കേസ് എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയ ഭാര്യ ഷീബയെ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അനിൽകുമാർ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും ഭാര്യയെയും, മകനേയും ഉപദ്രവിച്ചതിനാണ് പോലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിദേശ വനിതയെ ആക്രമിക്കാൻ ശ്രമിച്ച പ്രദേശവാസി പോലീസ് പിടിയിൽ

വിദേശ വനിതയെ ആക്രമിക്കാൻ ശ്രമിച്ച പ്രദേശവാസി പോലീസ് പിടിയിൽ

വർക്കലയിൽ വിദേശ വനിതയെ പൊട്ടിയ ബിയർ കുപ്പി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച പ്രദേശവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓടയം സ്വദേശിയായ 47 വയസുള്ള ഫിറോസ് ഖാനാണ് പോലീസ് പിടിയിലായത്.
ഇന്നലെ രാവിലെ 8 മണിയോടെ സർഫിങ് ട്രെയിനിംഗ് നടത്തുന്നതിനിടയിൽ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയായ ആലീസിനു നേരെ നാട്ടുകാരനായ ഒരാൾ പൊട്ടിയ ബിയർ ബോട്ടിൽ കുപ്പിയുമായി എത്തുകയും അനാവശ്യമായി ഭയപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്. സ്വിമിങ് ഡ്രെസ്സിൽ ഇരുന്നതിനാലാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത് എന്നാണ് യുവതി പറയുന്നത്.

പ്രാദേശിക മാധ്യമ പ്രവർത്തക ശില്പശാല സംഘടിപ്പിച്ചു

പ്രാദേശിക മാധ്യമ പ്രവർത്തക ശില്പശാല സംഘടിപ്പിച്ചു

വികസനോന്മുഖ പത്രപ്രവർത്തനം എന്ന വിഷയത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കൊല്ലം റീജിയണൽ മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൻ്റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. കോവളം ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ നടന്ന ശില്പശാല ഐ,പി.ആർ.ഡി അഡിഷണൽ ഡയറക്ടർ സലിൻ മാങ്കുഴി ഉദ്ഘാടനം ചെയ്തു. കേരള കൗമുദി ഡെപ്യുട്ടി എഡിറ്റർ വി.എസ് രാജേഷ് ശില്പശാല നയിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നാഫി മുഹമ്മദ്, മാധ്യമ പ്രവർത്തകരായ അയ്യൂബ് ഖാൻ, രാജൻ പൊഴിയൂർ തുടങ്ങിയവരും സംസാരിച്ചു.