by Midhun HP News | Jan 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു പെരിന്തൽമണ്ണയിൽ വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂർക്കനാട് സ്വദേശിയുമായി ഇന്നാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: ഫവാസ്

by Midhun HP News | Jan 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: തറവാടി നായർ പരാമർശത്തോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് എസ്എൻഡിപി വെള്ളാപ്പള്ളി നടേശൻ. ഈ പറഞ്ഞ വിഭാഗം മാത്രം വോട്ട് ചെയ്താൽ തരൂർ ജയിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഡൽഹി നായരായിരുന്ന ആൾ പെട്ടെന്ന് കേരള നായരും, വിശ്വപൗരനുമായി. ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ച് കണ്ടില്ലെന്നും വെള്ളാപ്പള്ളി ചേർത്തലയിൽ വിമർശിച്ചു.
അതിനിടെ സംസ്ഥാന കോൺഗ്രസിൽ നേതാക്കൾ തമ്മിലെ പരോക്ഷ പോര് തുടരുകയാണ്. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന തരൂരിന്റെ മറുപടി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനുള്ള മറുപടിയാണ്. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ടെന്നും തന്നെ നാട്ടുകാർ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ തരൂർ സംസ്ഥാനത്തെ പരിപാടികളിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.

നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ചെന്നിത്തല ഇന്നലെ പറഞ്ഞത്. തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്‍റെ പ്രസ്‍താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. തരൂരിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് എഐസിസി. ജനവികാരം എതിരാകുമെന്ന പേടിയിൽ കടുത്ത നടപടിയിലേക്ക് നീങ്ങുന്നില്ല. പ്രവർത്തക സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തുന്നതിലും എതിർപ്പുണ്ട്. ഭാരത് ജോഡോ യാത്രക്ക് ശേഷമാകും തരൂർ വിഷയത്തിൽ ചർച്ച നടത്തുക.
ഒറ്റക്കെട്ടായി നേതാക്കൾ രംഗത്തെത്തിയതോടെ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ് ശശി തരൂർ. കെ മുരളീധരൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ അടക്കമുള്ളവർ തരൂരിനെ വിമർശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു.
by Midhun HP News | Jan 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കത്തുന്ന ഫോമിലുള്ള പൃഥ്വി ഷായ്ക്ക് ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടി. ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിലാണ് പൃഥ്വി ഇടം കണ്ടെത്തിയത്. ഇടവേളയ്ക്ക് ശേഷമാണ് താരം ടീമിൽ തിരിച്ചെത്തുന്നത്. ഹര്‍ദിക് പാണ്ഡ്യ തന്നെയാണ് ടി20 ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റന്‍. ശ്രീലങ്കന്‍ പരമ്പരയ്ക്കു പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയിലും രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിച്ചു.
പരിക്കേറ്റ് ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പുറത്തായ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. വ്യക്തിപരമായ കാരണങ്ങളുള്ളതിനാല്‍ കെഎല്‍ രാഹുലിനേയും ടീമിലേക്ക് പരിഗണിച്ചില്ല. ഹര്‍ഷല്‍ പട്ടേലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഋഷഭ് പന്ത്, രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഏകദിനത്തില്‍ കെഎസ് ഭരത് വിക്കറ്റ് കീപ്പറാകും.

ടി20 ടീം: ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.
ഏകദിന ടീം: രോഹിത് ശര്‍മ, (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത്, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.
by Midhun HP News | Jan 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വക്കം സ്വദേശി വൈശാഖിനെ (29) 420 മില്ലി ഗ്രാം എംഡിഎംഎയുമായി കിളിമാനൂർ എക്‌സൈസ് റെയിഞ്ച് പാർട്ടി പുളിമാത്ത് നിന്നും അറസ്റ്റ് ചെയ്ത് കേസെടുത്തു. ചിറയിൻകീഴ്, കിളിമാനൂർ, ആറ്റിങ്ങൽ ഭാഗങ്ങളിൽ ചെറുപ്പക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന വൈശാഖ് എംഡിഎംഎ കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ ആക്രമണത്തിന് ടിയാൻ മുതിർന്നെങ്കിലും ബലപ്രയോഗത്തിലൂടെ എക്‌സൈസ് വൈശാഖിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. എക്‌സൈസ് ഇൻസ്പെക്ടർ ആർ. മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ എസ്. ഷൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ വൈ.ജെ. ജസീം, ജെ. അൻസർ, എം.ആർ. രതീഷ്, എ.എസ്. അഖിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

by Midhun HP News | Jan 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടിവച്ചു കീഴടക്കി. വെടിയേറ്റതിനെ തുടർന്ന് കടുവ കുന്നിൻമുകളിലേക്ക് ഓടിയെങ്കിലും പിന്നീട് മയങ്ങിയ നിലയിൽ കണ്ടെത്തി. ഇവിടുത്തെ വാഴത്തോട്ടത്തില്‍ കടുവ കിടക്കുന്നതായാണ് രാവിലെ നാട്ടുകാര്‍ പറഞ്ഞത്. രണ്ടു റൗണ്ട് മയക്കുവെടിയാണ് വച്ചത്. വനംവകുപ്പും പൊലീസും സ്ഥലത്തുണ്ട്. വെള്ളാരംകുന്നിൽ കർഷകനെ ആക്രമിച്ച കടുവയാണോയെന്ന് ഇതെന്ന് സ്ഥിരീകരണമില്ല.

ആളുകൾ ജാഗ്രത പാലിക്കണം എന്നും അറിയിച്ചിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനം, പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രദേശത്തുനിന്നു പിന്മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം. അതേസമയം, വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. നഷ്ടപരിഹാര തുക ഇന്നു തന്നെ വിതരണം ചെയ്യാനും മകനു വനംവകുപ്പില്‍ താൽക്കാലിക ജോലിയും നൽകാനും ഇന്നലെ തീരുമാനിച്ചിരുന്നു.
by Midhun HP News | Jan 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയായ ശ്രദ്ധ വാല്‍ക്കറെ കൊലപ്പെടുത്തിയശേഷം അഫ്താബ് പൂനാവാല ശരീരം കഷണങ്ങളാക്കിയത് അറക്കവാള്‍ ഉപയോഗിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്ഥികളിലെ പരിക്കു പരിശോധിച്ചാ്ണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം നടത്തിയ ഡിഎന്‍എ പരിശോധനയില്‍, കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മേയ് 18ന് മെഹ്‌റൗലിയിലെ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ വച്ച് ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി മുറിച്ചു. ഫ്രിഡ്ജില്‍ സൂക്ഷിച്ച ശരീര ഭാഗങ്ങള്‍ പിന്നീട് ദിവസങ്ങള്‍കൊണ്ട് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു.
വഴക്കിനെത്തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്ന്അഫ്താബ് അമിന്‍ പൂനെവാല പറഞ്ഞു. ഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജഡ്ജിക്ക് മുന്നില്‍ അഫ്താബിന്റെ കുറ്റസമ്മതം.ആ സമയത്തെ പ്രകോപനത്തിലാണ് അത്തരമൊരു തെറ്റ് സംഭവിച്ചതെന്നാണ് അഫ്താബ് ജഡ്ജിയോട് പറഞ്ഞത്.

Recent Comments