പലഹാര വ്യാപാരി വാഹനാപകടത്തിൽ മരിച്ചു

പലഹാര വ്യാപാരി വാഹനാപകടത്തിൽ മരിച്ചു

പലഹാര വ്യാപാരി വാഹനാപകടത്തിൽ മരിച്ചു. കിളിമാനൂർ പാപ്പാലയിലെ പലഹാര വ്യാപാരി ഷണ്മുക സുന്ദരം ഈ മാസം പത്തിന് മടവൂർ വച്ചുണ്ടായ വാഹനാപകടത്തിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. പരേതന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് പാപ്പാല, അലവക്കോട് ഉള്ള സ്വവസതി യിൽ (പൊന്നീശ്വരി നിവാസ്, അലവക്കോട്, വിദ്യാജ്യോതി ഇംഗ്ലീഷ് സ്കൂളിന് സമീപം) കൊണ്ട് വരും. ശേഷം പനയൂർ(തമിഴ്നാട്)ഉള്ള വസതിയിലേക്ക് കൊണ്ട് പോകും.

ലാബ് പഠനത്തിന്റെ മറവിൽ ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധ നിർമ്മാണം നടന്നതായി പോലീസ്

ലാബ് പഠനത്തിന്റെ മറവിൽ ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധ നിർമ്മാണം നടന്നതായി പോലീസ്

കോഴിക്കോട്: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായി പോലീസ് റിപ്പോർട്ട്. കർശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി. എവിടെയാണ് ആയുധനിർമ്മാണം നടന്നതെന്നറിയില്ലെന്നും ഉത്തരവ് സർക്കാർ നിർദ്ദേശം മാനിച്ചെന്നും ഡയറക്ടർ ബൈജു ഭായ്.

അതേസമയം സാങ്കേതിക വിദ്യാഭ്യാസ ലാബുകളിൽ പ്രാക്ടിക്കൽ ക്ലാസുകളുടെ ഭാഗമായി ആയുധം നിർമ്മിക്കുന്നത് അധ്യാപകരുടെ മേൽനോട്ടത്തിലാകണമെന്ന് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ലാബുകൾ വിദ്യാർത്ഥികൾ ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അധ്യാപകരുടെ മേൽനോട്ടമില്ലാതെ ഐടിഐകളിൽ കുട്ടികൾ ആയുധം നിർമിക്കുന്നവെന്ന മാധ്യമ വാർത്തകളുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞത്.

കുടിവെള്ളപൈപ്പ്ലൈനിൽ വിള്ളൽ: ചിറയിൻകീഴിലെ മൂന്നോളം വാർഡുകളിൽ ഒരാഴ്ചയിലേറെയായ്  കുടിവെള്ളമില്ല

കുടിവെള്ളപൈപ്പ്ലൈനിൽ വിള്ളൽ: ചിറയിൻകീഴിലെ മൂന്നോളം വാർഡുകളിൽ ഒരാഴ്ചയിലേറെയായ് കുടിവെള്ളമില്ല

കുടിവെള്ളപൈപ്പ്ലൈനിൽ വിള്ളലിനെ തുടർന്ന് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ മൂന്നോളം വാർഡുകളിൽ ഒരാഴ്ചയിലേറെയായ് കുടിവെള്ളമില്ല. റെയിൽവേ മേൽപ്പാലം പണി കളുടെ ആരംഭം മുതലാണ് ചിറയിൻകീഴിലെ മൂന്നോളം വാർഡുകാർ ദുരിതത്തിലായത്. സഞ്ചാര സ്വാതന്ത്ര്യം മുടങ്ങിയതിനു പുറമേ വെള്ളവും കിട്ടാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇവിടുത്തെ ജനങ്ങൾ.

റെയിൽവേ ഗേറ്റിനുസമീപം മേൽപ്പാല നിർമാണം ആരംഭിച്ചതോടെയാണ് കുടിവെള്ളവും നിലച്ച അവസ്ഥയിലായത്. ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ ശാർക്കര, പുതുക്കരി, പണ്ടകശ്ശാല വാർഡുകളിലാണ് ആഴ്ചകളായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.

ഇതോടെ പൂർണമായും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന നാനൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. മേൽപ്പാല നിർമാണജോലിക്കിടയിൽ പൈപ്പുപൊട്ടിയതാണ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയത്.

ജല അതോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പൊട്ടിയ ഭാഗം കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ കുടിവെള്ളത്തിനായി സമീപ വാർഡുകളാണ് ഇവിടുത്തുകാർക്ക് ആശ്രയം.

മേൽപ്പാല നിർമാണം ആരംഭിക്കുന്നതിനുമുൻപ് ജലവിതരണക്കുഴലുകൾ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രശ്നമുണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

റെയിൽവേ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റടച്ചതോടെ പണ്ടകശ്ശാല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് നിവാസികൾ നിലവിൽ ഗതാഗതക്കുരുക്കിൽ നട്ടംതിരിയുകയുമാണ്.

പ്രവീൺ റാണ തട്ടിപ്പിനിരയാക്കിയെന്ന ആരോപണവുമായി ജീവനക്കാരും

പ്രവീൺ റാണ തട്ടിപ്പിനിരയാക്കിയെന്ന ആരോപണവുമായി ജീവനക്കാരും

തൃശൂർ: പ്രവീൺ റാണ തട്ടിപ്പിനിരയാക്കിയെന്ന് ആരോപണവുമായി ജീവനക്കാരും. കമ്പനിക്കായി സംഘടിപ്പിച്ച് നൽകിയ കോടികൾ റാണ വിശ്വസ്തരുടെ പേരുകളിലേക്ക് മാറ്റിയെന്നും വെളിപ്പെടുത്തൽ. സേഫ് ആൻറ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിൽ പ്രവീൺ റണയുടെ തട്ടിപ്പിൻറെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഏഴ് ജീവനക്കാർ. ഒരു കോടി മുതൽ അഞ്ചുകോടിവരെ നിക്ഷേപം കമ്പനിക്കായി സംഘടിപ്പിച്ച് നൽകി. റാണ ഈ പണം വിശ്വസ്തരുടെ പേരിൽ ബിനാമി നിക്ഷേപങ്ങളായി മാറ്റിയെന്നും ജീവനക്കാരുടെ വെളിപ്പെടുത്തൽ.

ഒരു കോടിയിലേറെ നിക്ഷേപകരിൽ നിന്ന് കമ്പനിയിലെത്തിച്ചവരാണ് ജീവനക്കാരിൽ പലരും. ബിസിനസിൽ ആണ് പണം നിക്ഷേപിക്കുന്നതെന്നാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്ന് റാണയുടെ സ്ഥാനത്തിലെ ജീവനക്കാ‍ർ പറയുന്നു. ബന്ധുക്കളടക്കം 80 ഓളം പേരെ കമ്പനി നിക്ഷേപത്തിൽ ചേർത്തിട്ടുണ്ടെന്നാണ് ഒരു ജീവനക്കാരിയുടെ വാക്കുകൾ. പറഞ്ഞതെല്ലാം വിശ്വസിച്ച് മണ്ടന്മാരെ പോലെ എല്ലാം ചെയ്തുവെന്ന് മറ്റൊരു ജീവനക്കാരൻ ഏറ്റുപറയുന്നു. കണ്ണൂരിൽ 128 ഏക്കർ സ്ഥലമാണ് എടുത്തിരിക്കുന്നതെന്ന് പറഞ്ഞു, ലാൽബാ​ഗിൽ ഷാരൂഖാനുള്ള സ്ഥലം എടുത്തിട്ടുണ്ടെന്നും റാണ പറഞ്ഞു.

ചിത്രങ്ങളും മാപ്പുകളുമടക്കം സ‍ർവ്വെ നമ്പ‍ർ അടക്കം കാണിച്ചാണ് വിശ്വസിപ്പിച്ചത്. റാണ റിസോർട്ടിന്റെ ഉദ്ഘാടനത്തിന് പ്രമുഖരാണ് വന്നത്. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും സംസാരിക്കുന്നില്ല. അവരയയ്ക്കുന്ന മെസേജുകൾ സഹിക്കാൻ വയ്യ. ഇനി ആത്മഹത്യ മാത്രമേ മുമ്പിലുള്ളു. വേറെ ഒരു ജോലിക്കും പോകാൻ വയ്യാത്ത അവസ്ഥയാണെന്നും കരഞ്ഞുകൊണ്ട് ജീവനക്കാരൻ പറഞ്ഞു. നിക്ഷേപകരെ മാത്രമല്ല ജീവനക്കാരെയും പറ്റിച്ചുവെന്നാമ് ഇവ‍ർ പറയുന്നത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു. സന്തോഖ് സിങ് ചൗധരിയാണ് ഇന്നു രാവിലെ യാത്ര തുടങ്ങിയ ഉടനെ കുഴഞ്ഞുവീണത്. പില്ലൗറില്‍വച്ച് ചൗധരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എംപി മരിച്ചതായി മുഖ്യമന്ത്രി ഭഗവന്ത് മന്‍ ട്വിറ്ററില്‍ അറിയിച്ചു.

അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർത്ഥികൾക്കെന്ന് പൊലീസ്; മലപ്പുറം സ്വദേശി റിമാൻഡിൽ

അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർത്ഥികൾക്കെന്ന് പൊലീസ്; മലപ്പുറം സ്വദേശി റിമാൻഡിൽ

കണ്ണൂർ: കണ്ണൂർ തളിപറമ്പിൽ യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിലെ അധ്യാപകനായിരുന്ന ഫൈസൽ 26 വിദ്യാർത്ഥികളെ പീഡിപിച്ചതായി പൊലീസ്. 26 പേരും തളിപറമ്പ് പൊലീസിന് മൊഴി നൽകി. മലപ്പുറം സ്വദേശിയായ ഫൈസൽ റിമാന്റിലാണ്. പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്.

കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. പതിവ് സ്കൂൾ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ ഫൈസൽ മോശമായി പെരുമാറിയതായി കൗൺസിലറോട് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. തുട‍ർന്നാണ് ഇത് പൊലീസിനെ അറിയിക്കുന്നതും കേസെടുക്കുന്നതും പിന്നാലെ ഫൈസലിനെ അറസ്റ്റ് ചെയ്യുന്നതും.