by Midhun HP News | Jan 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടംനേടി നമ്മുടെ കൊച്ചു കേരളം. 52 ടൂറിസം കേന്ദ്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലിസ്റ്റിൽ 13ാം സ്ഥാനമാണ് കേരളത്തിന് നൽകിയത്. ലോകത്തിലെ പ്രശ്സ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെട്ട പട്ടികയിലാണ് കേരളം ഇടംനേടിയത്.
കമ്മ്യൂണിറ്റി ടൂറിസത്തിന് തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലം കേരളമാണെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് വിദശീകരിക്കുന്നത്. സംസ്കാരങ്ങളിലേക്കുള്ള യാത്രകളില്‍ ഒഴിച്ച് കൂടാനാകാത്ത ഒരിടമാണ് കേരളം. കേരളത്തിലെ കായലുകളേയും തടാകങ്ങളേയും ബീച്ചുകളേയും പാചകത്തേക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. അമ്പലത്തില്‍ സന്ധ്യാ സമയത്തുള്ള ദീപാരാധനയ്ക്ക് വിളക്ക് തെളിക്കുന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പം വൈക്കത്തഷ്ടമി ഉത്സവത്തെ കുറിച്ച് പ്രത്യേക പരാമര്‍ശവും നടത്തുന്നുണ്ട്. ടൂറിസം മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതികളേക്കുറിച്ചും പറയുന്നുണ്ട്.

ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ ഇടംനേടിയതിൽ സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. വിശ്വപ്രസിദ്ധമായ ന്യൂയോർക്ക് ടൈംസ് 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോർക്ക് ടൈംസ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. കേരള സർക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങൾ നൽകി വരുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു.- എന്നാണ് റിയാസ് ഫേയ്സ്ബുക്കിൽ കുറിച്ചത്. ലണ്ടന്‍, ജപ്പാനിലെ മോറിയോക്ക, അമേരിക്കയിലെ നവാജോ ട്രൈബൽ പാർക്ക്, സ്കോട്ട്ലാന്‍റിലെ കിൽമാർട്ടിൻ ഗ്ലെൻ, ന്യൂസ്‍ലാന്‍റിലെ ഓക്ക്ലാൻഡ്, കാലിഫോര്‍ണിയയിലെ പാം സ്പ്രിംഗ്സ്, ഓസ്ട്രേലിയയിലെ കംഗാരു ദ്വീപ് എന്നിങ്ങനെ 52 സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. ഭൂട്ടാന് പിന്നിലാണ് കേരളത്തിന്റെ സ്ഥാനം.
by Midhun HP News | Jan 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്കിന്റെ പാലച്ചിറ ശാഖയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. സാധാരണക്കാരുടെ ഏത് ആവശ്യങ്ങൾക്കും ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ സഹകരണ ബാങ്കുകൾ ഒപ്പം നിന്ന് പ്രധാന പങ്കു വഹിക്കുന്നതായി മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്മേലുള്ള ഗ്യാരണ്ടി സ്കീമിന്റെ പരിധി രണ്ട് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി ഉയർത്തിയതായും മന്ത്രി പറഞ്ഞു. നാട് സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയങ്ങളിൽ എല്ലാം സമാന്തര സാമ്പത്തിക സങ്കേതമായി സഹകരണ ബാങ്കുകൾ മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഒ. എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. വി.ജോയി എം.എൽ.എയിൽ നിന്നും ആദ്യം നിക്ഷേപം സ്വീകരിച്ചു. സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. 1924 ൽ പ്രവർത്തനം ആരംഭിച്ച ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് അതിന്റെ ശതാബ്ദി വാർഷികത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് പാലച്ചിറയിൽ പുതിയ ശാഖ ആരംഭിച്ചത്. ചടങ്ങിൽ ബാങ്ക് ജീവനക്കാർ വിവിധ ജനപ്രതിനിധികൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഭാഗത്തുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ വധശ്രമത്തിനും ആയുധങ്ങൾ ഉപയോഗിച്ചുവെന്ന കുറ്റം ചുമത്തിയുമാണ് കേസെടുത്തത്.

കൊലക്കേസിലെ ഒന്നാം പ്രതി സജീബിന്റെ അമ്മ റംലാബീവി, മൂന്നാം പ്രതി സനൽ സിങ് എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട ഹഖ് മുഹമ്മദിനും മിഥാലാജിനും ഒപ്പമുണ്ടായിരുന്നവരാണ് ഇപ്പോഴത്തെ കേസിലെ പ്രതികൾ.
ഡിവൈഎഫ്ഐ പ്രവർത്തകരായ മാണിക്കൽ ആനക്കുഴി ഹൗസിൽ ഷെഹിൻ, ഇടത്തറ ഗാന്ധിനഗർ നിമ്മിഭവനിൽ നിഥിൻ ജോൺ, നെടുവേലി പ്ലാംതോട്ടത്തിൽ വീട്ടിൽ ഷഹീൻ, മാണിക്കൽ മണ്ണാംവിള റിജാസ് മൻസിലിൽ മുഹമ്മദ് റിയാസ്, തേമ്പാമൂട് കൊതുമല വീട്ടിൽ അജ്മൽ, വെമ്പായം മണ്ണുവിള വീട്ടിൽ ഗോകുൽ, പേരുമല ആലുവിളവീട്ടിൽ ഫൈസൽ എന്നിവർക്കെതിരേയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് കേസെടുത്തിട്ടുള്ളത്. ഒന്നാം പ്രതി സജീബ് അടക്കമുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി രണ്ട് തവണ വെഞ്ഞാറമൂട് പൊലീസിന് നിർദേശം നൽകിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് അനൂലമായിട്ടായിരുന്നു പൊലീസ് നൽകിയ രണ്ട് റിപ്പോർട്ടുകളും. സ്വയരക്ഷാർത്ഥം നടത്തിയ ആക്രമണമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
ഇതോടെ കോടതി കേസെടുത്ത് ഏഴ് പ്രതികൾക്കും ഹാജരാകാൻ നോട്ടീസ് അയച്ചു. എന്നാൽ പ്രതികൾ ഹാജരാകാത്തതോടെ കേസ് 27 ലേക്ക് മാറ്റികയായിരുന്നു. ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്ന ജില്ലാ കോടതിയിലേക്ക് ഈ കേസ് കൈമാറുന്നതിനുള്ള നടപടികളും ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഒന്നാം പ്രതിയുടെ അമ്മ റംലാബീവിയുടെ പരാതി.
by Midhun HP News | Jan 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കണ്ണും നട്ട് കാത്തിരിക്കുകയാണ് ഭക്തർ. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തർ നിറഞ്ഞു. വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം മകരവിളക്കുംകണ്ട് തീർഥാടകർ മലയിറങ്ങും.
സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയ്ക്ക് ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ദീപാരാധനയ്ക്കും മകരവിളക്കിനുംശേഷം രാത്രി 8.45ന് മകരസംക്രമ പൂജ നടക്കും. നെയ്യഭിഷേകവും തിരുവാഭരണങ്ങൾ അണിഞ്ഞുള്ള വിഗ്രഹ ദർശനവുമുണ്ടാകും.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദർശിച്ച് സായൂജ്യം നേടാനുമായി സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലധികം ഭക്തർ തമ്പടിച്ചിട്ടുണ്ട്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല. തീർഥാടകർക്ക് 19 വരെയാണ് ദർശനം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.
by Midhun HP News | Jan 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്.
അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പൊലീസിന് നേരെ മഴുവും എറിഞ്ഞു. പ്രതികളിൽ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഫീക്ക് ഓടി രക്ഷപ്പെട്ടു. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം പ്രതി ഷമീർ ആത്മഹത്യക്ക് ശ്രമിച്ചു. സെല്ലിനുള്ളിൽ വച്ച് ബ്ലെയ്ഡുകൊണ്ട് കഴുത്തിൽ പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | Jan 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വമ്പന്‍ ജയം. സര്‍വീസസിനെ കേരളം 204 റണ്‍സിന് തോല്‍പ്പിച്ചു. കേരളം മുന്നോട്ടു വെച്ച 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സര്‍വീസസ് 134 റണ്‍സിന് എല്ലാവരും പുരത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ ജലജ് സക്‌സേന എട്ടു വിക്കറ്റ് നേടി. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. ആദ്യ ഇന്നിങ്‌സില്‍ കേരളം 98 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കേരളം ഏഴ് വിക്കറ്റിന് 242 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.
രണ്ടാം ഇന്നിങ്‌സിലും സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 109 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 93 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്‌സിലും സച്ചിന്‍ ബേബി സെഞ്ച്വറി ( 159 റണ്‍സ്) നേടിയിരുന്നു.

Recent Comments