മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം സച്ചിദാനന്ദന്

മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം സച്ചിദാനന്ദന്

ഡല്‍ഹി: ഈ വര്‍ഷത്തെ മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം കെ സച്ചിദാനന്ദന്. ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുള്ള സച്ചിദാനന്ദന്‍ നിലവില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ലോകത്തിലെ വിവിധ ഭാഷകളിലെ കവിതകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ കവിതകള്‍ പതിനെട്ടു ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കാക്കയെ കൊന്നാലും 3 വർഷം തടവും കാൽലക്ഷം പിഴയും; എലിയും പഴംതീനി വവ്വാലുമൊക്കെ സംരക്ഷിത വിഭാ​ഗം

കാക്കയെ കൊന്നാലും 3 വർഷം തടവും കാൽലക്ഷം പിഴയും; എലിയും പഴംതീനി വവ്വാലുമൊക്കെ സംരക്ഷിത വിഭാ​ഗം

ഡൽഹി: കാക്ക, എലി, പഴംതീനി വവ്വാൽ തുടങ്ങിയ ജീവികളെ കൊന്നാൽ ഇനി തടവും പിഴയും ശിക്ഷ ലഭിക്കും. ഇവയെ സംരക്ഷിത വിഭാ​ഗമായ ഷെഡ്യൂൾ രണ്ടിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. നിയമം ലംഘിച്ചാൽ മൂന്നുവർഷംവരെ തടവും കാൽലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

വിളകൾ നശിപ്പിക്കുകയും രോ​ഗങ്ങൾ പരത്തുകയും ചെയ്യുന്ന വെർമിൻ ജീവികൾ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. 1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂളുകൾ ആറിൽ നിന്ന് നാലായി ചുരുങ്ങി. ഉയർന്ന സംരക്ഷണം ആവശ്യമായ ജീവികൾക്കായുള്ളതാണ് ഒന്നാം ഷെഡ്യൂൾ. കുറഞ്ഞ സംരക്ഷണമുള്ള ജീവികൾ അടങ്ങിയതാണ് ഷെഡ്യൂൾ രണ്ട്. സംരക്ഷണം ആവശ്യമായ സസ്യങ്ങൾ ഉൾക്കൊള്ളുന്നത് ഷെഡ്യൂൾ മൂന്നിലാണ്. അന്താരാഷ്ട്ര ധാരണകൾക്ക് വിധേയമായ ജീവികൾ ഉൾക്കൊള്ളുന്നതാണ് ഷെഡ്യൂൾ നാല്.

കൊല്ലാൻ അനുമതിയുണ്ടായിരുന്ന ജീവികളാണ് അഞ്ചാം ഷെഡ്യൂളിലുണ്ടായിരുന്നത്. പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂൾ അഞ്ച്‌ അപ്പാടെ ഇല്ലാതായി. ഇവയുടെ എണ്ണം രാജ്യത്തു വൻതോതിൽ കുറയുന്നതായി കണ്ടെത്തിയതിനാലാണു കൊല്ലുന്നതിനു നിയന്ത്രണമേർപ്പെടുത്തിയത്‌. എന്നാലിവ ക്രമാതീതമായി പെരുകി മനുഷ്യനെയോ വിളകളെയോ കന്നുകാലികളെയോ സ്വത്തിനെയോ ആക്രമിച്ചാൽ അവയെ വെർമിൻ വിഭാ​ഗത്തിൽ ഉൾപ്പെടുത്തി നിശ്‌ചിതകാലത്തേക്കു കൊന്നൊടുക്കാൻ അനുമതിതേടി കേന്ദ്രത്തിന്‌ അപേക്ഷ നൽകാം. സംസ്‌ഥാന വൈൽഡ്‌ ലൈഫ്‌ ബോർഡാണ്‌ അപേക്ഷ നൽകേണ്ടത്‌.

വന്യജീവി സംരക്ഷണനിയമത്തിൽ ഉൾപ്പെട്ട ജീവികളെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലേ കൊല്ലാൻ അനുമതിയുണ്ടാകൂ. ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാമെന്നു ഹൈക്കോടതി വിധിയുണ്ടായിട്ടും കേന്ദ്രം ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ല. ഷെഡ്യൂൾ രണ്ടിലാണു കാട്ടുപന്നിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരത്ത് പൊലീസിന് നേരെ ​ഗുണ്ടാ സംഘത്തിന്റെ ബോംബേറ്

തിരുവനന്തപുരത്ത് പൊലീസിന് നേരെ ​ഗുണ്ടാ സംഘത്തിന്റെ ബോംബേറ്

തിരുവനന്തപുരത്ത് പൊലീസിന് നേരെ ​ഗുണ്ടാ സംഘത്തിന്റെ ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ബോംബെറിഞ്ഞത്. തലനാഴിയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. അണ്ടൂർക്കാണം സ്വദേശികളും സഹോദരങ്ങളുമായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിന് പുറമേ പൊലീസിന് നേരെ മഴുവും ആയുധങ്ങളും വലിച്ചെറിഞ്ഞു. ഷമീറും, ഷഫീകും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് (21) തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന നിഖിലിനെ കണിയാപുരത്തു വെച്ചു തടഞ്ഞു നിർത്തി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് വ്യക്തമായിട്ടുണ്ട്. ഓടി രക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും തിരുകി വച്ചാണ് കൊണ്ടുപോയത്.

നിഖിലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായാണ് മർദ്ദിച്ച് അവശനാക്കിയത്. നിഖിലിന്റെ പിതാവിനെ ഫോണിൽ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. നിഖിലിന്റെ പിതാവ് കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ വെച്ചു പൊലീസ് സ്ഥലത്തെത്തിയപ്പോൾ യുവാവിനെ ഉപേക്ഷിച്ചു സംഘം രക്ഷപെട്ടു. അഞ്ചുതെങ്ങ്, കഠിനംകുളം, മംഗലപുരം പ്രദേശങ്ങളിൽ വീണ്ടും ഗുണ്ടാ സംഘം സജീവമാവുകയാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു; തീയതിയും സമയവുമുള്ള സ്റ്റിക്കര്‍ പാഴ്സലിൽ നിര്‍ബന്ധം

പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു; തീയതിയും സമയവുമുള്ള സ്റ്റിക്കര്‍ പാഴ്സലിൽ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഫ് എസ് എസ് എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മയോണൈസ് ഉപയോഗിച്ചുള്ള പലതരം ഭക്ഷണം കഴിച്ചവരില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായതായി പല പരാതികളും ഉയര്‍ന്നിരുന്നു. സാന്‍ഡ്വിച്ചുകളിലും ഷവര്‍മകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കില്‍ ഡ്രസിംഗ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്. ശരിയായ രീതിയില്‍ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാല്‍ സാല്‍മൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യമുള്ള ആളിനെപ്പോലും ഇത് ബാധിക്കും. ലാബ് റിപ്പോര്‍ട്ടുകളില്‍ നിന്നും ഇത്തരം മയോണൈസില്‍ രോഗാണുക്കള്‍ കണ്ടെത്തിയിരുന്നു. പച്ച മുട്ടയില്‍ നിന്നും ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യ സുരക്ഷയില്‍ ഏറെ അപകടമുള്ളതാണെന്ന് സംശയിക്കുന്നു. അതിനാലാണ് തീരുമാനം. വെജിറ്റബിള്‍ മയോണൈസോ, പാസ്ചറൈസ് ചെയ്ത മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാം.

സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നിവ സ്റ്റിക്കറിലുണ്ടായിരിക്കണം. സംസ്ഥാനത്തെ ഭക്ഷണ സ്ഥാപനങ്ങളില്‍ നിന്നും പാഴ്‌സല്‍ കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിശ്ചിത സമയപരിധി കഴിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ മന്ത്രി വീണാ ജോര്‍ജുമായി ഹോട്ടല്‍, റെസ്റ്റോറന്റ് സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലും ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചിരുന്നു. പൊതു ജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിട്ടുള്ള സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

എയർ ഇന്ത്യ വിമാനം വൈകി; കൊച്ചിയിൽ വിമാനത്തിനകത്ത് ചൂടിൽ വലഞ്ഞ് യാത്രക്കാർ

എയർ ഇന്ത്യ വിമാനം വൈകി; കൊച്ചിയിൽ വിമാനത്തിനകത്ത് ചൂടിൽ വലഞ്ഞ് യാത്രക്കാർ

കൊച്ചി: കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യാ വിമാനം പുറപ്പെടാൻ വൈകി. നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനമാണ് വൈകിയത്. എഞ്ചിൻ തകരാറാണ് വിമാനം വൈകാൻ കാരണമെന്നാണ് വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചത്. വിമാനത്തിനകത്ത് യാത്രക്കാരെ പ്രവേശിപ്പിച്ച ശേഷമായിരുന്നു ഇത്. വിമാനത്തിനകത്ത് ചൂടിൽ യാത്രക്കാർ വലഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി വന്ന യാത്രക്കാർ കുഞ്ഞുങ്ങൾ കരഞ്ഞതോടെ കരച്ചിലടക്കാൻ പാടുപെട്ടു. വിമാനത്തിനകത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു.

ഇന്ന് രാവിലെ 9.50 ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പറക്കേണ്ട വിമാനമായിരുന്നു ഇത്. 12 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. എയർ ഇന്ത്യയുടെ എഐ 133 വിമാനമാണ് വൈകിയത്. യാത്രക്കാർ വിമാനത്തിൽ തുടർന്നു. തകരാർ പരിഹരിച്ചെന്നും വിമാനം ഉടൻ പുറപ്പെടുമെന്നുമാണ് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

കോഴിക്കോട് 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; മൂന്ന് പേർ പിടിയിൽ

കോഴിക്കോട് 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലുള്‍പ്പെട്ട ഒരു പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. രണ്ടു ദിവസം മുമ്പാണ് പൊലീസില്‍ പരാതി ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതികളിലൊരാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു ഫ്‌ലാറ്റിലെത്തിച്ചു. ഇവിടെ വെച്ച് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി മയക്കി കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.