തുടർച്ചയായി സ്വർണവിലയിൽ വർധന; പവന് കൂടിയത് 160 രൂപ

തുടർച്ചയായി സ്വർണവിലയിൽ വർധന; പവന് കൂടിയത് 160 രൂപ

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,280 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണം 15 രൂപ വർധിച്ച് 4,265 രൂപയായി. ഇന്നലെയും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നെ ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,140 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് 41,120 രൂപയുമായിരുന്നു. 24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.

ശരദ് യാദവ് അന്തരിച്ചു

ശരദ് യാദവ് അന്തരിച്ചു

ന്യൂഡൽഹി: ആർജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് യാദവ് (75) അന്തരിച്ചു. 75 വയസ്സായിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 10.19നായിരുന്നു അന്ത്യം. ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി പി സിങ്, എ ബി വാജ്പേയ് സർക്കാരുകളിൽ കേന്ദ്രമന്ത്രിയായിരുന്നു.

രാജ്യത്തെ മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായിരുന്ന ശരദ് യാദവ്, ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്. എല്‍ജെഡി മുന്‍ ദേശീയ അധ്യക്ഷനുമാണ്. 1989ൽ വി.പി.സിങ് സർക്കാരിൽ ടെക്സ്റ്റൈൽസ്, ഭക്ഷ്യസംസ്കരണ വകുപ്പുകളും 1999ലെ വാജ്പേയി സർക്കാരിൽ വ്യോമയാന, തൊഴിൽ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും കൈകാര്യം ചെയ്തു. 33 വർഷം പാർലമെന്റ് അംഗമായിരുന്നു.

മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ബാബായ് ഗ്രാമത്തിൽ നന്ദ് കിഷോർ യാദവിന്റെയും സുമിത്ര യാദവിന്റെയും മകനായി 1947 ജൂലൈ ഒന്നിനാണ് ശരദ് യാദവിന്റെ ജനനം. ജബൽപുർ എൻജിനീയറിങ് കോളേജിൽനിന്ന് ഒന്നാം റാങ്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. അടിയന്തരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണനൊപ്പം പ്രവർത്തിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിനു തുടക്കമിടുന്നത്.

1974-ല്‍ ജബല്‍പുരില്‍ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. ലോക്ദളിൽനിന്നു വി പിസിങ്ങിനൊപ്പം 1988ൽ ജനതാദൾ രൂപീകരണത്തിൽ പങ്കാളിയായി. പിന്നീട് ജനതാദൾ യുണൈറ്റഡിലെത്തി. പത്തു വർഷം (2006–16) ജനതാദൾ (യു) ദേശീയ അധ്യക്ഷനായിരുന്നു. 2017-ല്‍ നിതീഷ്‌കുമാറുമായുള്ള ഭിന്നത രൂക്ഷമായി.

പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന് നിതീഷ് വിഭാഗം ശരദ് യാദവിനെതിരേ പരാതി നല്‍കിയതോടെ രാജ്യസഭാംഗത്വം നഷ്ടമായി. നിതീഷ് കുമാർ ബിഹാറിൽ ബിജെപിയുമായി സഖ്യം ചേർന്നതിൽ പ്രതിഷേധിച്ച് 2018ൽ പാർട്ടി വിട്ട് ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) രൂപീകരിച്ചു. എൽജെഡി കഴിഞ്ഞ വർഷം ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിച്ചു. ശരദ് യാദവിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി ദേവഗൗഡ തുടങ്ങിയവർ അനുശോചിച്ചു.

സ്പിന്നിന് മുന്നില്‍ മൂക്കുകുത്തി ലങ്ക, ഇന്ത്യക്കെതിരെ നല്ല തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച

സ്പിന്നിന് മുന്നില്‍ മൂക്കുകുത്തി ലങ്ക, ഇന്ത്യക്കെതിരെ നല്ല തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച

കൊല്‍ക്കത്ത: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് നല്ല തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച. പതിനേഴാം ഓവറില്‍ 102-1 എന്ന മികച്ച നിലയിലായിരുന്ന ലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ 152-7 എന്ന നിലയില്‍ തകര്‍ച്ചയിലാണ്. അഞ്ച് റണ്‍സോടെ ദുനിത് വെല്ലാലഗെയും ചമിക കരുണരത്നെയും ക്രീസില്‍. ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ലങ്കയെ എറിഞ്ഞിട്ടത്.

ടോസ് നേടി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണര്‍മാരായ ആവിഷ്ക ഫെര്‍ണാണ്ടോയും(20) നുവാനിഡു ഫെര്‍ണാണ്ടോയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ആറാം ഓവറില്‍ ആവിഷ്കയെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജാണ് ലങ്കയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ പിന്നീട് ലങ്കന്‍ ബാറ്റര്‍മാരായ നുവാനിഡു ഫെര്‍ണാണ്ടോക്കും കുശാല്‍ മെന്‍ഡിസിനും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് കഴിഞ്ഞില്ല.

ഉമ്രാന്‍ മാലിക്കിനെ ആദ്യ ഓവറില്‍ തന്നെ 14 റണ്‍സടിച്ച് ടോപ് ഗിയറിലായ നുവാനിഡുവും കുശാലും ചേര്‍ന്ന് ലങ്കയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയിരിക്കെയാണ് കുല്‍ദീപ് യാദവ് തന്‍റെ ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ(34) വിക്കറ്റിന് മുന്നില്‍ കുടുക്കി ലങ്കന്‍ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ധന‍ഞ്ജയ ഡിസില്‍വയെ(0) ഗോള്‍ഡന്‍ ഡക്കാക്കി അക്സറും എത്തി.
അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി നുവാനിഡു റണ്‍ ഔട്ടാവുകയും ചരിത് അസലങ്കയെയും(15),കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയെയും)2) കുല്‍ദീപ് വീഴ്ത്തുകയും വാനിന്ദു ഹസരങ്കയെ(21) ഉമ്രാന്‍ മാലിക് മടക്കുകയും ചെയ്തതോടെ ലങ്ക 152-7ലേക്ക് കൂപ്പുകുത്തി. ഇന്ത്യക്കായി കുല്‍ദീപ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്സറും സിറാജും ഉമ്രാനും ഓരോ വിക്കറ്റെടുത്തു.

കാര്യവട്ടം ഏകദിനം; കാണികളിൽ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കില്ല

കാര്യവട്ടം ഏകദിനം; കാണികളിൽ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കില്ല

തിരുവനന്തപുരം: ശ്രീലങ്കക്കെതിരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യയുടെ മൂന്നാം ഏകദിനത്തില്‍ കാണികളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കില്ല. മുൻപ് പാർക്കിങ്ങിനായി അമിത ഫീസ് ഈടാക്കിയത് വിവാദമായിരുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തുന്ന കാണികൾക്ക് പ്രധാന പാർക്കിങ് ഒരുക്കുക കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലാണ്.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പാർക്കിങ് സൗജന്യമായിരിക്കുമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. മുൻപ് മൽസരം നടന്നപ്പോൾ ഒരു വാഹത്തിന് 500 രൂപ വരെ സർവകലാശാല ഈടാക്കിയെന്ന് ആക്ഷേപമുയർന്നിരുന്നു. ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് കരുതൽ നിക്ഷേപവും വാങ്ങില്ലെന്നാണ് വിവരം. സർവകലാശാല കാമ്പസിന് പുറമെ മറ്റ് മൂന്നിടത്ത് കൂടി പാർക്കിങ്ങിന് സൗകര്യമുണ്ടാകും. മൽസരം നടക്കുന്ന ഞായറാഴ്ച പൊലീസ് ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തും.

കൊല്ലം സ്വദേശിനി എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിൽ

കൊല്ലം സ്വദേശിനി എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിൽ

കൊച്ചിയില്‍ എംഡിഎംഎയുമായി ഇരുപതിയൊന്നുകാരി എക്‌സൈസ് പിടിയില്‍. കൊല്ലം സ്വദേശി ബ്ലെസിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. അര്‍ദ്ധരാത്രി സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് യുവതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. രാത്രി സഞ്ചരിക്കുന്ന വനിത എന്ന നിലയില്‍ ഒരു കാരണവശാലും സംശയിക്കാതിരിക്കാന്‍ യുവതിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്. ഇത്തരത്തില്‍ വേറെയും യുവതികളുണ്ടോ എന്നും സംശയമുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

സ്‌കൂട്ടറില്‍ ടിപ്പറിടിച്ചു യുവതി മരിച്ചു

സ്‌കൂട്ടറില്‍ ടിപ്പറിടിച്ചു യുവതി മരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ എടത്വയില്‍ സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തില്‍ മഞ്ജുമോള്‍ (42) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഇടിച്ച ടിപ്പറിന്റെ ചക്രത്തിനടിയില്‍പ്പെട്ടാണ് മഞ്ജുവിന്റെ മരണം.

നിരയായെത്തിയ ടിപ്പറുകളില്‍ ഒരെണ്ണം സ്‌കൂട്ടറിനെ മറികടന്നെത്തിയാണ് മഞ്ജുവിനെ ഇടിച്ചു വീഴ്ത്തിയത്. ടിപ്പറിന്റെ ചക്രം മഞ്ജുവിന്റെ തലയിലൂടെ കയറി. അപകടത്തിനു പിന്നാലെ ടിപ്പര്‍ ഡ്രൈവര്‍ ഇറങ്ങിയോടി. മഞ്ജുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊടിയാടിയില്‍ സ്വകാര്യ ബാങ്ക്് ജീവനക്കാരിയാണ് മഞ്ജു. ഇതിനിടെ അപകടമുണ്ടാക്കിയ ടിപ്പറിന് ഒപ്പമെത്തിയ നാലു ടിപ്പര്‍ ലോറികള്‍ക്ക് പോകാന്‍ സൗകര്യമൊരുക്കിയ പൊലീസ് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കി.

പ്രതിഷേധിച്ച ഇരുചക്രവാഹനക്കാരുടെ താക്കോല്‍ പൊലീസ് ഊരിയെടുക്കുകയായിരുന്നു. എസ്‌ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞു. ഗതാഗത തടസ്സമുണ്ടായപ്പോള്‍ ടിപ്പറുകളെ കടത്തിവിടാനാണ് പൊലീസ് ശ്രമിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.