സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാന്‍ തീരുമാനമെടുത്തു. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്നും തീരുമാനിച്ചു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഒരിക്കല്‍ ലൈസന്‍സ് നല്‍കിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളില്‍ പരിശോധനകള്‍ നടത്തുന്നതാണ്. ലൈസന്‍സ് സസ്‌പെന്റ് ചെയ്താല്‍ പോരായ്മകള്‍ പരിഹരിച്ച് കമ്മീഷണറായിരിക്കും വീണ്ടും അനുമതി നല്‍കുന്നത്. ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സയവും എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ശുചിത്വം ഉറപ്പാക്കാന്‍ സ്ഥാപനത്തിലുള്ള ഒരാള്‍ക്ക് സൂപ്പര്‍വൈസര്‍ ചുമതല നല്‍കണം.

ഭക്ഷ്യ സുരക്ഷയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ഭക്ഷ്യ സുരക്ഷ ഫലപ്രദമായി നടപ്പിലാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ലൈസന്‍സ് ഉറപ്പാക്കും. ലൈസന്‍സിനായി ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കും. ആഡിറ്റോറിയത്തിലുപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളാണ്. ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ നല്‍കുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പാണ്. ഈ സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് എഫ്.എസ്.എസ്.എ.ഐ. ആക്ട് പ്രകാരം പരിശോധനകള്‍ നടത്തുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവുമാണ് പരിശോധനകള്‍ നടത്തി വരുന്നത്. പരിശീലനം, അവബോധം എന്നിവയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിവരുന്ന ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതിയിലും തദ്ദേശ വകുപ്പിനോട് സഹകരണമഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് സംവിധാനം നടപ്പിലാക്കി വരുന്നു. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് ഈ മാസം തന്നെ ലോഞ്ച് ചെയ്യുന്നതാണ്. ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. സംസ്ഥാനതലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതാണ്. മൈക്രോ ബയോളജി ലാബുകളുടെ എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

കൊല്‍ക്കത്ത ഏകദിനത്തില്‍ ലങ്കയ്ക്ക് ബാറ്റിങ്ങ്

കൊല്‍ക്കത്ത ഏകദിനത്തില്‍ ലങ്കയ്ക്ക് ബാറ്റിങ്ങ്

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ സനക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ഓപ്പണര്‍ പാഥും നിസങ്ക, പേസര്‍ ദില്‍ഷന്‍ മധുസങ്കെ എന്നിവരെ ഒഴിവാക്കി.

നിസങ്കയ്ക്ക് പകരം നുവാനിഡു ഫെര്‍ണാണ്ടോ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. മധുസങ്കയ്ക്ക് പകരം ലാഹിരു കുമാരയും ടീമിലെത്തി. ആദ്യ മത്സരം ഇന്ത്യ 67 റണ്‍സിന് വിജയിച്ചിരുന്നു. കൊല്‍ക്കത്തയില്‍ നടക്കുന്ന ഈ മത്സരവും വിജയിച്ചാല്‍ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് നേടാനാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഏകദിന മത്സരം നടക്കുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു: വർക്കല സ്വദേശി അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു: വർക്കല സ്വദേശി അറസ്റ്റിൽ

ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശിയായ മണ്ണാർത്തൊടി വീട്ടിൽ അൽ അമീനാ(28)ണ് അറസ്റ്റിലായത്. 2021-ൽ അബുദാബിയിൽ ജോലി ചെയ്തിരുന്ന പ്രതി ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുമായി പരിചയപ്പെടുകയും തുടർന്ന് വിവാഹാഭ്യർഥന നടത്തി വീഡിയോ കോളിലൂടെയും മറ്റും യുവതിയുടെ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയുമായിരുന്നു.

പ്രതിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ യുവതി പിന്നീട് ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു. തുടർന്ന് പ്രതി യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും അല്ലാത്തപക്ഷം രണ്ടുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതിനെത്തുടർന്ന് ഇയാൾ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ ചാവക്കാട് സ്റ്റേഷനിലും വർക്കല സ്റ്റേഷനിലും സമാനസ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്.

മെഡിക്കൽ പരിശോധനയ്ക്കായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതിയുടെ ചിത്രം പകർത്താൻ മാധ്യമപ്രവർത്തകർ ശ്രമിക്കുന്നതിനിടെ എ.സി.വി. ഇരിങ്ങാലക്കുട ബ്യൂറോ റിപ്പോർട്ടർ രാഹുൽ അശോകന്റെ മൊബൈൽ തട്ടിപ്പറിച്ച് പ്രതി നിലത്തെറിഞ്ഞു.

ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഭക്തര്‍ക്ക് വീണ്ടും അരവണ നല്‍കി തുടങ്ങിയത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അരവണയുടെ നിര്‍മ്മാണം നടത്തിയത്. ഉച്ചയോടെ വിതരണം പൂര്‍ണതോതിലെത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടയുകയായിരുന്നു.

ഇതേത്തുടര്‍ന്ന് വിതരണത്തിനായി സ്‌റ്റോക്ക് ചെയ്തിരുന്ന 707153 ടിന്‍ അരവണ ഗോഡൗണിലേയ്ക്ക് മാറ്റി. നടപടികള്‍ സംബന്ധിച്ച് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസര്‍ അറിയിച്ചു. കേസിന്റെ തുടര്‍ നടപടികള്‍ അനുസരിച്ച് ഗോഡൗണിലേയ്ക്ക് മാറ്റിയ അരവണ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി

വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. ആനുകൂല്യം നല്‍കാന്‍ വേണ്ടത് 83.1 കോടി രൂപയാണെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു.
ഈ തുക ഒറ്റയടിക്ക് നല്‍കാന്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് ശേഷിയില്ല. ഘട്ടംഘട്ടമായേ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ സാധിക്കൂ.

ഓരോ മാസവും 3.46 കോടി രൂപ വീതം ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. മുന്‍ഗണനാക്രമത്തില്‍ ആയിരിക്കും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

പാഴ്സലില്‍ സമയം രേഖപ്പെടുത്തണം, ഹോട്ടലുകള്‍ക്ക് റേറ്റിങ് വരും; ആരോഗ്യമന്ത്രി

പാഴ്സലില്‍ സമയം രേഖപ്പെടുത്തണം, ഹോട്ടലുകള്‍ക്ക് റേറ്റിങ് വരും; ആരോഗ്യമന്ത്രി

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയുമായി സര്‍ക്കാര്‍. പാഴ്സല്‍ നല്‍കുന്ന സമയം  രേഖപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി. പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിങ് വരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. റേറ്റിങ് ആപ്പ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. ജനങ്ങള്‍ക്ക് ആപ്പ് നോക്കി വിലയിരുത്താം. ഹോട്ടലുകള്‍ നല്ല രീതിയില്‍ സഹകരിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. 

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനതല സ്പെഷ്യൽ ടാക്സ് ഫോഴ്സ് രൂപീകരിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. 14 ജില്ലകളിലും പരിശോധന നടത്താന്‍ അധികാരമുണ്ട്. നഗര–ഗ്രാമ വ്യത്യാസമില്ലാതെ പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.