by Midhun HP News | Jan 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല ജോബ് ഫെയർ 2023, ജനുവരി 14 രണ്ടാം ശനിയാഴ്ച പട്ടം ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ നിന്നുള്ള തൊഴിൽ ദാതാക്കൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ നിരവധി തൊഴിൽ അവസരങ്ങളാണ് ഉള്ളത്. എസ് എസ് എൽ സി അടിസ്ഥാന യോഗ്യത ഉള്ളവർ മുതൽക്ക് മേളയിൽ പങ്കെടുക്കാവുന്നതാണ്. രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് ഉദ്യോഗാർഥികൾക്കുള്ള രജിസ്ട്രേഷൻ. 18 നും 38 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് മുൻഗണന.

by Midhun HP News | Jan 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കൂടുതല്‍ ഗ്രാമീണ റോഡുകള്‍ നവീകരണത്തിനൊരുങ്ങുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്ന റോഡുകളാണ് നവീകരിക്കുന്നത്.
ഒ.എസ്. അംബിക എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി ഇരുപതുലക്ഷത്തി എഴുപത്തിഒമ്പതിനായിരം രൂപയാണ് മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ റോഡ് നവീകരണത്തിനായി ചെലവഴിക്കുന്നത്.
പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണമത്ത് ലക്ഷം വീട് ഉള്‍പ്പെടുന്ന ആനാവൂര്‍ റോഡ്, പയറ്റിങ്ങാം കുഴി ഗുരുനഗര്‍ പേഴും കുന്ന് റോഡ് എന്നിവയാണ് നവീകരിക്കുന്നത്. ഇതിനായി 51.68 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് റോഡുകളാണ് നവീകരിക്കുന്നത്. പാപ്പാല -പാറകോണം റോഡ്, വാഴോട്-വട്ടപ്പാറ റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 42.79 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
ഗ്രാമപ്രദേശങ്ങളെ സംസ്ഥാനപാത ഒന്നുമായി ബന്ധിപ്പിക്കുന്നവയാണ് ഈ റോഡുകള്‍. കരവാരം ഗ്രാമപഞ്ചായത്തില്‍ തലവിള -കോട്ടമല- പുതുശ്ശേരിമുക്ക് റോഡും മാടന്‍നട കാഞ്ഞിരംവിള റോഡുകളും പുനര്‍ നിര്‍മ്മിക്കുന്നുണ്ട്.

പുതുശ്ശേരിമുക്കിലേക്കുള്ള റോഡിന്റെ നവീകരണം സാധ്യമാകുന്നതോടെ ദേശീയപാതയിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും. 26.33 ലക്ഷം രൂപയാണ് കരവാരം ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിനായി ചെലവഴിക്കുന്നത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഉടന്‍ തന്നെ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
by Midhun HP News | Jan 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആധാരമെഴുത്ത് തൊഴിൽ മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് കേരളാ സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ നേതാക്കൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. സത്യന്റെ നേതൃത്വത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാലുമായും, റവന്യൂ വകുപ്പ് മന്ത്രി കെ. രാജനുമായും ചർച്ച നടത്തി. വിശദമായ നിവേദനവും സമർപ്പിച്ചു. ആധാരമെഴുത്ത് തൊഴിൽ സംരക്ഷിച്ചു മാത്രമേ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പാടുള്ളുവെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തുമെന്നും ഇരുവരും ഉറപ്പു നൽകി. യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കരകുളം ബാബു, യൂണിയൻ നേതാക്കളായ, തിരുവല്ലം മധു, നെടുമങ്ങാട് അനിൽ, കുരുവിക്കാട് ഗിരീഷ് കുമാർ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

by Midhun HP News | Jan 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പന്തളം കൊട്ടാരത്തിന്റെയും ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നത്. വലിയ കോയിക്കൽ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം പതിനൊന്നര വരെ ഭക്തർക്ക് തിരുവാഭരണ ദർശനത്തിനുള്ള അവസരമുണ്ട്.
ഇരുത്തിയഞ്ച് പേരാണ് തിരുവാഭരണ പേടകവാഹക സംഘത്തിലുള്ളത്. ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം ശിരസിലേറ്റുന്നത് ഗുരു സ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. അനാരോഗ്യം മൂലം ഘോഷയാത്രയിൽ മുഴുവൻ സമയവും അദ്ദേഹം ഉണ്ടാകില്ല. പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര ആദ്യ ദിനം അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും തങ്ങും. പന്തളം ഊട്ടുപുര കൊട്ടാരത്തിലെ രാജരാജ വർമ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി. ശനിയാഴ്ചയാണ് മകരവിളക്ക്.

by Midhun HP News | Jan 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഫേസ്ബുക്കിലെ കുത്തും കോമയും ഇടുന്ന അല്‍ഗോരിതം അടിസ്ഥാനരഹിതമാണെന്ന് കേരളാ പോലീസ്. പുതിയ ‘ഫേസ്ബുക്ക് അല്‍ഗോരിതം’ മൂലം ഒറ്റപ്പെടാന്‍ ചാന്‍സ് ഉണ്ടെന്ന ചിന്തയില്‍ കോപ്പി പേസ്റ്റ് പോസ്റ്റിന്റെ പുറകിലാണ് പലരും. ‘കേശുമാമന്‍ സിന്‍ഡ്രോം’ എന്നൊക്കെ സോഷ്യല്‍ മീഡിയ ഓമനപ്പേരില്‍ അറിയപ്പെടുന്ന, ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു സിന്‍ഡ്രോം. ഒരാള്‍ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്. ഉള്ള സുഹൃത്തുക്കള്‍ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫേസ്ബുക്ക് അല്‍ഗോരിതം മാറ്റിയത്രേ. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാന്‍ കഴിയൂ തുടങ്ങുന്ന ഫേസ്ബുക്കിലെ ചര്‍ച്ചകള്‍ അടിസ്ഥാന രഹതമാണെന്ന് കേരളാ പോലീസ് പറയുന്നത്.
പ്രധാനപ്പെട്ട പോസ്റ്റുകള്‍ അടങ്ങിയ ന്യൂസ് ഫീഡുകള്‍ മാത്രമാണ് കാണാന്‍ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാല്‍ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേള്‍ക്കാനും കാണാനും കൂടുതല്‍ താല്പര്യമുള്ളവരെ ഫില്‍റ്റര്‍ ചെയ്താണ് ഫെയ്‌സ്ബൂക് കാണിക്കുക. കൂടുതല്‍ സംവദിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകള്‍ സ്വാഭാവികമായും ഫീഡുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. പോലീസ് പോസ്റ്റിട്ട് വ്യക്തമാക്കി.
ഒരാളുടെ ഇഷ്ട വിഷയങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍, അല്ലെങ്കില്‍ പോസ്റ്റ് ചെയ്യുന്നവയില്‍ ജനപ്രീതി നേടിയവ ആദ്യം കാണുവാന്‍ സഹായിക്കുക എന്ന രീതിയിലാണ് സ്വാഭാവികമായും ഫെസ്ബൂക് അല്‍ഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ കുത്ത്, കോമ ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ പോസ്റ്റില്‍ നമുക്ക് മറുപടി തരുന്നവര്‍ നമ്മുടെ അടുത്ത പോസ്റ്റ് കൃത്യമായി കാണും. എന്നാല്‍ പിന്നീടുള്ള പോസ്റ്റുകള്‍ ഒരു പക്ഷേ അവര്‍ കാണണമെന്നില്ല എന്നും പറയുന്നു.
2018 മുതല്‍ ഫേസ്ബുക്ക് അല്‍ഗോരിതം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഒരാളുടെ ടൈംലൈനിലെ നൂറുകണക്കിന് സ്‌റ്റോറികളില്‍ നിന്നും ഒരു നിശ്ചിത എണ്ണം മാത്രമേ മുന്‍ഗണന പ്രകാരം ഈ അല്‍ഗോരിതം തിരഞ്ഞെടുക്കയുള്ളൂ. ഹായ് ഇട്ടാലും ഇല്ലങ്കിലും അല്‍ഗോരിതത്തിലെ ഇത്തരം മുന്‍ഗണനാ ക്രമം ദിനംപ്രതി മാറിക്കൊണ്ടിരിക്കും. അതിനാല്‍ തന്നെ ഒരു ദിവസം ഹായ് ഇട്ടതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടോ ആ വ്യക്തിയുടെ പോസ്റ്റുകള്‍ നമ്മള്‍ എന്നും കാണണമെന്നില്ല. കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള വെറുപ്പിക്കല്‍ കോപ്പി പേസ്റ്റ് ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കാണുന്നത്. ഇത്തരത്തിലുള്ള വ്യാജ സന്ദേശം 2020 ലും വ്യപകമായി പ്രചരിച്ചിരുന്നു. അന്നും ഈ പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
by Midhun HP News | Jan 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി 240 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,120 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5140 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 5 രൂപയാണ് ഉയർന്നത്. ഇന്നലെ 10 രൂപയാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4250 രൂപയാണ്.

Recent Comments