by Midhun HP News | Jan 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. ബിഗ് ബോസ് താരവും സാമൂഹിക പ്രവർത്തകയുമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ കുറിപ്പ്
“മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിൾ പേ നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648 സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ!!”, ആശുപത്രിയിൽ നിന്നുള്ള ചിത്രം സഹിതം ദിയ ഫേയ്സ്ബുക്കിൽ കുറിച്ചു.

സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ മോളി പിന്നീട് അന്നയും റസൂലും, അമർ അക്ബർ അന്തോണി, ദ ഗ്രേറ്റ് ഫാദർ, കേരള കഫെ, ചാപ്പ കുരിശ്, ചാർലി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തിൽ മോളി അഭിനയിക്കുന്നു എന്നതാണ് നടിയെക്കുറിച്ച് ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം.
by Midhun HP News | Jan 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് ഇന്ന് 83 വയസ്. ജന്മദിനാഘോഷം ഇത്തവണ കൊച്ചിയില്‍ നടക്കും. ഇക്കുറി കൊല്ലൂരില്‍ ആഘോഷങ്ങളില്ല. വര്‍ഷങ്ങളായി കൊല്ലൂരിലാണ് യേശുദാസ് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. മമ്മൂട്ടി, മന്ത്രി പി രാജീവ്, ഗായകര്‍, ഗാനരചയിതാക്കാളുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ ആഘോഷങ്ങള്‍.
യേശുദാസിന്റെ ആയുരാരോഗ്യത്തിനായി സുഹൃത്തുക്കള്‍ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തി. അദ്ദേഹത്തിന്റെ ജന്മദിനം സുഹൃത്തുക്കള്‍ക്കുള്ളതാണെന്ന് യേശുദാസിന്റെ അടുത്ത ചങ്ങാതിയായ ചേര്‍ത്തല ഗോവിന്ദന്‍ കുട്ടി പറഞ്ഞു. ജന്മദിനത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഗീതമാണ് യേശുദാസിന്റെ ശ്വാസം. അദ്ദേഹം മിക്കാവാറും എല്ലാ ദിവസങ്ങളിലും എന്നെ വിളിക്കുകയും സംഗീതത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. അദ്ദേഹം ഒരുരാഗം പാടി എന്നോട് പാടാന്‍ ആവശ്യപ്പെടും. ഇത്രയും വലിയ ഗായകന്റെ സുഹൃത്ത് ആവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ഗോവിന്ദന്‍ കുട്ടി പറഞ്ഞു.

തൃപ്പൂണിത്തുറയിലെ ആര്‍എല്‍വി മ്യൂസിക് അക്കാദമിയില്‍ വച്ചാണ് യേശുദാസിനെ കണ്ടുമുട്ടിയത്. 1960ല്‍ ഫസ്റ്റ് ക്ലാസോടെ ബിരുദം നേടിയ ശേഷം താന്‍ അവിടുത്തെ അധ്യാപകനായി. യേശുദാസ് ഗായകനായി തന്റെ ജോലി തുടര്‍ന്നു. ‘ആര്‍എല്‍വിയില്‍ ഏഴ് പുരുഷന്മാരും 15 സ്ത്രീകളും വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഞാനും യേശുദാസും മാത്രം അവശേഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
പാടിവട്ടം അസീസിയ കണ്‍വന്‍ഷന്‍ സെന്ററിലെ പരിപാടിയില്‍ യേശുദാസ് ഓണ്‍ലൈനായി പങ്കെടുക്കും. ലഹരിവിരുദ്ധ സന്ദേശവും നല്‍കും. യേശുദാസിന്റെ പുതിയ ആല്‍ബം ‘തനിച്ചൊന്നു കാണാന്‍’ 10ന് നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്യും. 11നു സംഗീത, സാഹിത്യ, സിനിമ, രാഷ്ട്രീയ മേഖലകളിലുള്ളവര്‍, യേശുദാസിന്റെ സഹപാഠികള്‍, സഹകലാകാരന്മാര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നു കേക്കു മുറിക്കും. തുടര്‍ന്നു ഗായക സംഘടനയായ ‘സമ’ത്തിന്റെ നേതൃത്വത്തില്‍ എം.ജി.ശ്രീകുമാര്‍, ഉണ്ണി മേനോന്‍, വിജയ് യേശുദാസ്, സുദീപ്കുമാര്‍ എന്നിവര്‍ നയിക്കുന്ന ആശംസാ ഗീതാഞ്ജലി. ഗാനരചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ആര്‍.കെ.ദാമോദരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഷിബു ചക്രവര്‍ത്തി, സംഗീത സംവിധായകരായ വിദ്യാധരന്‍, ബേണി ഇഗ്‌നേഷ്യസ്, ശരത്, ടിഎസ് രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിറന്നാള്‍ മംഗളം. ലീന്‍ തോബിയാസ് പകര്‍ത്തിയ 83 യേശുദാസ് ചിത്രങ്ങളുടെ പ്രദര്‍ശനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ വയോജന കേന്ദ്രത്തിലുള്ളവര്‍ക്കും അതിഥികള്‍ക്കും യേശുദാസ് അക്കാദമി അംഗങ്ങള്‍ക്കുമായി സദ്യയൊരുക്കും
by Midhun HP News | Jan 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നതും, സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാസത്തിലെ നാലാം ശനി അവധി നല്‍കുന്നതും ഇന്ന് ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി വി പി ജോയി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.
ആശ്രിത നിയമനം അഞ്ചു ശതമാനമായി പരിമിതപ്പെടുത്താനാണ് ആലോചന. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാള്‍ ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെന്നു സമ്മതപത്രം കൊടുത്താല്‍ മാത്രം നിയമനം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. നിയമനം നല്‍കാത്തവര്‍ക്ക് പത്തുലക്ഷം രൂപ ആശ്രിത ധനം നല്‍കാനാണ് ആലോചിക്കുന്നത്. ആശ്രിത ധനം കൈപ്പറ്റുന്നവര്‍ക്ക് പിന്നീട് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരുന്നവയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം ആലോചിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നതും സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റമുണ്ടാകും. നാലാം ശനി അവധിയാക്കിയാല്‍ മറ്റു പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയാകും.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്‌കലോനിയെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സാണ് സ്‌കലോണിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 44 വയസുള്ളപ്പോള്‍ അര്‍ജന്‍റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച സ്‌കലോണിക്ക് 240 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഫ്രഞ്ച് പരിശീലകന്‍ ദെഷാമിന് 45 വോട്ടുകളേയുള്ളൂ.

മൊറോക്കോയെ ലോകകപ്പില്‍ നാലാം സ്ഥാനത്ത് എത്തിച്ച വാലിദ് റെഗ്റാഗി 30 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. റഷ്യന്‍ ലോകകപ്പിന് പിന്നാലെ 2018 ൽ പുറത്താക്കപ്പെട്ട ജോർജ് സാംപാളിക്ക് പകരം അർജന്‍റൈ ടീമിന്‍റെ താത്കാലിക പരിശീലകനായി നിയമിക്കപ്പെടുമ്പോൾ സ്‌കലോണിയുടെ പ്രായം നാൽപത് മാത്രമായിരുന്നു.
അര്‍ജന്‍റീനയെ തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയമറിയാതെ പരിശീലിപ്പിച്ച റെക്കോര്‍ഡും സ്‌കലോണിക്കുണ്ട്. 2021ല്‍ കോപ്പ അമേരിക്ക കിരീടവും ടീമിന് സമ്മാനിച്ചു. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തിയത്.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോണ്‍ഫറന്‍സിലാണ് ആരോഗ്യ മേഖലയിലെ പുതിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചത്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന നവീന ആരോഗ്യ പദ്ധതികളായ ജീവിതശൈലീ രോഗ നിര്‍ണയ കാമ്പയിന്‍, ഗുരുതര ശ്വാസകോശ രോഗങ്ങള്‍ക്കായുള്ള ശ്വാസ് പദ്ധതി, നേത്രപടല അന്ധത കണ്ടെത്തുന്നതിനുള്ള റെറ്റിനോപ്പതി പദ്ധതി, സാന്ത്വന ചികിത്സാ പദ്ധതി, നവജാത ശിശുക്കളിലെ സ്‌ക്രീനിംഗ്, ഹബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റം തുടങ്ങിയ പദ്ധതികള്‍ രാജ്യത്താകമാനം മാതൃകയാകുമെന്ന് യോഗം വിലയിരുത്തി. ‘ജീവിതശൈലീ രോഗങ്ങളും പോഷകാഹാരങ്ങളും’ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചു.

ജീവിതശൈലീ രോഗങ്ങളും അവ നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചു വരുന്ന പുതിയ പദ്ധതികള്‍, നയപരമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പുതിയ നേട്ടങ്ങള്‍ എന്നിവ സംബന്ധിച്ചും അവതരണം നടത്തി. പോഷകാഹാരത്തിന്റെ കുറവ് കൊണ്ടും കൂടുതല്‍ കൊണ്ടും കേരളത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍, അവയുടെ പരിഹാരങ്ങള്‍, അവ നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നയപരമായും അല്ലാതെയുമായി നടപ്പിലാക്കുന്ന പരിശോധനകള്‍, പരിപാടികള്‍ എന്നിവയും എടുത്തു പറയാനായി. കാന്‍സര്‍ കെയര്‍, ആന്റി മൈക്രോബയല്‍ റെസിസ്റ്റന്‍സ് സര്‍വയലന്‍സ്, മെറ്റബോളിക് സ്‌ക്രീനിംഗ്, സാംക്രമിക രോഗ സ്ഥിരീകരണം, ക്ഷയരോഗ നിര്‍ണയം, ഔട്ട്‌ബ്രേക്ക് റസ്‌പോണ്‍സ് ലാബ് സിസ്റ്റം എന്നിവയ്ക്ക് വേണ്ടി ജില്ലകളില്‍ ഹബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റവും തയ്യാറാക്കി വരുന്നു.
ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 60 ലക്ഷത്തോളം ആള്‍ക്കാരെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ഇതിലൂടെ കാന്‍സര്‍ രോഗ സാധ്യത കണ്ടെത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. കുട്ടികളുടെ ആരോഗ്യ സ്‌ക്രീനിംഗിനായി ശലഭം, ഹൃദ്യം പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി വഴി 5,200ലധികം പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായെന്നും മന്ത്രി വ്യക്തമാക്കി.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് വീണ്ടും മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് മാര്‍ഗ നിര്‍ദേശം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ പര്‍വതീകരിക്കുന്ന ദ്യശ്യങ്ങൾ, അധ്യാപകര്‍ കുട്ടികളെ മര്‍ദിക്കുന്നത് പോലെയുള്ളവ ഉൾപ്പടെ സംപ്രക്ഷേപണം ചെയ്യരുതെന്നാണ് നിര്‍ദേശം. മുന്‍പ് നിര്‍ദേശിച്ച കോഡുകള്‍ക്ക് അനുസൃതമായി വേണം വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാനെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അപകട വാര്‍ത്തകളും കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നല്ല സൂക്ഷ്മത പുലര്‍ത്തണം. മൃതദേഹങ്ങളുടെ ചിത്രങ്ങളും കുട്ടികളെ ഉപദ്രവിക്കുകയും വലിച്ചെറിയുകയും മറ്റും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഉപയോഗിക്കരുത്.
മൃതദേഹങ്ങളും ആളുകള്‍ അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച് കിടക്കുന്ന ചിത്രങ്ങളും ചില മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു. കുട്ടികളേയും സ്ത്രീകളേയും ആള്‍ക്കൂട്ടം ദയാരഹിതമായി മര്‍ദിക്കുന്ന ക്ലോസ് അപ് ദൃശ്യങ്ങളും പരുക്കേറ്റ ശരീരാവയവങ്ങള്‍ മാസ്‌ക് ചെയ്യാതെയും ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യരുത്. സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചട്ടങ്ങള്‍ക്ക് ബാധകമാണെന്ന് ഉറപ്പുവരുത്തി മാത്രം സംപ്രേക്ഷണം ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.
Recent Comments