അടുത്ത കലോത്സവത്തിൽ നോൺ വെജ് വിളമ്പും; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

അടുത്ത കലോത്സവത്തിൽ നോൺ വെജ് വിളമ്പും; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വെജ് ആവശ്യമുള്ളവർക്ക് വെജും നോൺ വെജ് ആവശ്യമുള്ളവർക്ക് അതും കഴിക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

“എൻ്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോട് ബിരിയാണി നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് ഇവിടെ സൂചിപ്പിക്കുകയാണ്. വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് നോൺ വെജിറ്റേറിയനും കഴിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നുള്ള കാര്യം സൂചിപ്പിക്കുന്നു. എല്ലാവരുടെയും ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും.”- മന്ത്രി പറഞ്ഞു.

സ്കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം നൽകുന്നില്ലെന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾ നടന്നു. വർഷങ്ങളായി കലോത്സവ പാചകപ്പുരയിൽ ഭക്ഷണമൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെയായിരുന്നു വിമർശനം. എന്നാൽ, സർക്കാർ നൽകുന്ന മെനു അനുസരിച്ചാണ് ഭക്ഷണം നൽകുന്നതെന്നും നോൺ വെജ് വേണമെന്ന് സർക്കാർ പറഞ്ഞാൽ അത് നൽകുമെന്നും പഴയിടം പ്രതികരിച്ചു. കായികമേളയിൽ നോൺ വെജ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ അടുത്ത കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം പരിഗണിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസും അറിയിച്ചു.

പട്ടികജാതി/പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

പട്ടികജാതി/പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു വേണ്ടി ജനുവരി 12 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭികാമ്യം. തിരുവനന്തപുരം ജില്ലയിലാണ് നിയമനം.

35 വയസ്സാണ് ഉയർന്ന പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ഒമ്പതിനകം https://forms.gle/yBuPnU3YQ2a8DUvd9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക്: “National Career Service Centre for SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ്, 0471-2332113/8304009409.

ഖത്തർ എയർവേയ്സ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി

ഖത്തർ എയർവേയ്സ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി

ഖത്തർ എയർവേയ്സ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി. നിലവിൽ സർവീസ് നടത്തുന്ന എ – 320 വിമാനത്തിനു പകരമാണ് ആഴ്‌ചയിൽ രണ്ട് ദിവസം ബി – 787 സീരീസിലുള്ള ഡ്രീംലൈനെർ വിമാനം സർവീസ് നടത്തുക. ഡ്രീംലൈനറിന്റെ വരവോടെ സീറ്റുകളുടെ എണ്ണം എ – 320 നെ അപേക്ഷിച്ച് 160 ല്‍ നിന്ന് 254 ആയി വർധിക്കും.

ബിസിനസ്‌ ക്ലാസ്സിൽ മാത്രം ‌22 സീറ്റുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് ഡ്രീംലൈനെർ സർവീസ് നടത്തുക. മറ്റ് അഞ്ച് ദിവസങ്ങളിൽ എ – 320 വിമാനം ഉപയോഗിച്ചുള്ള സർവീസ് ഇപ്പോഴുള്ളതു പോലെ തുടരും. വെള്ളിയാഴ്ച രാവിലെ രണ്ട് മണിക്ക് എത്തിയ ആദ്യ ഡ്രീംലൈനെർ വിമാനത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. ഡ്രീംലൈനിന്റെ വരവോടെ ഗൾഫിലേക്കും യൂറോപ്പ്, യു.എസ് ഉൾപ്പെടെയുള്ള മേഖലകളിലേക്കും തിരുവനന്തപുരത്തു നിന്ന് കൂടുതൽ യാത്രമാസൗകര്യം ഒരുങ്ങും.

കാര്യവട്ടത്തെ ഇന്ത്യ- ശ്രീലങ്ക ഏകദിനം: ടിക്കറ്റ് വില്‍പന ഇന്ന് മുതല്‍

കാര്യവട്ടത്തെ ഇന്ത്യ- ശ്രീലങ്ക ഏകദിനം: ടിക്കറ്റ് വില്‍പന ഇന്ന് മുതല്‍

ഈ മാസം 15 ന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍.അനില്‍ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം 13 ന് തിരുവനന്തപുരത്തെത്തും. കാര്യവട്ടത്തെ കളി 15 ന് കേരളത്തിനായി ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ 5000 റണ്‍ നേടിയ ആദ്യ ക്രിക്കറ്റ് താരമായ റോഹന്‍ പ്രേമിനെ ചടങ്ങില്‍ വച്ച് കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ ആദരിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസഡിന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ്.എസ്.കുമാര്‍, ട്രെഷറര്‍ കെ.എം.അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ് പി.ചന്ദ്രശേഖരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും

കുരുന്നുകൾക്ക് കുടിവെള്ളം

കുരുന്നുകൾക്ക് കുടിവെള്ളം

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കാൻ 14.87 ലക്ഷം രൂപ ജല അതോറിട്ടിക്ക് അടയ്ക്കാൻ തയാറാണെന്ന് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെതുടർന്നാണ് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണം അടയ്ക്കാമെന്ന് പഞ്ചായത്ത് സമ്മതിച്ചത്. ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന 21-ാം നമ്പർ അങ്കണവാടിയുടെ കുടിവെള്ള കണക്ഷനാണ് വിച്ഛേദിച്ചത്. ഇവിടെ 18 കുട്ടികൾ പഠിക്കുന്നുണ്ട്. 2004 മുതലുള്ള കുടിശികയാണ് അടയ്ക്കാനുണ്ടായിരുന്നത്.

തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യക്ക് പിന്നില്‍ പലിശ കുരുക്ക്

തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യക്ക് പിന്നില്‍ പലിശ കുരുക്ക്

തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യക്ക് പിന്നില്‍ പലിശ കുരുക്ക്. പലപ്പോഴായി പലിശക്കെടുത്ത 12 ലക്ഷം രൂപയുടെ കടം പെരുകി 60 ലക്ഷം രൂപയുടെ ബാധ്യതയായി തീര്‍ന്നതോടെയാണ് കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്‌ക്കല്‍ കാര്‍ത്തികയില്‍ പി.രമേശ് (50), ഭാര്യ ജി.സുലജ കുമാരി (48), മകള്‍ ആര്‍ എസ് രേഷ്‌മ (23) എന്നിവര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

ദുബായില്‍ ഡ്രൈവറായിരുന്ന രമേശന്‍ കഴിഞ്ഞ ദിവസമാണ് തിരികെ വന്നത്. സുലജ സ്വകാര്യ സ്കൂളില്‍ ആയയായിരുന്നു. പലിശക്കുരുക്ക് താങ്ങാനാവാതെ ദമ്പതികളും യുവതിയായ മകളും വീടിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കി. കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്‌ക്കല്‍ കാര്‍ത്തികയില്‍ പി.രമേശ്, ഭാര്യ ജി.സുലജ കുമാരി (48), മകള്‍ ആര്‍.എസ്.രേഷ്‌മ (23) എന്നിവരാണ് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. പ്രവാസിയായ രമേശ് വ്യാഴാഴ്ച രാവിലെയാണ് ദുബായില്‍ നിന്നെത്തിയത്. സുലജ സ്വകാര്യ സ്കൂളില്‍ ആയയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുലജയുടെ പിതാവ് സുരേന്ദ്രന്‍ കടം വാങ്ങി തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ ദുരവസ്ഥ ആരംഭിക്കുന്നത്. വിദേശത്തു പോകാന്‍ വേണ്ടിയായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് സുരേന്ദ്രന്‍ പണം പലിശയ്ക്കെടുത്തത്.

തിരികെ വന്നശേഷം പതിനേഴേമുക്കാല്‍ സെന്റ് വസ്‌തു വാങ്ങി വീട് പണിതു. ഇതടക്കം ആകെ 12 ലക്ഷം രൂപയായിരുന്നു ബാധ്യത. വീട് സ്‌ത്രീധനമായി നല്‍കിയപ്പോള്‍ കടവും സുലജയുടെ തോളിലായി. ബാദ്ധ്യതയെപ്പറ്റി രമേശിന് അറിയില്ലായിരുന്നു. ഇതിനിടയില്‍ കടം തീര്‍ക്കാനായി സുലജ വീണ്ടും കടംവാങ്ങി തുടങ്ങി. 22 പേര്‍ക്കാണ് പണം നല്‍കാനുണ്ടായിരുന്നത്. ദുബായില്‍ ഡ്രൈവറായിരുന്ന രമേശ് ഏഴ് വര്‍ഷം മുമ്പ് അവധിക്ക് വന്നപ്പോള്‍ പലിശക്കാര്‍ വീട്ടിലെത്തി ബഹളം വച്ചു. തുടര്‍ന്ന് ഏറെക്കാലം രമേശും സുലജയും പിണക്കത്തിലായിരുന്നു. പിന്നീട് രമേശും കടം വാങ്ങി.

ഒരാള്‍ക്ക് മാസം 46,000 രൂപ പലിശ കൊടുത്തിരുന്നു. കിടപ്പാടം വിറ്റ് കടം തീര്‍ക്കാനായി ശ്രമം. പണവുമായി സ്ഥലം വിടുമെന്ന് ആരോപിച്ച്‌ കടം കൊടുത്ത ചിലര്‍ കേസ് കൊടുത്തതോടെ വില്പന നടന്നില്ല. ലോണെടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. ആര്‍ക്കൊക്കെ പണം കൊടുക്കാനുണ്ടെന്ന്മകന്‍ രോഹിത്തിന്റെ മുറിയിലെ മേശപ്പുറത്ത് എഴുതിവച്ചശേഷമാണ് ജീവനൊടുക്കിയത്. തോന്നയ്‌ക്കല്‍ എ.ജെ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും ചെണ്ട കലാകാരനുമായ ഇളയ മകന്‍ രോഹിത്ത് തമിഴ്‌നാട്ടില്‍ ചെണ്ടമേളത്തിന് പോയതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല. രേഷ്മ സര്‍ക്കാര്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ പി എസ് സി കോച്ചിംഗിനും പോകുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട അയല്‍ക്കാരാണ് തീ ആളുന്നത് കണ്ടത്. വീട് അകത്തു നിന്നു പൂട്ടിയിരുന്നു. തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന സുലജകുമാരിയുടെ മാതാപിതാക്കളായ സുരേന്ദ്രനും സുജാതയും ഉണര്‍ന്നു. അയല്‍ക്കാര്‍ കിടപ്പുമുറിയുടെ വാതില്‍ ചവിട്ടിതുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാതിലില്‍ അലമാര ചേര്‍ത്തുവച്ചിരുന്നു. തീ പടര്‍ന്ന് വാതില്‍ ഇളകിയതോടെയാണ് അകത്തു കയറാനായത്. രമേശന്റെ മൃതദേഹം ചുവരിനോട് ചേര്‍ന്നും സുലജയുടെയും രേഷ്‌മയുടെയും മൃതദേഹങ്ങള്‍ കട്ടിലിലുമായിരുന്നു.