നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ തല്ലിച്ചതച്ചു; സിഐടിയു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ തല്ലിച്ചതച്ചു; സിഐടിയു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

കൊല്ലം: നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മർദനമേറ്റത്. പതിമൂന്ന് സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെത്തി ഉടമ ഷാനുവുമായി തർക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ പരാതിയിൽ പറയുന്നത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. ഷോപ്പിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷാനിനെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. വ്യക്തിവിരോധമാണ് സംഘം ചേർന്നുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പതിമൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

പ്രണയത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

പ്രണയത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

തിരുവല്ല: പ്രണയം തുടരാൻ താത്പര്യം കാട്ടാതിരുന്ന യുവതിയെ കാർ‌ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കോയിപ്രം സ്വദേശിനിയായ 28-കാരിയെയാണ് വെള്ളിയാഴ്ച വൈകീട്ട് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. തിരുവല്ല കോട്ടത്തോട് മഠത്തിൽപറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടിൽ അക്ഷയ് (25) എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ യുവതി ചികിത്സയിലാണ്. തുകലശ്ശേരി മാക്ഫാസ്റ്റ് കോളേജിന് സമീപമാണ് കൊലപാതകശ്രമം നടന്നത്.

വിഷ്ണുവുമായി രണ്ടു വർഷമായി പ്രണയത്തിലായിരുന്നു യുവതി. മാസങ്ങള്‍ക്ക് മുന്നേ യുവതി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതാണ് യുവതിയെ അപായപ്പെടുത്താന്‍ ഇയാളെ പ്രേരിപ്പിച്ചത്. തുടര്‍ന്നാണ് കാറിടിച്ച് കൊലപ്പെടുത്താനുള്ള ശ്രമം. യുവതിയെ ഇടിച്ചു തെറിപ്പിച്ചതിന് ശേഷം ഇരുവരും വാഹനവുമായി കടന്നു. വിഷ്ണുവാണ് കാറോടിച്ചത്. കൂട്ടുപ്രതിയായ അക്ഷയുടെ പിതാവിന്റെ പേരിലുള്ളതായിരുന്നു വാഹനം. കാറിടിച്ച് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് ക്ഷതമേറ്റു. വലതു കൈയുടെ അസ്ഥിയ്ക്കും പൊട്ടലുണ്ട്.

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളെ ഇന്ന് കൊല്ലും

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളെ ഇന്ന് കൊല്ലും

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാർഡ് രത്‌നാലയത്തിൽ എ ആർ ശിവദാസന്റെ വളർത്തു കോഴികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിൽ നിന്നു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ഇന്ന് കൊല്ലും. മൃഗ സംരക്ഷണ വകുപ്പിന്റെ രണ്ട് റാപ്പിഡ് റെസ്‌പോൺസ് ടീമിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളെയും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

ഷാരോണിനെ ​ഗ്രീഷ്മ കൊന്നത് പത്ത് മാസം നീണ്ട പദ്ധതിക്കൊടുവിൽ;നെയ്യാറ്റിൻകര കോടതിയിൽ വിചാരണ

ഷാരോണിനെ ​ഗ്രീഷ്മ കൊന്നത് പത്ത് മാസം നീണ്ട പദ്ധതിക്കൊടുവിൽ;നെയ്യാറ്റിൻകര കോടതിയിൽ വിചാരണ

തിരുവനന്തപുരം: പത്ത് മാസം നീണ്ട പദ്ധതിക്കു ശേഷമാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കേസിൽ കേരള പൊലീസ് തന്നെയാണ് കുറ്റപത്രം തയ്യാറാക്കുക. നെയ്യാറ്റിൻകര കോടതിയിൽ ഈ മാസം 25ന് മുമ്പ് കുറ്റപത്രം നൽകുമെന്ന് പൊലീസ് പറഞ്ഞു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത്.

നാഗർകോവിലിലെ സൈനികനുമായി ​ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ പ്രണയത്തിൽ നിന്ന് പിന്മാറാതിരുന്നതോടെയാണ് വധിക്കാൻ ശ്രമം തുടങ്ങിയത്. കേസിൽ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്ണയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്. നെയ്യൂർ ക്രിസ്റ്റ്യൻ കോളേജിനോട് ചേർന്നുള്ള ആശുപത്രിയിലെ ശുചിമുറിയിൽ വച്ചാണ് ആദ്യത്തെ വധശ്രമം നടന്നത്. മാങ്ങാ ജ്യൂസിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലർത്തി കുടിക്കാൻ നൽകുകയായിരുന്നു. കയ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. കുഴുത്തുറ പഴയ പാലത്തിൽ വച്ചും ഗുളിക കലർത്തിയ മാങ്ങാ ജ്യൂസ് നൽകി. ഇരു ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകിയത്. ശബ്ദപരിശോധനാ റിപ്പോർട്ട് അടക്കം ശേഖരിച്ച് കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണ സംഘത്തിൻറെ ശ്രമം. സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടറായി കേസിൽ അഡ്വ വിനീത് കുമാറിനെ നിയമിച്ചു.

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര പിടിയിൽ

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര പിടിയിൽ

ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹോദരിയുടെ വീട് ബെംഗളുരുവിലാണ്. നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബെം​ഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ശങ്കർ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്ന് ഡൽഹി പൊലീസ് ബെംഗളൂരുവിൽ ഒരു സംഘത്തെ നിയോ​ഗിച്ചിരുന്നു. ശങ്കർ മിശ്ര ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചതും ഇയാളെ പിടികൂടാൻ പൊലീസിന് സഹായകരമായി.

മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഏറെ വൈകി, ഈ ആഴ്‌ച മാത്രമാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്.

മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പ് നൽകി. പരാതിക്ക് പിന്നാലെ, എയർ ഇന്ത്യ ശങ്കർ മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോ​ഗിക്കുകയും ചെയ്തു.

പാലായില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 14 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

പാലായില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 14 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

കോട്ടയം പാലാ രാമപുരത്തിന്സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 14 പേർക്ക് പരിക്ക്. ഇതിൽ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.വെളളിയാഴ്ച അര്‍ദ്ധരാത്രി ഒന്നിന് ശേഷം തൊടുപുഴ-പാലാ ഹൈവേയിലായിരുന്നു അപകടം. തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്നും ശബരിമലയിലേക്ക് വന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

റോഡിലെ തിട്ടയില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു. ജനല്‍ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചവര്‍ക്കാണ് പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാമപുരം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. പാലാ ഹൈവേ പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.