ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ പാര്‍വ്വതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടില്‍വെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. അഞ്ജുശ്രീ പാര്‍വതിയുടെ നിലമോശമായിരുന്നു. തുടര്‍ന്ന്‌ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോകും. കുടുംബം മേല്‍പ്പറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവിന് 10 വർഷം തടവ്

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവിന് 10 വർഷം തടവ്

സംശയരോഗം കാരണം ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നീർക്കര പ്രക്കാനം വല്യവട്ടം തുണ്ടിയിൽ വീട്ടിൽ ശശീന്ദ്രന്റെ മകൻ രതീഷിനെയാണ് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നാല് ജഡ്ജി പി പി പൂജ 10 വർഷം തടവിനും 5 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2016 ജനുവരി 13 ന് വൈകിട്ട് 6.50 നാണ് സംഭവം. ഓമല്ലൂർ ചന്തയ്ക്ക് സമീപമുള്ള അക്ഷയസെന്ററിൽ ജീവനക്കാരിയായിരുന്ന രഞ്ജുവിന്റെ മുഖത്ത് പ്രക്കാനം ജംഗ്ഷനിൽ വച്ചാണ് ഭർത്താവ് രതീഷ് ആസിഡ് ഒഴിച്ച് പൊള്ളൽ ഏൽപ്പിച്ചത്. ഹോട്ടലിൽ ജോലിക്കാരനായിരുന്ന ഇയാളുടെ സംശയരോഗം കാരണം ഇരുവരും പിണക്കത്തിലായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ, യുവതിയുടെ മുഖത്തേക്ക് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു തുടർ ചികിത്സ. എസ് ഐ സുമിത് ജോസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ ശാസ്ത്രീയ തെളിവുകളും മറ്റും പരിഗണിച്ച് കോടതി ശിക്ഷ വിധിക്കുകയാണുണ്ടായത്.

പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തൃശൂർ മാളയിൽ പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാള അഷ്ടമിച്ചിറ സ്വദേശി സൈഫുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പരിചയക്കാരി കടം വാങ്ങിയ ഒരുലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു ആത്മഹത്യ ശ്രമം.

യുവാവിനെ രക്ഷിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കയ്യൊടിഞ്ഞു. പൊയ്യ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിഷാദിനാണ് പരുക്കേറ്റത്.

ഇലന്തൂർ നരബലി : പദ്‌മ കേസിൽ  കുറ്റപത്രം നാളെ സമർപ്പിക്കും

ഇലന്തൂർ നരബലി : പദ്‌മ കേസിൽ കുറ്റപത്രം നാളെ സമർപ്പിക്കും

കൊച്ചി : ഇലന്തൂർ നരബലി കേസിലെ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും. തമിഴ്നാട് സ്വദേശിനി പദ്‌മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ആദ്യത്തെ കുറ്റപത്രം. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.

മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ഷാഫിയെക്കൂടാതെ പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, തുടങ്ങി നിരവധിക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂർവങ്ങളിൽ അപൂർ‍വമായ കേസാണെന്ന പരാമര്‍ശവും കുറ്റപത്രത്തിലുണ്ട്.

മിസ് കേരള 2022; വിജയ കിരീടം ചൂടി ലിസ് ജയ്മോൻ ജേക്കബ്

മിസ് കേരള 2022; വിജയ കിരീടം ചൂടി ലിസ് ജയ്മോൻ ജേക്കബ്

മിസ് കേരള 2022 ൽ വിജയ കിരീടം ചൂടി ലിസ് ജയ്മോൻ ജേക്കബ്. കേരളത്തിന്‍റെ അഴക് റാണിയാകാനെത്തിയ മത്സരാർഥികളെയെല്ലാം പിന്തള്ളിയാണ് കോട്ടയംകാരി ലിസ് ജയ്മോൻ മിസ് കേരള 2022 നേട്ടം സ്വന്തമാക്കിയത്. ഗുരുവായൂർ സ്വദേശിയായ സംഭവിയാണ് റണ്ണർ അപ്പ്. സെക്കന്റ്‌ റണ്ണറപ്പ്നി സ്ഥാനം നിമ്മി കെ പോൾ നേടി.

കൊച്ചിയിലെ ലെ മെറിഡിയൻ കൺവെൻഷൻ സെൻ്ററിലാണ് ഫൈനൽ മത്സരം അരങ്ങേറിയത്. 24 യുവതികളാണ് അവസാനഘട്ട മത്സരത്തിൽ പങ്കെടുത്തത്. ഒന്നിലധികം റൗണ്ട് സ്ക്രീനിങ്ങുകൾക്കും ഓഡിഷനുകൾക്കും ശേഷമാണ് ഫൈനൽ മത്സരാർഥികളെ തിരഞ്ഞെടുത്തത്.

മകരജ്യോതി കാണാൻ തീർഥാടകർ എത്തുന്നയിടങ്ങളിൽ പ്രത്യേക സുരക്ഷ; രക്ഷാപ്രവർത്തനത്തിനു പരിശീലനം ലഭിച്ച 30 പേരടങ്ങുന്ന സംഘം

മകരജ്യോതി കാണാൻ തീർഥാടകർ എത്തുന്നയിടങ്ങളിൽ പ്രത്യേക സുരക്ഷ; രക്ഷാപ്രവർത്തനത്തിനു പരിശീലനം ലഭിച്ച 30 പേരടങ്ങുന്ന സംഘം

ശബരിമല∙ മകരജ്യോതി ദർശനത്തിനു തീർഥാടകർ കാത്തിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ അഗ്നി രക്ഷാ സേന ഡയറക്ടർ (ടെക്നിക്കൽ) നൗഷാദ് ലാൽ, ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) അരുൺ അൽഫോൺസ്, സിവിൽ ഡിഫൻസ് റിജീയനൽ ഓഫിസർ സിദ്ധകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷ ഓഡിറ്റിൽ തീരുമാനിച്ചു.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അഗ്നി രക്ഷാസേന സുരക്ഷ ഓഡിറ്റ് നടത്തണമെന്നും സുരക്ഷാ വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കണമെന്നും ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ സന്ദർശനം. സന്നിധാനം സ്‌പെഷൽ ഓഫിസർ വി.ആർ. അഭിലാഷിനൊപ്പം ഇവർ വെടിവഴിപാട് നടത്തുന്ന സ്ഥലങ്ങൾ, മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപം കതിന പൊട്ടി അപകടം ഉണ്ടായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഡിജിപി ഡോ. ബി.സന്ധ്യയുടെ മേൽനോട്ടത്തിലാണു മകരവിളക്ക് ക്രമീകരണങ്ങൾ.

മകര ജ്യോതി ദർശനത്തിനു സൗകര്യമുള്ള സന്നിധാനം, അട്ടത്തോട്, പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, സത്രം, കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ സേനാംഗങ്ങളെ നിയോഗിക്കും. മകരവിളക്കു സമയത്ത് ഉണ്ടായേക്കാവുന്ന തിക്കിലും തിരക്കിലും തീർഥാടകർ കുഴഞ്ഞു വീണാൽ ഉടൻ രക്ഷാ പ്രവർത്തനം നടത്താൻ കൂടുതൽ സ്ട്രച്ചറുകൾ എത്തിക്കും. ഇതിനായി പർവതാരോഹണം, ജലദുരന്തം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനു പ്രത്യേക പരിശീലനം ലഭിച്ച 30 പേരടങ്ങുന്ന പ്രത്യേക സംഘത്തെ സന്നിധാനത്തു നിയോഗിക്കും. തീപിടിത്തം ഉണ്ടായാൽ വെള്ളം എടുക്കാനുള്ള ഹൈഡ്രന്റ് ഇല്ലാത്ത ഭാഗങ്ങളിൽ കൊണ്ടു നടക്കാവുന്ന പമ്പുകൾ സ്ഥാപിക്കും.

തീർഥാടകർ താലത്തിൽ കർപ്പൂരം കത്തിച്ചു തിരക്കിനിടയിലൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കും. ഇത് അപകടത്തിന് ഇടയാക്കും.മകര ജ്യോതി കാണാവുന്ന സ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ഈ ദിനങ്ങളിൽ തിരക്കിൽപ്പെട്ടു തീർഥാടകർ കുഴഞ്ഞു വീഴുന്ന സാഹചര്യം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സ്ട്രച്ചറുകൾ എത്തിക്കും. ഡിജിപി ഡോ. ബി.സന്ധ്യയുടെ മേൽനോട്ടത്തിലാണ് മകരവിളക്കിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ നടത്തുക.