ഒരുമിച്ചുള്ള മദ്യപാനം കൊലപാതകത്തിൽ അവസാനിച്ചു ; യുവാവ്  അറസ്റ്റിൽ

ഒരുമിച്ചുള്ള മദ്യപാനം കൊലപാതകത്തിൽ അവസാനിച്ചു ; യുവാവ് അറസ്റ്റിൽ

കംപ്യൂട്ടര്‍ എന്‍ജിനീയര്‍ അരുണ്‍ലാല്‍ വഴിയില്‍ പരിക്കേറ്റുകിടന്നശേഷം ആശുപത്രിയില്‍ മരിയ്ക്കാനിടയായത് സുഹൃത്തിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്ന് തെളിഞ്ഞു. കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരന്‍ ചിറയത്ത് ടിനു(37)വിനെ അറസ്റ്റ് ചെയ്തു. ബാറുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ സഹായിച്ചത്
ഡിസംബര്‍ 26-ന് രാത്രി പത്തരയോടെയാണ് പുറ്റേക്കരയിലെ ഇടവഴിയില്‍ വലിയപുരയ്ക്കല്‍ വീട്ടില്‍ അരുണ്‍ലാലിനെ (36) ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.

പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമെന്ന സൂചനയുണ്ടായിരുന്നു. നഗരത്തിലെ ബാറുകളില്‍നിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ സംഭവദിവസം ഏറെ വൈകിയും അരുണ്‍ലാല്‍ മദ്യപിക്കുന്നത് കണ്ടെത്തിയിരുന്നു. അരുണ്‍ലാലിന്റെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍നിന്നാണ് പ്രതിയിലേക്ക് എത്താനായത്. പതിവായി മദ്യപിക്കുന്നവരായിരുന്നു അരുണ്‍ലാലും ടിനുവുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മദ്യപിച്ചശേഷം റോഡരികില്‍ നില്‍ക്കുകയായിരുന്ന അരുണ്‍ലാലിനെ ടിനു ബൈക്കില്‍ക്കൊണ്ടുപോയി വഴിയിലിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണം.

പേരാമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി. അശോക് കുമാറും സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. പേരാമംഗലം സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രമിന്‍, എ.യു. മനോജ്, ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ.മാരായ പി.കെ. പഴനിസ്വാമി, ടി.വി. ജീവന്‍, എം.എസ്. ലിഗേഷ്, വിപിന്‍ദാസ്, ജെ. ആഷിഷ്, എസ്. ശരത്, എസ്.സുജിത്. എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വിദ്യാർത്ഥികൾക്ക് ആശ്വാസം; ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികൾക്ക് ആശ്വാസം; ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

കലാകായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിച്ചു.
കോവിഡിനെ തുടർന്ന് സ്കൂൾ കലോത്സവവും കായികമേളയും ഉൾപ്പെടെ അക്കാദമികേതര പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു വർഷം മുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഗ്രേസ് മാർക്കും നൽകിയിരുന്നില്ല. ഇത്തവണ മേളകൾ പുനരാരംഭിച്ചിട്ടും പരീക്ഷ വിജ്ഞാപനത്തിൽ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയിരുന്നില്ല.

ഗ്രേസ് മാർക്ക് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് സർക്കാർ തീരുമാനം വന്നത്. കലാ-കായിക മേളകൾക്ക് പുറമെ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവയിലെ മികവിനും ഗ്രേസ് മാർക്ക് നൽകാറുണ്ട്. മുൻകാലങ്ങളിൽ പരീക്ഷ മാർക്കിന് ഒപ്പം ചേർത്ത് നൽകിയിരുന്ന ഗ്രേസ് സർട്ടിഫിക്കറ്റിൽ പ്രത്യേകം ചേർത്ത് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്

ഭാര്യയെ പേടിപ്പിക്കാൻ ട്രെയിനിൽ ബോംബ് ഭീഷണിയുമായി ഭർത്താവ് ; മലയാളി യുവാവ് അറസ്റ്റിൽ

അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കാൻ ഗുരുവായൂർ – ചെന്നൈ എക്സ്പ്രസിനു വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റിൽ. വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു (35) ആണ് അറസ്റ്റിലായത്.ഗുരുവായൂർ എക്‌സ്‌പ്രസിൽ ചെന്നൈയിലേക്കു പോകുകയായിരുന്ന ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ സമ്മതിച്ചു.

26നു രാത്രി ഏഴരയോടെയാണു റെയിൽവേ കൺട്രോൾ റൂമിൽ ഭീഷണി സന്ദേശമെത്തിയത്. തുടർന്നു യാത്രക്കാരെ പുറത്തിറക്കി ട്രെയിനിൽ പരിശോധന നടത്തിയിരുന്നു.

ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ സംരക്ഷണഭിത്തി തകര്‍ന്നു; സ്ത്രീ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ സംരക്ഷണഭിത്തി തകര്‍ന്നു; സ്ത്രീ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ, തിക്കിലും തിരക്കിലും പെട്ട് സ്ത്രീ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചന്ദ്രബാബു നായിഡുവിനെ കാണാന്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയ സമയത്ത് സംരക്ഷണഭിത്തി തകര്‍ന്ന് കാനയില്‍ വീണാണ് ആളപായം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ നഗരത്തില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. പരിപാടിയില്‍ പങ്കെടുക്കാന്‍ തെലുങ്കുദേശം പാര്‍ട്ടി നേതാവായ ചന്ദ്രബാബു നായിഡു എത്തിയ സമയത്ത്, അദ്ദേഹത്തെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയ നേരത്താണ് അപകടം ഉണ്ടായത്. സിമന്റിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് ആളുകള്‍ കാനയില്‍ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് ചന്ദ്രബാബു നായിഡു പരിപാടി റദ്ദാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം ചന്ദ്രബാബു നായിഡു നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ശബരിമലയിലെ ഭക്തജനങ്ങളിൽ 160 പേർക്ക് ഹൃദയാഘാതം; 24 പേർ മരണമടഞ്ഞു

പത്തനംതിട്ട: മണ്ഡല കാലത്ത് ശബരിമല ദര്‍ശനത്തിന് എത്തിയ 160 പേര്‍ക്കു ഹൃദയാഘാതമുണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. തീര്‍ഥാടനക്കാലത്ത് ഇതുവരെ നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടെ 26 പേര്‍ മരിച്ചു. ഇതില്‍ 24 മരണവും ഹൃദയാഘാതം മൂലമായിരുന്നു. ഹൃദയാഘാതമുണ്ടായ 136 പേരെ അടയന്തര ചികിത്സ നല്‍കി രക്ഷിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലക്കല്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളിലായി ഇതുവരെ 1,20,878 പേര്‍ ചികിത്സ തേടി. സന്നിധാനം ആശുപത്രിയില്‍ 47294 പേരും പമ്പയിലെ ആശുപത്രിയില്‍ 18888 പേരുമാണ് വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്. ഗുരുതര ആരോഗ്യപ്രശ്‌നം ബാധിച്ച 930 പേരെ പ്രാഥമിക ചികിത്സ നല്‍കി. മറ്റ് ആശുപത്രികളിലേക്ക് സുരക്ഷിതമായി മാറ്റി.

ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംവിധാനം വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
പമ്പ, സാന്നിധാനം എന്നിവിടങ്ങളിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് പുറമെ നീലിമലയിലും അപ്പാച്ചിമേട്ടിലും കാര്‍ഡിയോളജി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാമി അയ്യപ്പന്‍ റോഡിലെ ചരല്‍മേട്ടില്‍ ഡിസ്‌പെന്‍സറിയും പ്രധാന കേന്ദ്രങ്ങളില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്. കരിമലയിലും ഡിസ്‌പെന്‍സറി സജ്ജമാക്കുന്നുണ്ട്. നിലക്കല്‍ ആശുപത്രി ബേസ് ക്യാമ്പാക്കുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡ് ആരംഭിക്കുകയും ചെയ്തു.

വിവിധയിടങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും ആംബുലന്‍സ് സേവനവും സജീവമാണ്. സന്നിധാനം വരെ പതിനഞ്ചും എരുമേലി വഴിയുള്ള പരമ്പരാഗത പാതയില്‍ നാലും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുണ്ടെന്ന് ശബരിമല ആരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. ഇ. പ്രശോഭ് അറിയിച്ചു.

മോക്ക്ഡ്രില്ലിനിടെ അപകടം: ഒഴുക്കില്‍പ്പെട്ട്  ഒരാൾ മരിച്ചു

മോക്ക്ഡ്രില്ലിനിടെ അപകടം: ഒഴുക്കില്‍പ്പെട്ട് ഒരാൾ മരിച്ചു

പത്തനംതിട്ട: കേരളത്തിലെ പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെ ഒരാള്‍ അപകടത്തില്‍ മരിച്ചു. നാട്ടുകാരനായ പാലത്തിങ്കല്‍ ബിനു ആണ് മരിച്ചത്.
പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാരായ ബിനു അടക്കം നാലുപേര്‍ മോക്ക് ഡ്രില്ലിന്റെ ഭാഗമായി വെള്ളത്തില്‍ ചാടുകയായിരുന്നു.

ഒഴുക്കില്‍പ്പെട്ട ബിനുവിനെ ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രളയദുരന്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 70 താലൂക്കുകളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദേശപ്രകാരം, സാങ്കല്‍പ്പിക അപകട സാഹചര്യത്തെ സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്‌.