by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്തെ അറുപതോളം പിഎഫ്‌ഐ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ റെയ്ഡ് നടക്കുന്നത് എറണാകുളം റൂറലിലാണ്. 12 ഇടത്താണ് പരിശോധന നടക്കുന്നത്.
സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. പിഎഫ്‌ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് റെയ്ഡ്. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും റെയ്ഡിനായി എത്തിയിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കല്‍, നെടുമങ്ങാട്. പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് പരിശോധന. പത്തനംതിട്ടയില്‍ പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം നിസാറിന്റെ വീട്ടിലും പരിശോധന നടക്കുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പിഎഫ്‌ഐ നേതാവ് സുനീര്‍ മൗലവിയുടെ വീട്ടിലും പരിശോധന നടത്തുന്നു.
by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: പോക്‌സോ കേസില്‍ പുരോഹിതന് ഏഴുവര്‍ഷം കഠിനതടവ്. ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പോക്‌സോ നിയമ പ്രകാരമാണ് പ്രതിയായ വികാരിക്കെതിരെ തൃശൂര്‍ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഇതോടൊപ്പം തന്നെ 50,000 രൂപ പിഴയും ഒടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെ (49വയസ്സ്)യാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.

by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മാർച്ച് മുതൽ പിഎസ്‍സി സേവനങ്ങൾക്കുള്ള അപേക്ഷ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ മാത്രമാക്കും. ഉത്തരക്കടലാസ് പുനഃപരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കൽ, പരീക്ഷ, അഭിമുഖം, പ്രമാണപരിശോധന എന്നിവയുടെ തീയതി മാറ്റൽ, വിദ്യാഭ്യാസയോഗ്യത കൂട്ടിച്ചേർക്കൽ, സ്ക്രൈബിന് വേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനയ്ക്കുള്ള ഫീസ് അടയ്ക്കൽ, ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതി എന്നീ അപേക്ഷകളാണ് പ്രൊഫൈലിലൂടെയാക്കിയത്. നിലവിൽ തപാൽ, ഇ മെയിൽ വഴിയാണ് ഇവയ്‌ക്ക് അപേക്ഷിക്കേണ്ടത്. പുതിയ സംവിധാനത്തോടെ നടപടിയിലെ കാലതാമസം ഒഴിവാകും.
അപേക്ഷയുടെ തൽസ്ഥിതിയും പ്രൊഫൈലിലൂടെ അറിയാം. പ്രൊഫൈൽ വഴി ഓൺലൈനായി പണം അടയ്ക്കാനുമാകും. മാർച്ച് ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽവരുമെന്ന് പിഎസ്‍സി അറിയിച്ചു. ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നിർമിത ബുദ്ധി ഉപയോഗിക്കാനും പിഎസ്‍സി കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍ ട്രെന്‍ഡുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. മുന്‍പ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം സംഭവിച്ച് 30-35 ദിവസം കഴിഞ്ഞ് ഇന്ത്യയില്‍ തരംഗം സംഭവിക്കുന്നതാണ് കണ്ടുവന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ ജനുവരി പകുതിയോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അത്തരത്തില്‍ തരംഗം ഉണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. മരണവും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെയും എണ്ണം വളരെ കുറവായിരിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയ യാത്രക്കാരില്‍ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ വിദേശത്ത് നിന്ന് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 6000 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സന്ദര്‍ശിക്കും.
by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കാര്‍ഷിക വിപണിയില്‍ താരമായി ചക്ക ലേലത്തില്‍ പോയത് 1010 രൂപയ്ക്ക്. ആവശ്യക്കാര്‍ ഏറിയതോടെയാണ് കൂത്താട്ടുകുളത്ത് ലേലം മുറുകിയത്. ഒടുവില്‍ കിഴക്കേക്കൂറ്റ് വീട്ടില്‍ ചാക്കോച്ചന്‍ 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കുകയായിരുന്നു.
1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തില്‍ പോയി. ചൊവ്വാഴ്കളിലാണു കാര്‍ഷിക വിളകളുടെ ലേലം നടക്കുക. വളര്‍ത്തു മൃഗങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ എന്തും ഇവിടെ ലേലത്തില്‍ വയ്ക്കാം. കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സൊസൈറ്റിയാണ് ലേല വിപണി ആരംഭിച്ചത്. 2009ലാണ് ഇതിന് തുടക്കമായത്.

by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോടതി അപ്പീൽ വിധി ഇല്ലാതെ മൊത്തം 14000 പേർ കലോത്സവത്തിൽ പങ്കെടുക്കും.

സംസ്കൃതോത്സവം, അറബിക് കലോസവവും ഇതോടൊപ്പം നടക്കും. എ ഗ്രേഡ്കാർക്ക് 1000 രൂപ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകും. അടുത്ത തവണ തുക വര്‍ധിപ്പിക്കും. ജനുവരി 2 ന് രജിസ്ട്രേഷൻ തുടങ്ങും. മോഡൽ സ്കൂളാണ് രജിസ്ടേഷൻ കേന്ദ്രം. ഓരോ ജില്ലക്കും ഓരോ കൗണ്ടർ ഒരുക്കും. കലാകാരൻമാർക്ക് യാത്രാ സൗകര്യത്തിനായി 30 കലോത്സവ വണ്ടിയും സജീകരിക്കും. എല്ലാ ഒരുക്കങ്ങളും നാളെ വൈകിട്ടോടെ പൂർത്തിയാകും.മത്സര വേദികളിൽ റൂട്ട് മാപ്പ് പ്രദർശിപ്പിക്കും.
ഭക്ഷണശാല മലബാർ ക്രിസ്ത്യൻ കോളേജിലാണ് സജീകരിച്ചിട്ടുളളത്. ഒരു സമയം 2000 പേർക്ക് കഴിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. 17000 പേർ ഭക്ഷണത്തിന് ഉണ്ടാകും. മത്സര ഫലങ്ങൾ വേദിക്ക് അരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഉണ്ടാകും.കേരളത്തിന് അകത്തും പുറത്തുമുള്ള കുറ്റമറ്റ വിധി കർത്താക്കളായിരിക്കും മത്സരം വിലയിരുത്തുക. പരാതികൾ സ്വാഭാവികമായും ഉണ്ടാകാം. എല്ലാ മത്സരങ്ങളുടേയും വീഡിയോ റെക്കോർഡിങ്ങ് ഉണ്ടാകും. അപ്പീൽ വന്നാൽ സ്വീകരിക്കും. കുട്ടികൾ മത്സരിക്കട്ടെ രക്ഷിതാക്കളും അധ്യാപകരും മത്സരിക്കാതിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
Recent Comments