വിസ്‌ഡം ‘സർഗ്ഗസംഗമം’ നടന്നു

വിസ്‌ഡം ‘സർഗ്ഗസംഗമം’ നടന്നു

പെരുമാതുറ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ വിഭാഗമായ വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ്ന്റെ കീഴിൽ പെരുമാതുറ മാടൻവിളയിൽ പ്രവർത്തിക്കുന്ന ‘അന്നൂർ സലഫി മദ്രസ്സ’ യിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ‘സർഗ്ഗസംഗമം 2022’ എന്ന പേരിൽ നടന്നു.

മാടൻവിള സലഫി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സാബു കമറുദ്ധീൻ അധ്യക്ഷനായി. മദ്രസ്സാ അധ്യാപിക ഷബീല ടീച്ചർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ഷഹീർ സലിം, മാടൻവിള സലഫി മസ്ജിദ് ഇമാം നിസാമുദ്ധീൻ മൗലവി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മസ്ജിദ് സെക്രട്ടറി ഫസിൽ നിജാബ് സ്വാഗതവും സഫീന ടീച്ചർ നന്ദിയും പറഞ്ഞു. നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗശേഷി കൊണ്ട് മാറ്റുരച്ച മത്സരയിനങ്ങളിൽ ഇഹ്സാന ഇർഷാദ് ഓവറോൾ കിരീടം നേടി.വിജയികൾക്കുള്ള സമ്മാന വിതരണം വാർഡ് മെമ്പർ നിർവഹിച്ചു.

ഇന്ന് മണ്ഡലപൂജ; നടവരവ് 222 കോടി കടന്നു; ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനം

ശബരിമല: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ഉച്ചയ്ക്ക് 12.30നും ഒരുമണിക്കും ഇടയിൽ ഉള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. രാത്രി ഹരിവരാസനം പാടി നടയടക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയ്ക്ക് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും. അതേസമയം, ശബരിമലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനമാണ് ഇത്തവണ ലഭിച്ചത്. 222.98 കോടി രൂപയാണ് നടവരുമാനമായി ലഭിച്ചത്. ഇതിനുമുമ്പത്തെ ഏറ്റവും വലിയ വരുമാനം ലഭിച്ചത് 2017ലായിരുന്നു. അന്ന് 164 കോടിയായിരുന്നു വരുമാനം.

ആസ്പയർ -യങ്  സ്റ്റുഡന്റ് സയന്റിസ്റ് പ്രോഗ്രാം -2022 സംഘടിപ്പിച്ചു

ആസ്പയർ -യങ് സ്റ്റുഡന്റ് സയന്റിസ്റ് പ്രോഗ്രാം -2022 സംഘടിപ്പിച്ചു

സ്കൂൾ വിദ്യാർത്ഥികളിലെ ശാസ്ത്ര അഭിരുചി കണ്ടെത്തുക എന്ന ഉദ്ദേശ്യം മുന്നിൽ നിർത്തി രാജധാനി ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻസ് ഒരുക്കുന്ന അഞ്ചു ദിവസം നീളുന്ന തികച്ചും സൗജന്യമായ പരിശീലന കളരിയാണ് ആസ്പയർ. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്കൂൾതലത്തിൽ നടക്കുന്ന ഈ പരിശീലന പരിപാടിയിൽ വിജയികളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്.

ആസ്പയർ 2022 വിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് മേധാവി ഡോ. അജിത് പ്രഭു 26/12/2022 വിന് നിർവഹിച്ചു. കോളേജ് ചെയർമാൻ ഡോ. ബിജു രമേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ അജയ് കൃഷ്ണൻ പ്രകാശ്, മേഘ രമേശ്‌, പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു, ഡോ. നളന്ത്, ഡോ ജുബി, പ്രൊഫ. നന്ദു എന്നിവർ പങ്കെടുത്തു. വിവിധ സ്കൂളിൽ നിന്നായി 168 കുട്ടികൾ അഞ്ചു ദിവസം നീളുന്ന ഈ റെസിഡന്ഷ്യൽ പ്രോഗ്രാമിൽ പങ്കെടുക്കുന്നു.

ശിവഗിരി തീർത്ഥാടനം: 29 മുതല്‍ വര്‍ക്കലയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ശിവഗിരി തീർത്ഥാടനം: 29 മുതല്‍ വര്‍ക്കലയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച്‌ ശിവഗിരിയിലും പരിസരത്തുമായി വനിത പൊലീസ്, ഷാഡോ, മഫ്തി എന്നിങ്ങനെ ആയിരത്തോളം പൊലീസുകാരെ വിന്യസിക്കുമെന്നും 29 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വര്‍ക്കല ഡിവൈഎസ്‌പി പി നിയാസ് അറിയിച്ചു.

29 മുതല്‍ ജനുവരി ഒന്നുവരെ ശിവഗിരി മഠം ജങ്‌ഷനില്‍ നിന്നും ഗുരുകുലം ജങ്‌ഷനില്‍ നിന്നും ശിവഗിരിയിലേക്ക് പാസുള്ള വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ. കല്ലമ്പലത്തു നിന്ന് വരുന്ന തീര്‍ഥാടന വാഹനങ്ങള്‍ നരിക്കല്ലുമുക്ക്, പാലച്ചിറയില്‍നിന്ന്‌ തിരിഞ്ഞ് വട്ടപ്ലാമൂട് ജങ്‌ഷനില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങള്‍ ശിവഗിരി ഹൈസ്കൂള്‍, നഴ്സിങ്‌ കോളേജ്, കോളേജ് ഓഫ് അഡ്വാന്‍സ്‌ സ്റ്റഡീസ് ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ എസ് എന്‍ സെന്‍ട്രല്‍ സ്കൂള്‍, എസ് എന്‍ കോളേജ് എന്നീ ഗ്രൗണ്ടുകളിലും നിര്‍ത്തിയിടണം.

അഞ്ചുതെങ്ങ്,- കടയ്ക്കാവൂര്‍ ഭാഗത്തുനിന്നും വരുന്നവര്‍ മരക്കടമുക്ക്, പാലച്ചിറ വഴി ഗുരുകുലം ജങ്‌ഷനിലും കൊല്ലം ഭാഗത്തുനിന്നും പാരിപ്പള്ളി വഴിയും കാപ്പില്‍ വഴിയും വരുന്ന വാഹനങ്ങള്‍ അയിരൂര്‍, നടയറ വഴി എസ് എന്‍ കോളേജ് ജങ്‌ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിശ്‌ചിത സ്ഥലങ്ങളില്‍ നിര്‍ത്തിയിടണം. വര്‍ക്കല മൈതാനത്ത് എത്തുന്ന വാഹനങ്ങള്‍ ആളെ ഇറക്കിയശേഷം ചെറിയ വാഹനങ്ങള്‍ മൈതാനം ധന്യ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലും പെരുംകുളം പാര്‍ക്കിങ്‌ ഏരിയയിലും വലിയ വാഹനങ്ങള്‍ വര്‍ക്കല സ്വകാര്യബസ് സ്റ്റാന്‍ഡ്‌ ഗ്രൗണ്ടിലും നിര്‍ത്തിയിടണം. സ്റ്റാര്‍ തിയറ്റര്‍ ഭാഗത്തുനിന്നും ഗുഡ് ഷെഡ്‌ റോഡ്‌ വഴി വാഹനങ്ങള്‍ കടത്തി വിടില്ല.

ഗുരുകുലം ജങ്‌ഷന്‍ മുതല്‍ ശിവഗിരി ആല്‍ത്തറമൂട് വരെയും മഠം ജംഗ്ഷൻ മുതല്‍ ശിവഗിരി ആല്‍ത്തറമൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും പാര്‍ക്കിങ്‌ അനുവദിക്കില്ല. വഴിയോര കച്ചവടം, ഭിക്ഷാടനം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്‌.

കോവിഡ് കേസുകളുടെ വർധന; രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ

കോവിഡ് കേസുകളുടെ വർധന; രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ

ഡൽഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ സംഘടിപ്പിയ്ക്കും. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രിൽ സംഘടിപ്പിയ്ക്കുന്നത്. കൊവിഡ് കേസുകൾ വർധിച്ചാൽ സാഹചര്യത്തെ നേരിടാൻ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുകയാണ് മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം.

ജില്ലാ കലക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കണം ആരോഗ്യവകുപ്പ് മോക്ഡ്രിൽ നടത്തുക. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് വിശദമായ നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്ന് നടക്കുന്ന മോക്ക് ഡ്രിൽ കിടക്കകളുടെ ലഭ്യത, മനുഷ്യവിഭവശേഷി, ലോജിസ്റ്റിക്‌സ്, മെഡിക്കൽ ഓക്‌സിജൻ വിതരണ ശൃംഖല എന്നിവയുടെ കണക്കെടുക്കുന്നതിനും ഈ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ്. കൊവിഡ് സാഹചര്യം നേരിടാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ, കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയ ഉറപ്പാക്കാനും മോക്ക് ഡ്രിൽ ലക്ഷ്യമിടുന്നു. ജില്ല തിരിച്ചുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങൾ ഇതിലൂടെ ഉറപ്പുവരുത്തും. മോക്ക് ഡ്രില്ലിന് ശേഷം ഇന്ന് വൈകീട്ട് തന്നെ മോക്ക് ഡ്രിൽ ഫലം എല്ലാ സംസ്ഥാനങ്ങളും അപ്ലോഡ് ചെയ്യും.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മെഴുകിതിരി കത്തിച്ചതായി പരാതി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മെഴുകിതിരി കത്തിച്ചതായി പരാതി

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ സംവിധാനം മറികടന്ന് മെഴുകിതിരി കത്തിച്ചതായി പരാതി. സംഭവം വലിയ വിവാ​ദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അമ്പലത്തിൽ മെഴുകുതിരി കത്തിച്ച സംഭവം ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച ആണെന്നാണ് ആരോപണം. തുലാഭാരമണ്ഡപത്തിൽ ദർശനത്തിനെത്തിയവരിൽ ചിലർ മെഴുകുതിരി കത്തിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.