കരാട്ടെ ജില്ലാ മത്സരത്തിൽ തിളങ്ങി ആറ്റിങ്ങൽ കരാട്ടെ ടീം അംഗമായ അലീന അസീം

കരാട്ടെ ജില്ലാ മത്സരത്തിൽ തിളങ്ങി ആറ്റിങ്ങൽ കരാട്ടെ ടീം അംഗമായ അലീന അസീം

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന കേരള കരാട്ടെ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ മത്സരത്തിൽ 2 സ്വർണ്ണവും 1 വെള്ളിയും നേടി അലീന അസീം. തോട്ടയ്ക്കാട് കെ ടി സി ടി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും ആറ്റിങ്ങൽ കരാട്ടെ ടീം അംഗവുമാണ്. വടകോട്ട് കാവ് എയ്ഞ്ചലീനയിൽ അസീം ലിജ ദമ്പതികളുടെ മകളാണ്.

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ കുതിച്ചുചാട്ടം നടത്തിയ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒൻപത് മാസത്തിന് ശേഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4990 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 30 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 4125 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു.

സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത. തുടര്‍ന്ന് ശ്രീലങ്കന്‍ തീരത്തേയ്ക്ക് നീങ്ങിയേക്കും. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നേരിയ മഴയുണ്ടാകും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.

ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്ന്; ഡേറ്റ വീണ്ടെടുത്തു

ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്ന്; ഡേറ്റ വീണ്ടെടുത്തു

ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹാക്ക് ചെയ്ത സെര്‍വറുകളില്‍ നിന്ന് ഡേറ്റ വീണ്ടെടുത്തു. ചൈനയില്‍ നിന്നാണ് ഹാക്ക് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങള്‍ വ്യക്തമാക്കി. ആകെയുണ്ടായിരുന്ന നൂറു സെര്‍വറുകളില്‍ 5 എണ്ണമാണ് ഹാക്ക് ചെയ്യപ്പെട്ടത്. നവംബര്‍ 23ന് ആയിരുന്നു ഹാക്കിങ് നടന്നത്. ഹാക്കിങ്ങിനെ തുടര്‍ന്ന് ഒരാഴചയോളം എയിംസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. സൈബര്‍ വീഴ്ച റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ, രണ്ട് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ എയിംസ് സസ്‌പെന്റ് ചെയ്തിരുന്നു.

ഡല്‍ഹി ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അപ്പോയ്‌മെന്റ്, ബില്ലിങ്, റിപ്പോര്‍ട്ട് സിസ്റ്റങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും ജഡ്ജിമാരും അടക്കം ചികിത്സ തേടുന്ന ഡല്‍ഹി എയിംസിലെ സൈബര്‍ സുരക്ഷാ വീഴ്ചയ്ക്ക് എതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

സെര്‍വര്‍ ഹാക്ക് ചെയ്തതിന് പിന്നാലെ, ആശുപത്രിയിലെ ഡേറ്റ ശേഖരണം മാനുവല്‍ ആക്കിയിരുന്നു. ഹാക്ക് ചെയ്ത സെര്‍വറുകള്‍ തിരികെപ്പിടിച്ചെങ്കിലും ഉടനടി തന്നെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.

തലയില്‍ തേങ്ങ വീണ് യുവാവ് മരിച്ചു

തലയില്‍ തേങ്ങ വീണ് യുവാവ് മരിച്ചു

കോഴിക്കോട്: അത്തോളിയില്‍ തലയില്‍ തേങ്ങ വീണ് യുവാവ് മരിച്ചു. പുനത്തില്‍ മുനീര്‍ ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മരണം.

ഡിഎംകെയുടെ പുതിയ മുഖം; ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡിഎംകെയുടെ പുതിയ മുഖം; ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡിഎംകെയുടെ യുവജനവിഭാഗം സെക്രട്ടറിയാണ് നാല്‍പ്പത്തിയഞ്ചുകാരനായ ഉദയനിധി സ്റ്റാലിന്‍. ചലച്ചിത്ര നിര്‍മാതാവും നടനുമാണ്. കനിമൊഴി എംപി ഉള്‍പ്പെടെ പ്രമുഖ ഡിഎംകെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഭരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ അപ്രതീക്ഷിതമായാണ്, ഉദയനിധിയുടെ മന്ത്രിസഭാ പ്രവേശം.

ഇതോടെ പിന്‍ഗാമിയെയാണ് സ്റ്റാലിന്‍ വാഴിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഡിഎംകെയുടെ പുതിയ മുഖമായി ഉദയനിധിയെ ഉയര്‍ത്തിക്കാട്ടുകയാണു സ്റ്റാലിന്റെ ലക്ഷ്യമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.