സ്വകാര്യ ബാങ്കില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍

സ്വകാര്യ ബാങ്കില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍

കൊല്ലം: പ്രമുഖ സ്വകാര്യ ബാങ്കിലെ അകൗണ്ടില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. പാരിപ്പള്ളി മുക്കട ചേരിയില്‍ ഫിറോസ് ഹൗസില്‍ ബദറുദ്ദീന്‍ മകന്‍ ഹഫീസ്(36) ആണ് ഗള്‍ഫില്‍ നിന്നും തിരികെ നാട്ടില്‍ എത്തിയപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്. ശക്തികുളങ്ങരയിലെ പ്രമുഖ സ്വകാര്യ ബാങ്കില്‍ നിന്നും 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സ്ഥിരനിക്ഷേപം നടത്തിയിരുന്ന പതിനൊന്ന് അകൗണ്ടുകളില്‍ നിന്നാണ് തിരിമറി നടത്തി പണം അപഹരിച്ചത്. ഈ കാലയളവിലെ ശക്തികുളങ്ങര ശാഖയിലെ ബാങ്ക് മാനേജര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

ഈ കേസ്സിലെ അഞ്ചാം പ്രതിയായ തിരുവനന്തപുരം വെമ്പായം കൊഞ്ചിറ പോക്കുന്നില്‍ സജീബ് മന്‍സിലില്‍ അലി അക്ബര്‍ മകന്‍ സാജിദിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പുതുതായി ബാങ്കില്‍ നിയമിതനായ മാനേജര്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വ്യാപ്തി തിരിച്ചറിയുന്നത്.

സ്വകാര്യ ബാങ്കിന്‍റെ ശക്തികുളങ്ങര ശാഖയില്‍ സ്ഥിരനിക്ഷേപമുണ്ടായിരുന്ന പതിനൊന്ന് അകൗണ്ടില്‍ നിന്നായി രണ്ട് കോടിയോളം രൂപ ഉടമകള്‍ അറിയാതെ ഓവര്‍ ഡ്രാഫ്റ്റായി പ്രതികള്‍ വ്യാജമായി നിര്‍മ്മിച്ച ഐ.ടി കമ്പനിയുടെ പേരിലുള്ള ബാങ്ക് അകൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഈ പണം അഞ്ചുപേരും ചേര്‍ന്ന് വീതിച്ചെടുക്കുകയും ചെയ്തു. ഇതുവഴി രണ്ട് കോടി പന്ത്രണ്ട് ലക്ഷത്തില്‍ പരം രൂപയുടെ(2,12,39,329/-) ബാധ്യതയാണ് ഇവര്‍ ബാങ്കിന് വരുത്തിയത്. ഇവര്‍ പണമിടപാട് നടത്തിയ ഐടി കമ്പനി വ്യാജമായി നിര്‍മ്മിച്ചതാണെന്നും തട്ടിപ്പില്‍ ബാങ്ക് മാനേജര്‍ക്ക് സഹായം നല്‍കിയ നാലുപേര്‍ കൂടി ഉണ്ടെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും അഞ്ചാം പ്രതിയെ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നുള്ളു.

തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ ഉല്‍പ്പെടെ ബാക്കിയുള്ളവര്‍ വിദേശരാജ്യത്തേയ്ക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയായ ഹഫീസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടാനായത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വയ്ക്കുകയും ശക്തികുളങ്ങര പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യ്തു. തുടര്‍ന്ന് ഇയാളെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ ബാക്കി പ്രതികളെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് കൊല്ലം സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു.

കൊല്ലം എ.സി.പി അഭിലാഷ്. എ യുടെ മേല്‍നോട്ടത്തില്‍ നിലവില്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറുടെ ചാര്‍ജ്ജ് വഹിക്കുന്ന അഞ്ചാലൂംമൂട് ഇന്‍സ്പെക്ടര്‍ ധര്‍മജിത്തിന്‍റെ നേതൃത്വത്തില്‍ എഎസ്ഐമാരായ രാജേഷ്, അനില്‍കുമാര്‍, ബാബുക്കുട്ടന്‍, സി.പി.ഒമാരായ ഹാരോണ്‍, ശ്രീകാന്ത്, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

മാധ്വ തുളു ബ്രാഹ്മണ സമാജം ആറ്റിങ്ങൽ യൂണിറ്റ് ഒമ്പതാം വാർഷിക സമ്മേളനം നടന്നു

മാധ്വ തുളു ബ്രാഹ്മണ സമാജം ആറ്റിങ്ങൽ യൂണിറ്റ് ഒമ്പതാം വാർഷിക സമ്മേളനം നടന്നു

മാധ്വ തുളു ബ്രാഹ്മണ സമാജം ആറ്റിങ്ങൽ യൂണിറ്റ് ഒമ്പതാം വാർഷിക സമ്മേളനം മുഖ്യ രക്ഷാധികാരി ജെ. ശ്രീനിവാസൻപോറ്റി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ് സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ കേന്ദ്രഘടകമായ ഉടുപ്പി മാധ്വ ബ്രാഹ്മണ സഭയുടെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജി സ്വയംപ്രഭാദേവിയെ ജെ ശ്രീനിവാസൻപോറ്റി പൊന്നാടയണിയിച്ച് ആദരിച്ചു.

പ്രസിഡന്റായി എസ് സന്തോഷ്‌കുമാറിനെയും, വൈസ് പ്രസിഡന്റായി എസ് ജയശങ്കറിനെയും, സെക്രട്ടറിയായി ആർ രമേഷിനെയും, ഖജാൻജിയായി വി. ആർ അനന്തരാമനേയും, എസ് രാജൻബാബുവിനെ ജോയിന്റ് സെക്രട്ടറിയായും പുതിയ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്ക് ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

വാലംചേരിയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

വാലംചേരിയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

വാലംചേരി ഐരുമൂല ഏലായിലെ നീർചാലിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണയംകോട് സ്വദേശി ശശി (60) യെയാണ് മരിച്ച നിലയിൽ നീർചാലിൽ കണ്ടെത്തിയത്. തുടർ നടപടികൾക്ക് ശേഷം പോലീസ് കേസ് എടുത്തു.

ഒൻപത് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് നടത്തി ഗവർണർ; വിശദമായ റിപ്പോര്‍ട്ട് രാജ്ഭവൻ ഹൈക്കോടതിയ്ക്ക് കൈമാറും

ഒൻപത് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് നടത്തി ഗവർണർ; വിശദമായ റിപ്പോര്‍ട്ട് രാജ്ഭവൻ ഹൈക്കോടതിയ്ക്ക് കൈമാറും

തിരുവനന്തപുരം: രാജി വയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകിയ വൈസ് ചാൻസര്‍മാരുടെ ഹിയറിംഗ് നടത്തി ഗവര്‍ണര്‍. നോട്ടീസ് നൽകിയ ഒന്പതുപേരിൽ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂര്‍, എംജി സര്‍വകലാശാലാ വിസിമാര്‍ എത്തിയില്ല. കേരള മുൻ വി.സി. വിപി മഹാദേവൻ പിള്ള, ഡിജിറ്റൽ സര്‍വ്വകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ സര്‍വകലാശാലാ വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ.മധു എന്നിവരാണ് നേരിട്ടെത്തിയത്.

എം.ജി വിസി ഡോ.സാബു തോമസ് വിദേശ സന്ദര്‍ശനത്തിലായതിനാലാണ് ഹാജരാകാതിരുന്നത്. അടുത്തമാസം മൂന്നിന് എംജി വിസിയ്ക്കായി പ്രത്യേക ഹിയറിംഗ് നടത്തും. മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്. ഹിയറിംഗിന് ശേഷം വിശദമായ റിപ്പോര്‍ട്ട് രാജ്ഭവൻ ഹൈക്കോടതിയ്ക്ക് കൈമാറും. കോടതി വിധിയ്ക്ക് ശേഷം മതി തുടര്‍ നടപടിയെന്നാണ് ഗവര്‍ണറുടെ തീരുമാനം.

ജില്ലാ കേരളോത്സവത്തിനു സമാപനം; നെടുമങ്ങാട് ബ്ലോക്ക് ചാമ്പ്യന്മാർ

ജില്ലാ കേരളോത്സവത്തിനു സമാപനം; നെടുമങ്ങാട് ബ്ലോക്ക് ചാമ്പ്യന്മാർ

നാലുനാൾ മലയിൻകീഴിനെ ആഘോഷത്തിമിർപ്പിലാക്കിയ ജില്ലാ കേരളോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മത്സരാർത്ഥികളുടെ പങ്കാളിത്തം വർധിപ്പിക്കാനുതകുന്ന വിധത്തിൽ വരും വർഷങ്ങളിൽ കേരളോത്സവത്തിൽ സമൂലമായമാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഐ. ബി.സതീഷ് എം. എൽ.എ അധ്യക്ഷനായി. 282 പോയിന്റോടെ നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് ചാമ്പ്യൻമാരായി. നേമം ബ്ലോക്ക്‌ ഓഫീസിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്രയിൽ വിദ്യാർഥികൾ, യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്രാ വിഭാഗത്തിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം മലയിൻകീഴ് ഗ്രാമപഞ്ചായത്തിനും മൂന്നാം സ്ഥാനം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു.

മലയിന്‍കീഴ് ഗവ.ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലയിന്‍കീഴ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറിയത്. ജില്ലയിലെ 11 ബ്ലോക്ക്‌ പഞ്ചായത്തുകളിലെയും നാല് മുനിസിപ്പാലിറ്റികളിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും കലാ- കായിക പ്രതിഭകളാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരച്ചത്.

ഇന്ത്യൻ സിനിമ സൂപ്പർസ്റ്റാർ രജനികാന്തിന് ഇന്ന് 72ാം പിറന്നാൾ

ഇന്ത്യൻ സിനിമ സൂപ്പർസ്റ്റാർ രജനികാന്തിന് ഇന്ന് 72ാം പിറന്നാൾ

ഇന്ത്യൻ സിനിമ സൂപ്പർസ്റ്റാർ രജനികാന്തിന് ഇന്ന് 72ാം പിറന്നാൾ. താരത്തിന് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്. പിറന്നാൾ ആശംസകൾ തലൈവർ എന്ന് നടനും മരുമകനുമായ ധനുഷ് കുറിച്ചു. പിറന്നാൾ ആശംസകൾ സൂപ്പർസ്റ്റാർ രജനികാന്ത് സാർ! നിങ്ങൾ ബെസ്റ്റ് ആണ്, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരൂ’ എന്നാണ് ദുൽഖർ ട്വീറ്റ് ചെയ്തത്.

ഇക്കുറി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി വൈദ്യപരിശോധനയും രക്തദാനക്യാമ്പുകളും സംഘടിപ്പിക്കും. കൂടാതെ ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിൽവച്ച് ആരാധകരുമായി കൂടിക്കാഴ്ച നടത്തും.1975 ൽ പുറത്തിറങ്ങിയ അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനി വെളളിത്തിരയിൽ എത്തിയത്. തുടക്കത്തിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ പിന്നീട് ഇന്ത്യൻ സിനിമയുടെ പ്രധാന മുഖമായി മാറുകയായിരുന്നു. 72ാം വയസിലും സിനിമയിൽ സജീവമാണ് രജനികാന്ത്. നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം.