പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു

പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു

പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമൺ.
കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിൽ ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം.

റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ സൈമൺ മരിച്ചു. ഒരു കിലോമീറ്ററിലധികം കടന്നുപോയ കാർ പിന്നീട് സ്ഥലത്തെത്തി.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോത്തൻകോട് പോലീസ് കേസെടുത്തു.

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ബുക്കിംഗ് കുറച്ചു; നടപടികൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമല: സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു. ഇന്ന് 89,850 തീർഥാടകരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ വിവിധയിടങ്ങളിൽ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. പൂജാ സമയത്ത് ക്ഷേത്രത്തിനകത്ത് തീർഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം. അഷ്ടാഭിഷേകം ഓൺലൈൻ വഴി ബുക്ക് ചെയ്തവ‍ക്ക് മാത്രമായിരിക്കും. സന്നിധാനത്തെ തിരക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ എസ്പി ഇന്നലെ വൈകിട്ട് ചുമതലയേറ്റിരുന്നു ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

ഇന്നലെ സർക്കാർ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യം ജില്ലാ കലക്ടർ ഇന്ന് കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കാനെടുത്തിട്ടുള്ള നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദേശിച്ചിരുന്നു. നിലക്കലെ പാർക്കിങ് ഗ്രൗണ്ടിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്ത പക്ഷം കരാറുകാരനെ പുറത്താക്കാനാണ് കോടതിയുടെ നിർദേശം

ശിവഗിരി തീര്‍ഥാടനം 30 മുതല്‍; ചെമ്പഴന്തി ഗുരുകുലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

ശിവഗിരി തീര്‍ഥാടനം 30 മുതല്‍; ചെമ്പഴന്തി ഗുരുകുലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

തൊണ്ണൂറാമത് ശിവഗിരി തീര്‍ഥാടനത്തോട് അനുബന്ധിച്ച്‌ ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍.
30,31, ജനുവരി ഒന്ന് എന്നീ തീയതികളില്‍ നടക്കുന്ന തീര്‍ഥാടനം പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. തീര്‍ഥാടനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ നേതൃതത്തില്‍ യോഗം ചേര്‍ന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ തോതില്‍ തീര്‍ഥാടകര്‍ ഇത്തവണ എത്താന്‍ സാധ്യതയുള്ളതിനാല്‍, അത് മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി. ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷയ് ക്കും പോലീസ് പ്രത്യേക പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. തീര്‍ഥാടന ദിവസങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനായി എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും. തിരക്ക് കണക്കിലെടുത്ത് ഉത്സവദിവസങ്ങളില്‍ കെഎസ്‌ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും.

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും. റോഡുകളുടെ അറ്റകുറ്റപ്പണിയും കേടായ തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതും അടിയന്തരമായി പൂര്‍ത്തിയാക്കും. ഉത്സവപ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തും.
ഗതാഗതം തടസപ്പെടുത്തിയുള്ള വഴിയോര കച്ചവടത്തിനു നിരോധനം ഏര്‍പ്പെടുത്തും. തീര്‍ഥാടകരെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ചെമ്പഴന്തി എസ്‌എന്‍ കോളജ് ഗ്രൗണ്ടില്‍ സൗകര്യമൊരുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ വികസന ഫോട്ടോ പ്രദര്‍ശനം, പ്രസിദ്ധീകരണങ്ങളുടെ സൗജന്യ വിതരണം എന്നിവയുമൊരുക്കും. ചെമ്പഴന്തി ഗുരുകുലത്തില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍, ചെമ്പഴന്തി ഗുരുകുലം മഠാതിപധി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ പങ്കെടുത്തു.

യുവ ശാസ്ത്രജ്ഞനുളള അവാർഡ് അജിൻ ശേഖറിന്

യുവ ശാസ്ത്രജ്ഞനുളള അവാർഡ് അജിൻ ശേഖറിന്

സൊസൈറ്റി ഫോർ സയൻസ് ഒഫ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്റ് സസ്റ്റൈനബിൾ എൻവയോൺമെന്റ്ന്റെ ഈ വർഷത്തെ യുവ ശാസ്ത്രജ്ഞനുള്ള പുരസ്കാരം ചിറയിൻകീഴ് സ്വദേശിയായ അജിൻ ശേഖറിന്. മധ്യപ്രദേശിലെ ജബൽപൂർ ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ അജിൻ ശേഖറിന് ഝാൻസിയിൽ നടന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു. പടനിലം തേജസിൽ റിട്ട. കെഎസ്എഫ്ഇ മാനേജർ ജെ.സോമശേഖരന്റേയും അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അധ്യാപികയായ ലീന ശ്രീനിവാസന്റേയും മകനാണ് അജിൻ ശേഖർ.

എൻ എൻ എസ് കരയോഗം വാർഷിക സമ്മേളനം നടന്നു

എൻ എൻ എസ് കരയോഗം വാർഷിക സമ്മേളനം നടന്നു

ആറ്റിങ്ങൽ പർവ്വതീപുരം വിഘ്‌നേശ്വര എൻ എൻ എസ് കരയോഗത്തിന്റെ എട്ടാം വാർഷിക സമ്മേളനം പർവ്വതിപുരം ഗ്രാമം ഭജനമഠം ഹാളിൽ വച്ച് നടന്നു. ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. മധുസൂദനൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. കരയോഗം അടുത്തിടെ വാങ്ങിയ വസ്തുവിന്റെ ആധാരം കരയോഗം പ്രസിഡന്റ് ടി ആർ ബാബുചന്ദ്രന് അഡ്വ. മധുസൂദനൻ പിള്ള കൈമാറി.

താലൂക് യൂണിയൻ സെക്രട്ടറി ജി. അശോക് കുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത ചടങ്ങിൽ താലൂക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ. സി. എസ്. ഷൈജുമോൻ, താലൂക്ക്‌ യൂണിയൻ വനിതാ സമാജം പ്രസിഡന്റ് വി. ടി. സുഷമാദേവി, അഡ്വ. എം. പി. ജയചന്ദ്രൻ നായർ, കരയോഗം സെക്രട്ടറി പി. എസ്. രാജൻ എന്നിവർ പ്രസംഗിച്ചു. മറ്റു കരായോഗം ഭാരവാഹികളും ഭൂരിപക്ഷം കരയോഗ അംഗങ്ങളും സമ്മേളത്തിൽ പങ്കെടുത്തു.

ഐ. എൻ. റ്റി. യു. സി വക്കം – കടയ്ക്കാവൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

വക്കം: വക്കം റൂറൽ ഹെൽത്ത്‌ ട്രെയിനിങ് സെന്ററിലെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ് ക്കും എതിരെ ഐ. എൻ. റ്റി. യു. സി വക്കം – കടയ്ക്കാവൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധാർണ്ണയും നടന്നു. ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത്‌ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മണനാക്കു ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു. യു. പ്രകാശ്‌, കടയ്ക്കാവൂർ അശോകൻ, എസ്. ശ്രീരംഗൻ, സലിം പാണന്റെ മുക്ക്, വക്കം സുധ, കെ. രാധാകൃഷ്ണൻ, അൻസർ പെരുംകുളം, ശാസ്താവട്ടം രാജേന്ദ്രൻ, നാസറുദീൻ, പ്രസന്ന, വക്കം സുദേവൻ, എസ്. ആർ രാജു, സുരാജ്, രാജീവ് എന്നിവർ സംസാരിച്ചു.