ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു

ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു

ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറിയും, മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ ഹരിപ്പാട് കവലയ്ക്ക് തെക്ക് എലുവക്കുളങ്ങര ജങ്ഷന് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
ശ്രീദേവി രാജൻ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ചിങ്ങോലി സ്വദേശിനിയാണ്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

വോട്ടര്‍ പട്ടിക പുതുക്കൽ; സമയപരിധി ഡിസംബർ 18 വരെ നീട്ടി

വോട്ടര്‍ പട്ടിക പുതുക്കൽ; സമയപരിധി ഡിസംബർ 18 വരെ നീട്ടി

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18-ാം തീയതി വരെ നീട്ടി. 08.12.2022 ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് നീട്ടിയത്. മുഖ്യ തിര‍ഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗൾ വിളിച്ചു ചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സമയപരിധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

അര്‍ഹരായ മുഴുവന്‍ ആളുകളെയും ചേര്‍ക്കുന്നതിനും മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ച് പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍‍ അഭ്യര്‍ത്ഥിച്ചു. അവകാശങ്ങളും ആക്ഷേപങ്ങളും സംബന്ധിച്ച് തീരുമാനമെടുത്ത് അന്തിമ വോട്ടര്‍ പട്ടിക 05.01.2023ന് പ്രസിദ്ധീകരിക്കും.

മാൻദൗസ് ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി കേരളത്തിലൂടെ അറബിക്കടലിൽ എത്താൻ സാധ്യത

മാൻദൗസ് ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി കേരളത്തിലൂടെ അറബിക്കടലിൽ എത്താൻ സാധ്യത

ചെന്നൈ: മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലി പുരത്തിനടുത്ത് കര തൊട്ടു. ചെന്നൈ അടക്കം തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ പരക്കെ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. കാറ്റിന്റെ ശക്തി കുറഞ്ഞ് 65 കിലോമീറ്റർ വേഗതയിലാണ് വീശുന്നത്. വടക്ക് പടിഞ്ഞാറൻ ദിശയിലാണ് കാറ്റിൻറെ സഞ്ചാരം.

വൈകീട്ടോടെ ന്യൂനമർദ്ദമായി ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കൽപേട്ട്, തിരുവെള്ളൂർ, കടലൂർ, വിഴുപ്പുറം, റാണിപ്പേട്ട് തുടങ്ങിയ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിട്ടുണ്ട്. പുതുച്ചേരി മുതൽ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.

കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു

കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു

മധ്യപ്രദേശിലെ ബെതുലിൽ കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു. കഴിഞ്ഞ നാല് ദിവസമായി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇന്ന് പുലർച്ചെയോടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബെതുലിലെ മണ്ടവി ​ഗ്രാമത്തിലുള്ള തൻമയ് സാഹു എന്ന കുട്ടിയാണ് കുഴൽക്കിണറിൽ വീണത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടി 400 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. 55 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. ‌ഒരു സ്വകാര്യ കൃഷി സ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് അപകടം.

മണ്ണ് നീക്കാനുള്ള യന്ത്രങ്ങൾ അപകട സ്ഥലത്ത് എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിക്ക് ഓക്‌സിജൻ നൽകാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ ടീം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു. ബെതുലിലെ നാനാക് ചൗഹാൻ എന്നയാളുടെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ രണ്ട് വർഷം മുമ്പാണ് കുഴൽക്കിണർ നിർമിച്ചത്. വെള്ളം ലഭിക്കാതെ വന്നതോടെ ഇത് പിന്നീട് ഇരുമ്പു പാളി കൊണ്ട് മൂടിയതായാണ് സ്ഥലം ഉടമയുടെ വാദം. ഇരുമ്പു പാളി കുട്ടി എങ്ങനെ നീക്കം ചെയ്തതായി അറിയില്ലെന്നും ചൗഹാൻ പറഞ്ഞിരുന്നു.

കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിര്‍ബന്ധമായും നികുതി അടയ്ക്കണമെന്നു ഗതാഗത വകുപ്പ്

കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിര്‍ബന്ധമായും നികുതി അടയ്ക്കണമെന്നു ഗതാഗത വകുപ്പ്

കൊച്ചി: ദീര്‍ഘ കാലത്തേക്കായി കേരളത്തിലെത്തുന്ന മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിശ്ചിത നികുതി നിര്‍ബന്ധമായും അടയ്ക്കണമെന്ന് ഗതാഗത വകുപ്പ്. ഒരു മാസത്തിലധികവും ഒരു വര്‍ഷത്തില്‍ താഴെയും കേരളത്തില്‍ തങ്ങുന്ന മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിശ്ചിത നികുതിയുടെ പതിനഞ്ചില്‍ ഒരു ശതമാനമാണ് നികുതി ഇനത്തില്‍ അടയ്‌ക്കേണ്ടത്. ഒരു വര്‍ഷത്തിലധികം കാലം കേരളത്തിലുപയോഗിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ വാഹനത്തിന്റെ പഴക്കത്തിന് അനുസൃതമായി മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിശ്ചിത നികുതിയും അടയ്ക്കണം.

വിദേശത്തു നിന്നും താത്കാലിക ഉപയോഗത്തിനായി കേരളത്തിലെത്തുന്ന വാഹനങ്ങള്‍ 2014 ലെ ധനകാര്യ ചട്ടങ്ങള്‍ക്കനുസൃതമായുള്ള ഹ്രസ്വകാല നികുതി നിര്‍ബന്ധമായി അടയ്ക്കണമെന്ന് റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി. അനന്തകൃഷ്ണന്‍ അറിയിച്ചു. ഒരു മാസത്തേക്ക് പതിനായിരം രൂപയും തുടര്‍ന്ന് കേരളത്തില്‍ നില്‍ക്കുന്ന ഓരോ മാസത്തേക്കും അയ്യായിരം രൂപയുമാണ് നികുതി ഇനത്തില്‍ അടയ്‌ക്കേണ്ടത്. പരമാവധി ആറ് മാസം വരെയാണ് ഇത്തരത്തില്‍ ഹ്രസ്വകാല നികുതി അടയ്ക്കാന്‍ സാധിക്കുക.

നെതർലൻഡ്സിനെ തകർത്ത് അർജന്റീന സെമിയിൽ; ഷൂട്ടൗട്ടിൽ ഹീറോയായി എമിലിയാനോ

നെതർലൻഡ്സിനെ തകർത്ത് അർജന്റീന സെമിയിൽ; ഷൂട്ടൗട്ടിൽ ഹീറോയായി എമിലിയാനോ

ഖത്തര്‍ ലോകകപ്പിന്റെ ക്വാർട്ടർ മത്സരത്തിൽ നെതർലൻഡ്സിനെ വീഴ്ത്തി അർജന്റീന സെമിയിൽ. രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പിച്ച് കൊണ്ടാണ് മെസ്സിയും കൂട്ടരും സെമിയിലേക്ക് കടന്നത്. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ഷൂട്ടൗട്ടിൽ ​ഗോൾ അടിച്ചു. എന്നാൽ എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തുപോയി. നെതർലൻഡ്സ് ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരുടെ കിക്കുകൾ തടഞ്ഞ അര്‍ജന്‍റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി.

ഇരു ടീമും 120 മിനിറ്റുകളിലും രണ്ട് വീതം ഗോളടിച്ച് സമനിലയിൽ എത്തിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അതിന് മുമ്പ് ഒരു ഗോളും അസിസ്റ്റുമായി മെസി അര്‍ജന്‍റീനക്കായും ഇരട്ട ഗോളുമായി വൗട്ട് നെതര്‍ലന്‍ഡ്‌സിനായും തിളങ്ങി. ആദ്യ മിനിറ്റുകളിൽ നതർലൻഡ്സ് മുന്നിട്ട് നിന്നിരുന്നു. ആദ്യപകുതിയിൽ നഹുവേൽ മൊളീന നേടിയ ഗോളാണ് അർജന്റീനയ്ക്ക് കരുത്തായത്. മെസ്സിയുടെ പാസിൽ നിന്നാണ് മൊളീന ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 35–ാം മിനിറ്റിലായിരുന്നു മൊളീനയുടെ ഗോൾ. ഡിസംബർ 13ന് നടക്കുന്ന സെമിഫൈനലിൽ ക്രൊയേഷ്യയുമായാണ് അർജന്റീനയുടെ പോരാട്ടം. ആദ്യ ക്വാർട്ടറിൽ ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.