ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി; ബ്രസീല്‍ പരിശീലകസ്ഥാനമൊഴിഞ്ഞ് ടിറ്റെ

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി; ബ്രസീല്‍ പരിശീലകസ്ഥാനമൊഴിഞ്ഞ് ടിറ്റെ

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെ. 2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. 2019-ല്‍ ടിറ്റെയുടെ കീഴില്‍ ബ്രസീല്‍ കോപ്പ അമേരിക്ക ജേതാക്കളായിരുന്നു. 2020ലെ കോപ്പയില്‍ ചിരവൈരികളായ അര്‍ജന്റീനയോടും ടിറ്റെയുടെ ബ്രസീല്‍ ഫൈനലില്‍ തോറ്റിരുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്ന് താന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നാണ് രാജി തീരുമാനത്തെ കുറിച്ച് ടിറ്റെ പ്രതികരിച്ചത്.

2018 റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടും ബ്രസീല്‍ തോറ്റിരുന്നു. ഇത്തവണ കപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്നില്‍ നിന്ന ശേഷമാണ് ബ്രസീല്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായത്. അധികസമയത്ത് ആദ്യം മുന്നിലെത്തിയ ബ്രസീല്‍ പിന്നീട് സമനില ഗോള്‍ വഴങ്ങുകയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയുമായിരുന്നു.

‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിൻ സംഘടിപ്പിച്ചു

‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിൻ സംഘടിപ്പിച്ചു

കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ജില്ല കിളിമാനൂർ അഡീഷണൽ ഐ സി ഡി എസ് പ്രൊജക്റ്റും സി എച്ച് എം എം കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് ചാവർകോട് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കല്ലമ്പലം ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സാബു അധ്യക്ഷത വഹിച്ചു.

കിളിമാനൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് സിഡിപി ഒ ഷജില ബീവി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി ഉദ്ഘാടനം നിർവഹിക്കുകയും ആഗോളതലത്തിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾക്കും അക്രമങ്ങൾക്കും എതിരെ ജാഗ്രതയോടെ അണിനിരക്കണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. കിളിമാനൂർ ബ്ലോക്ക് മെമ്പർ ജിഹാദ്, കല്ലമ്പലം പോലീസ് സ്റ്റേഷൻ എസ് ഐ സുധീഷ് എസ് എൽ, എസ് എച്ച് ഒ ജയൻ ,സി എച്ച് എം എം കോളേജ് സോഷ്യൽ വർക്ക് എച്ച് ഒ ഡി റീന എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ സ്ത്രീകൾക്ക് സഹായകമാകുന്ന കേരള പോലീസിന്റെ നിർഭയം മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബി എസ് ഡബ്ലിയു വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിഷയങ്ങൾ സംബന്ധിച്ച സ്കിറ്റ് അവതരണവും നടത്തി. കരവാരം ഗ്രാമപഞ്ചായത്ത് ഐസിഡി എസ് സൂപ്പർവൈസർ ബേബി സജിനി നന്ദി അറിയിച്ചു.

രാജ്യത്ത് ഇനി ഒറ്റചാർജർ; നടപ്പാക്കുന്നത് പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചു കേന്ദ്രസർക്കാർ

രാജ്യത്ത് ഇനി ഒറ്റചാർജർ; നടപ്പാക്കുന്നത് പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചു കേന്ദ്രസർക്കാർ

ഡൽഹി: ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് രാജ്യത്ത് ഒരേതരം ചാർജർ പരിഗണനയിൽ. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഒരു രാജ്യം ഒരു ചാർജർ നടപ്പാക്കുന്നത് പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചു. കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ ഇതുസംബന്ധിച്ച് ബിനോയ് വിശ്വത്തെ രേഖാമൂലം അറിയിച്ചു. ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതികവിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ സമിതിയിലുണ്ട്.

മൊബൈൽ ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്ബി ടൈപ്പ് സി ചാർജർ യൂറോപ്യൻ യൂണിയൻ നിർബന്ധമാക്കിയിട്ടുണ്ട്. 2024 അവസാനത്തോടെ ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ പൂർണ്ണമായും യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുകളിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ അടുത്ത വർഷം ഇറങ്ങുന്ന ഐഫോണുകളിൽ സിടൈപ്പ് ചാർജിങ് പോർട്ടൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ.

ADVERTISEMENT

ബാറ്ററി ലൈഫ് കൂട്ടാം, മെമ്മറി യൂസേജ് കുറയ്ക്കാം; പുതിയ ഗൂഗിള്‍ ക്രോം അപ്‌ഡേഷനുകള്‍

ബാറ്ററി ലൈഫ് കൂട്ടാം, മെമ്മറി യൂസേജ് കുറയ്ക്കാം; പുതിയ ഗൂഗിള്‍ ക്രോം അപ്‌ഡേഷനുകള്‍

മെമ്മറിയും എനര്‍ജിയും സേവ് ചെയ്യുന്നതിന് പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ഐടി കമ്പനി ഗൂഗിള്‍. വെബ് ബ്രൗസറായ ക്രോമിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനിലാണ് പുതിയ മാറ്റം. ക്രോമിന്റെ മെമ്മറി യൂസേജ് കുറയ്ക്കുന്നതിനും കൂടുതല്‍ സമയം ബാറ്ററി ലൈഫും കിട്ടുന്നതിനും സഹായകമായ പരിഷ്‌കാരമാണ് ഗൂഗിള്‍ വരുത്തിയത്. മെമ്മറി യൂസേജ് 30 ശതമാനം വരെ കുറയ്ക്കാന്‍ പുതിയ അപ്‌ഡേറ്റ് വഴി സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യൂസേജ് കുറച്ച് മെമ്മറി കൂടുതല്‍ ഫ്രീയാക്കാന്‍ സഹായിക്കുന്നതാണ് പുതിയ അപ്‌ഡേഷന്‍.

ബാറ്ററി ലോ ആണെങ്കിലും കൂടുതല്‍ സമയം സിസ്റ്റം ഉപയോഗിക്കാന്‍ സഹായിക്കുന്ന തരത്തില്‍ ബാറ്ററി ലൈഫ് നീട്ടുന്ന സാങ്കേതികവിദ്യയാണ് മറ്റൊന്ന്. ഇനാക്ടീവ് ടാബുകള്‍ ഒഴിവാക്കി കൊണ്ടാണ് മെമ്മറി സേവിങ് മോഡ് പ്രവര്‍ത്തിക്കുക. ഉപയോക്താവിന്റെ ആവശ്യാനുസരണം മെമ്മറി സേവിങ്ങില്‍ നിന്ന് ചില പ്രധാനപ്പെട്ട വെബ്‌സൈറ്റുകളെ ഒഴിവാക്കാനും സാധിക്കും. അതായത് മെമ്മറി സേവിങ്ങിന്റെ ഭാഗമായി ക്രോം ഒഴിവാക്കുന്ന ടാബുകളില്‍ നിന്ന് തെരഞ്ഞെടുത്ത വെബ്‌സൈറ്റുകളെ മാറ്റിനിര്‍ത്താന്‍ സാധിക്കുമെന്ന് അര്‍ത്ഥം.

ക്രോമില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തിന് ഇനി 20 ശതമാനം പവര്‍ മാത്രമേ ഉള്ളൂവെങ്കില്‍ എനര്‍ജി സേവര്‍ മോഡ് പരമാവധി ബാറ്ററി ലൈഫ് നല്‍കും. ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റിയും വിഷ്യല്‍ എഫക്ട്‌സും കുറച്ചാണ് ഇത് സാധ്യമാക്കുന്നത്. ക്രോമിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷന്റെ പുതിയ അപ്‌ഡേറ്റിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്.

കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണം കണ്ടെടുത്തു; സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്‍റെ പങ്ക് ആവർത്തിച്ച് ഇഡി

കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണം കണ്ടെടുത്തു; സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്‍റെ പങ്ക് ആവർത്തിച്ച് ഇഡി

മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതെന്ന് ഇഡി. അബൂബക്കർ പഴേടത്ത് എന്നയാളുടെ 4 ജ്വല്ലറികളിലും വീട്ടിലുമായാണ് ഇഡിറെയ്ഡ് നടത്തിയത്. അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.രഹസ്യ അറയിൽ നിന്ന് സ്വർണ്ണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. വാർത്താ കുറിപ്പിൽ സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്‍റെ പങ്ക് ഇഡി ആവര്‍ത്തിച്ച് പറയുന്നു. അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. രഹസ്വ അറയിൽ നിന്ന് സ്വർണ്ണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവം; ‘കൊട്ടും വരയും’ പരിപാടി സംഘടിപ്പിക്കുന്നു

സംസ്ഥാന സ്കൂൾ കലോത്സവം; ‘കൊട്ടും വരയും’ പരിപാടി സംഘടിപ്പിക്കുന്നു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കൊട്ടും വരയും ” പരിപാടി സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 10) വൈകിട്ട് 5.30 ന് 61 പ്രാവുകളെ പറത്തി കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് ബീച്ചിൽ പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അറുപത്തിയൊന്നാം സ്കൂൾ കലോത്സവത്തിന്‍റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ 61 വിദ്യാർത്ഥികൾ ബലൂണുകളുമായി അണിനിരക്കും.

പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. കെ എം സച്ചിൻ ദേവ് എം എൽ എ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവരുള്‍പ്പടെയുള്ള 61 ജനപ്രതിനിധികൾ ചടങ്ങിന്‍റെ ഭാഗമാകും. ചിത്രകാരന്മാരും വിദ്യാർത്ഥികളും പങ്കാളികളാകുന്ന പരിപാടിയിൽ ഓപ്പൺ ക്യാൻവാസ് തയ്യാറാക്കുന്നതിനൊപ്പം കലാമണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളും അരങ്ങേറും. വിവിധ സബ് കമ്മിറ്റി ഭാരവാഹികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് കൺവീനർ പി.എം. മുഹമ്മദലി, ജോ. കൺവീനർ കെ.കെ. ശ്രീഷു എന്നിവർ അറിയിച്ചു.

2023 ജനുവരി 3 മുതല്‍ ഏഴുവരെയാണ് ഈ വിദ്യാഭ്യാസ കലണ്ടറിലെ സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക. വിക്രം മൈതാനിയാണ് പ്രധാന വേദി. വിവിധ സ്കൂളില്‍ നിന്നായി 14,000 കുട്ടികള്‍ ഈ കലാകായിക മാമാങ്കത്തില്‍ പങ്കെടുക്കും. 1956 -ല്‍ ആരംഭിച്ച സ്കൂള്‍ കലോത്സവത്തിന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയെന്ന് വിശേഷണം കൂടിയുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കലാപ്രകടനങ്ങള്‍ക്കെത്തുന്നതെന്ന പ്രത്യേകയുമുണ്ട്. അവസാനമായി നടന്ന 60 -മത് സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കിയത് പാലക്കാട് ജില്ലയായിരുന്നു.